ശ്രീരാമൻ – വിവാദ സത്യവാങ്ങ്‌മൂലം സർക്കാർ തിരുത്തുന്നു.

രാമസേതു പ്രശ്നത്തിൽ സുപ്രീംകോടതിയിൽ സമർപ്പിച്ച സത്യവാങ്ങ്‌മൂലത്തിലെ ശ്രീരാമൻ ജീവിച്ചിരുന്നതിന്‌ തെളിവില്ല എന്ന വിവാദ പരാമർശം തിരുത്താൻ കേന്ദ്രഗവൺമെന്റ്‌ തീരുമാനിച്ചു. രാമസേതു ശ്രീരാമൻ നിർമ്മിച്ചതാണെന്ന അവകാശവാദം തെറ്റാണെന്നും ഗവൺമെന്റിനുവേണ്ടി ആർക്കിയോളജിക്കൽ സർവേ ഓഫ്‌ ഇന്ത്യ സമർപ്പിച്ച സത്യവാങ്ങ്‌മൂലത്തിൽ പറഞ്ഞിരുന്നു. ഇത്‌ മതനിന്ദയാണെന്നും ന്യൂനപക്ഷ പ്രീണനത്തിനുള്ള തന്ത്രമാണെന്നും ആരോപിച്ചിട്ട്‌ ഹിന്ദുസംഘടനകളും ബി.ജെ.പിയും രംഗത്ത്‌ വന്നിരുന്നു. ബി.ജെ.പി ഇത്‌ രാഷ്ര്ടീയ ആയുധമാക്കുമെന്ന്‌ തിരിച്ചറിഞ്ഞതോടെയാണ്‌ കേന്ദ്രസർക്കാർ സത്യവാങ്ങ്‌മൂലം തിരുത്തുവാൻ തീരുമാനിച്ചത്‌.

മറുപുറം ഃ വെടിയേറ്റതിനുശേഷം ‘ഹേ റാം’ എന്ന്‌ പ്രാർത്ഥിച്ചു മരിച്ച രാഷ്ര്ടപിതാവിന്റെ പിൻമുറക്കാർ രാമനെന്നൊന്നുണ്ടോ എന്ന്‌ ചോദിച്ചത്‌ കടന്നകൈയായിപ്പോയി. രാമസേതു നിർമ്മിക്കാൻ തക്ക ടെക്നോളജി രാമന്റെ കൈയിൽ ഉണ്ടായിരുന്നില്ലെന്നും നേരത്തെ ഉണ്ടായിരുന്ന ചിറയിൽ കൂടി പുള്ളിയും കൂട്ടുകാരും ചാടിച്ചാടി പോയതാണെന്നും ബോധിപ്പിച്ചാൽ മതിയായിരുന്നു. പിന്നെ മര്യാദ പുരുഷോത്തമനെ മുന്നിൽ നിർത്തി സകല മര്യാദകേടും നടത്തുന്ന സംഘപരിവാർ പണിയൊന്നുമില്ലാതെ തെക്കുവടക്കു നടക്കുന്ന സമയത്ത്‌ ഇക്കാര്യം പറഞ്ഞതും അബദ്ധം. അതിനു തക്ക മൂളയുള്ളവരാരും സർക്കാരിലില്ലേ…? ഏതായാലും നിങ്ങൾ നായരുപിടിച്ച പുലിവാല്‌ എന്ന സിനിമ കണ്ടിരിക്കുന്നത്‌ നല്ലതാ….

Generated from archived content: news1_sept14_07.html

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here