യേശുദാസിനെ ഗുരുവായൂരിൽ പ്രവേശിപ്പിക്കാൻ മന്ത്രി സുധാകരന്റെ കത്ത്‌

ഗാനഗന്ധർവ്വൻ കെ. ജെ. യേശുദാസിന്‌ ഗുരുവായൂർ ക്ഷേത്രത്തിൽ പ്രവേശിക്കാൻ അവസരമൊരുക്കണമെന്ന്‌ ആവശ്യപ്പെട്ട്‌ ദേവസ്വം മന്ത്രി ജി. സുധാകരൻ ദേവസ്വം ബോർഡിന്‌ കത്തയച്ചു. ഇക്കാര്യത്തിൽ കെ. ജെ. യേശുദാസ്‌ യാതൊരു നിർദ്ദേശവും വച്ചിട്ടില്ലെന്ന്‌ സുധാകരൻ കത്തിൽ വ്യക്തമാക്കിയിട്ടുണ്ട്‌. ദേവസ്വം മാനേജ്‌മെന്റ്‌ കമ്മറ്റിയുടെ അടുത്ത യോഗത്തിൽ മന്ത്രിയുടെ കത്ത്‌ വിശദമായി ചർച്ച ചെയ്യുമെന്ന്‌ കമ്മിറ്റി ചെയർമാൻ തോട്ടത്തിൽ രവീന്ദ്രൻ പറഞ്ഞു.

മറുപുറം

ഇത്‌ യേശുദാസിനെ കുഴിയിൽ ചാടിക്കാനുള്ള പരിപാടിയാണോ സുധാകരൻ മന്ത്രി? യേശുദാസ്‌ നല്ലൊരു പാട്ടുകാരനാണെന്നു കരുതി അങ്ങേർക്കു മാത്രം ഗുരുവായൂരിൽ നെറ്റിപ്പട്ടം കെട്ടിക്കുന്നത്‌ ശരിയല്ല. ഇതൊരു എട്ടാം ക്ലാസുകാരന്റെ ആവേശം പോലെയാണ്‌. യേശുദാസിനു മാത്രമല്ല കാഞ്ഞിരപ്പള്ളിക്കാരൻ റപ്പായിമാപ്ലയ്‌ക്കും ഗുരുവായൂരിൽ കയറാൻ അനുവാദം കൊടുക്കണമെന്നു പറയണം. ഇനി ആരു കയറിയാലും പുണ്യാഹം തളിച്ച്‌ മറ്റെവന്മാർ ക്ഷേത്രം ശുദ്ധീകരിക്കും.

‘സർവ്വേശ്വരൻ’ എന്ന പ്രയോഗം എല്ലാ ക്ഷേത്രത്തിലും കയറാനുള്ള വഴിയല്ല. എല്ലാ പള്ളിയിലും കയറിയിരുന്ന്‌ പാടുന്നത്‌ ഒരു നല്ല വിശ്വാസിയുടെ ലക്ഷണമല്ല. പക്ഷെ അത്‌ നല്ല ബുദ്ധിമാനായ പാട്ടുകാരന്റെ ലക്ഷണമാണ്‌. അതുകൊണ്ട്‌ യേശുദാസും റപ്പായിമാപ്ലയും ഒരുമിച്ച്‌ ഗുരുവായൂർ ദർശനം നടത്തട്ടെ… വിരോധമില്ലെങ്കിൽ ഒരു മമ്മദിനേയും കൂട്ടാം… എങ്കിലും സുധാകരന്റെ നല്ല മനസിനു ആശംസകൾ…

Generated from archived content: news2_apr18_07.html

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here