ഐസ്‌ക്രീം പാർലർ പെൺവാണിഭക്കേസിലെ സ്‌റ്റേ നീക്കാനുളള ഹർജിയിന്മേലുളള വാദം സർക്കാർ ആവശ്യപ്രകാരം ഹൈക്കോടതി ഡിസംബർ ഒന്നിലേക്ക് മാറ്റി. കേസിന്റെ വിചാരണയ്‌ക്കെതിരെ നാലുപ്രതികൾ നല്‌കിയ ഹർജിയിന്മേലാണ് രണ്ടുവർഷം മുമ്പ് ഹൈക്കോടതി സ്‌റ്റേ ഉത്തരവ് പുറപ്പെടുവിച്ചത്. പെൺവാണിഭക്കേസിലെ പുതിയ വെളിപ്പെടുത്തലുകളുടെ പശ്ചാത്തലത്തിൽ സ്‌റ്റേ നീക്കാൻ ഉടൻ നടപടിയെടുക്കും എന്ന മുഖ്യമന്ത്രിയുടെ പ്രഖ്യാപനത്തിന് വിരുദ്ധമായാണ് സർക്കാരിനുവേണ്ടി ഹാജരായ പ്രോസിക്യൂഷൻ ഡയറക്‌ടർ ജനറൽ പി.വി.മാധവൻ നമ്പ്യാർ കോടതിയിൽ ഹർജി നീട്ടിവയ്‌ക്കാൻ ആവശ്യപ്പെട്ടത്. കേസ് ഡയറികളും മറ്റും തനിക്ക് ലഭിച്ചില്ല എന്ന വാദമാണ് ഇതിനായി പി.വി.മാധവൻ നമ്പ്യാർ ഉയർത്തിയത്.
ഹർജി നീട്ടിവെച്ചത് ഏതു സാഹചര്യത്തിലാണെന്ന് അറിയില്ലെന്നും സാങ്കേതികവും നിയമപരവുമായ കാര്യങ്ങൾ താൻ അറിയണമെന്നില്ലെന്നും മുഖ്യമന്ത്രി ഉമ്മൻചാണ്ടി ഇതു സംബന്ധിച്ചുളള ചോദ്യത്തിന് മറുപടിയായി പ്രതികരിച്ചു.
മറുപുറംഃ- നമ്മുടെ സർക്കാരും കൊളളാം. തലപ്പത്തിരിക്കുന്ന മുഖ്യനും കൊളളാം…. ഈനാംപേച്ചിക്ക് മരപ്പട്ടികൂട്ട് എന്നതുപോലെ….ഈ മുഖ്യൻ ഒന്നുമറിയില്ല; കേരളം ഇളകിയാലും കത്തിയാലും; ഇനിയിപ്പോ മന്ത്രിമാർ ഒന്നടങ്കം ഒരു പെൺവാണിഭ ഉത്സവം നടത്തിയാലും ടിയാൻ നിയമവും സാങ്കേതികവും പിടിച്ച് കാലം കഴിച്ചോളും…. ഈ രീതിയിലാണെങ്കിൽ മുഖ്യമന്ത്രി കസേരയിൽ ഉമ്മനുപകരം മണ്ഡരി ബാധിച്ച ഉണക്കനാളികേരത്തെ പ്രതിഷ്‌ഠിച്ച് കേരളഭരണം നടത്തിയാൽ മതിയാകും…. കളളന് കഞ്ഞിവച്ചവനേ എന്നു പറയിക്കല്ലേ….
Generated from archived content: news1_nov19.html
Click this button or press Ctrl+G to toggle between Malayalam and English