കൈരളി ചാനലിൽ എം.എ.ബേബിയുടെ റോൾ എന്തെന്ന് തനിക്കറിയില്ലെന്ന് ചാനലിന്റെ ചെയർമാനായ നടൻ മമ്മൂട്ടി പറഞ്ഞു. ചാനലിന്റെ ഇപ്പോഴത്തെ കാര്യങ്ങൾ നോക്കി നടത്തുന്നത് താനാണെന്നും മമ്മൂട്ടി വ്യക്തമാക്കി. കൈരളിയുടെ ചുമതല എം.എ.ബേബിയെ ഏൽപ്പിച്ചിരിക്കുകയാണെന്ന സി.പി.എം സംസ്ഥാന കമ്മറ്റിയുടെ തീരുമാനത്തെക്കുറിച്ച് പ്രതികരിക്കുകയായിരുന്നു മമ്മൂട്ടി. മാർക്സിസ്‌റ്റുകാർക്ക് കൈരളിയിൽ നിക്ഷേപമുണ്ടെങ്കിലും സി.പി.എമ്മിന് കൈരളിയിൽ ഒന്നിമില്ലെന്നും മമ്മൂട്ടി പറഞ്ഞു.
മറുപുറംഃ ‘മാത’യുടെ ദേശാഭിമാനിയിൽ ബി.ജെ.പി ഗവൺമെന്റിന്റെ പരസ്യം വന്നതുപോലെയായല്ലോ ഇത്. സിനിമാക്കാരെ തുഞ്ചത്തിരുത്തി ഊഞ്ഞാലാട്ടിയാൽ ഇതാകും ഗതി. നല്ല ഒത്ത മുതലാളിമാരുടെ കാശ് കൈരളിയിൽ കിടക്കുന്നതുകൊണ്ട് ബേബിയേയും ഒരു കൊച്ചു മുതലാളിയായി കണ്ടാൽ മതി മമ്മൂട്ടി.
എങ്കിലും ചില്ലറ ഓഹരിയുളള പാർട്ടിക്കാരുടെ കാര്യമാണ് കഷ്‌ടം…. നമ്മുടെ സ്വന്തം ചാനലിന്റെ മതിലും ചാരിനിന്നവൻ കൊണ്ടുപോകുമോ എന്നാണാശങ്ക. ഒന്നും പറ്റിയില്ലെങ്കിൽ മമ്മൂട്ടിയെതന്നെ നമുക്ക് പാർട്ടി സംസ്ഥാന സെക്രട്ടറിയാക്കാം. ഒരു വെടിക്ക് അഞ്ചാറ് പക്ഷി. ചാനൽ പാർട്ടിയുടേത് തന്നെയെന്ന് വന്നോളും.
Generated from archived content: news2_aug18_05.html