കോൺഗ്രസ് വിട്ട് കെ.കരുണാകരനൊപ്പം ഡി.ഐ.സിയിലേക്ക് പോയ തന്റെ മകൻ സക്കീർ ഹുസൈനെ കോൺഗ്രസിലേക്ക് തിരിച്ചെടുത്താൽ മരണംവരെ ഉപവസിക്കുമെന്ന് മുൻമന്ത്രിയും കോൺഗ്രസ് നേതാവുമായ ടി.എച്ച്.മുസ്തഫ കെ.പി.സി.സിയെയും ഹൈക്കമാന്റിനെയും അറിയിച്ചു. മുസ്തഫയുടെ പ്രസ്താവനയെക്കുറിച്ച് പ്രതികരിക്കുന്നില്ലെന്ന് കെ.പി.സി.സി പ്രസിഡന്റ് രമേശ് ചെന്നിത്തലയും ബാപ്പയുടെ നിലപാടിന് മറുപടി പറയാൻ താത്‌പര്യമില്ലെന്ന് മകൻ സക്കീർ ഹുസൈനും പ്രതികരിച്ചു.
മറുപുറംഃ കരുണാകരനെന്ന അച്ഛൻ സ്വന്തം മകനെ ഒരു കരയ്‌ക്കടുപ്പിക്കാൻ തറവാടും ബന്ധുജനത്തെയും ഉപേക്ഷിച്ച് ഏതാണ്ട് ഒരു പരുവമായി കഴിയുമ്പോൾ ഇവിടെ സ്വന്തം മകനെ ഒരു ബാപ്പ തിളച്ച എണ്ണയിലിട്ട് വറുത്തെടുക്കാൻ വെമ്പി നിൽക്കുന്നു. ഒരു താരതമ്യപഠനത്തിനും അതുവഴി ഒരു ഡോക്‌ടറേറ്റിനും സാധ്യതയുളള വിഷയമാണിത്.
ഏതായാലും സക്കീർ ഹുസൈൻ പിതൃഭക്തി കൂടിയ മകനായതിനാൽ കോൺഗ്രസിൽ തീർച്ചയായും ചേരും. ബാപ്പയാണേൽ ഉപവാസം തുടങ്ങുകയും ചെയ്യും. അതോടെ പൊണ്ണത്തടിയും കൊളസ്‌ട്രോളും, പഞ്ചസാരയും ബിപിയും കുറയും. ദീർഘായുസാകും. പിന്നെ മരണംവരെ എന്നൊക്കെ പറയുന്നത് ഒരു മുസ്തഫപേച്ചല്ലേ…
Generated from archived content: news1_sept28_06.html