വർക്കല ശിവഗിരിമഠം ശ്രീനാരായണ ധർമ്മസംഘം ബോർഡിലേയ്‌ക്ക് നടന്ന തെരഞ്ഞെടുപ്പിൽ സ്വാമി പ്രകാശാനന്ദ പക്ഷത്തിന് ഗംഭീരവിജയം. സ്വാമി സൂക്ഷ്‌മാനന്ദ പക്ഷത്ത് മത്സരിച്ച എല്ലാവരും തോറ്റു. സൂക്ഷ്‌മാനന്ദപക്ഷത്തു നിന്നും അവസാനനിമിഷം പ്രകാശാനന്ദ പക്ഷത്തേയ്‌ക്ക് ചേക്കേറിയ സദ്രൂപാനന്ദയ്‌ക്കാണ് ഏറ്റവും കൂടുതൽ ഭൂരിപക്ഷം. പഴയകാല ഭിന്നതകളെല്ലാം മാറ്റി എസ്.എൻ.ഡി.പി. ജനറൽ സെക്രട്ടറി വെളളാപ്പളളി നടേശൻ പ്രകാശാനന്ദയ്‌ക്കുവേണ്ടി സജീവമായി രംഗത്തെത്തിയിരുന്നു. സ്വാമി പ്രകാശാനന്ദയെ പ്രസിഡന്റായും സ്വാമി ഋതംബരാനന്ദയെ സെക്രട്ടറിയായും സ്വാമി അമൃതാനന്ദയെ ട്രഷററായും തീരുമാനിച്ചു.
മറുപുറംഃ- ശിവഗിരിമഠത്തിലെ തിരഞ്ഞെടുപ്പ് പണ്ടുകാലത്തെ കൊളളസംഘങ്ങളിലെ തലവന്മാരെ തിരഞ്ഞെടുക്കുന്നതുപോലെയായി. ഒരു വെടിക്കെട്ടിന് വെളളാപ്പിളളിയുടെ സാന്നിധ്യവും. എല്ലാം ത്യജിച്ച് ശരീരവും മനസ്സും ഈശ്വരനിൽ ലയിപ്പിച്ച് കഴിയേണ്ടവർ ഇങ്ങനെ താഴുന്നതു കാണുമ്പോൾ തന്തയെ കൊന്ന് അധികാരത്തിലേറിയ പഴയ മുഗൾ ചക്രവർത്തി എത്ര ഭേദം. പ്രാഥമിക ആവശ്യങ്ങൾക്കുപോലും കിടന്നിടത്തുനിന്നും എഴുന്നേൽക്കാൻ വയ്യാത്ത സന്യാസി ശ്രേഷ്‌ഠന്മാർ കോണകചരടുവരെ കാട്ടി മഞ്ചലിൽ കിടന്ന് വോട്ടു ചെയ്യാൻ വരുന്നത് കാണാൻ എന്തായിരുന്നു ചന്തം. തിരഞ്ഞെടുപ്പ് വിധിവന്നതോടെ കോളേജ് തിരഞ്ഞെടുപ്പ് കാലത്തെ അനുസ്‌മരിപ്പിക്കുന്നവിധം ഷാളു പുതപ്പിക്കലും ജയ്‌വിളികളും. ഓരോ ചിക്കൻ ബിരിയാണിയും രണ്ടു ലാർജ്ജും കൂടിയായാൽ ഗംഭീരമായേനെ.
ഗുരുദേവൻ തിരിച്ചു വന്നിരുന്നെങ്കിൽ മുളൻചൂരലുകൾക്ക് വിശ്രമമുണ്ടാകുകില്ല.
Generated from archived content: news1_oct06_06.html