വി.എസ്. അച്യുതാനന്ദന്റെ രേഖാചിത്രം പ്രിന്റ് ചെയ്ത കുട്ടികൾക്കായുളള ടീ ഷർട്ടുകൾ വിപണിയിലെത്തി. ചെങ്കൊടിയേന്തി മുദ്രാവാക്യം വിളിക്കുന്ന വി.എസ് ആണ് ചിത്രത്തിൽ. വി.എസ് കൊച്ചുകുട്ടികൾക്ക് പോലും ആവേശം വിതയ്‌ക്കുന്ന നേതാവാണെന്നാണ് ഇതോടെ തെളിയുന്നത്. ടീഷർട്ടുകളെല്ലാം ചൂടപ്പം പോലെയാണ് വിറ്റഴിയുന്നത്.
മറുപുറംഃ ഇനി പിണറായിക്കും സംഘത്തിനും വി.എസിനെ ഒതുക്കാൻ പെരിങ്ങോട്ടുകര ചാത്തൻമഠത്തിൽ പോയി ഒടിവിദ്യ ചെയ്യിക്കേണ്ടിവരും. ചാനലിലൂടെ കണ്ടില്ലേ, വി.എസ് കുട്ടികളോട് സല്ലപിച്ചു പാടിയത്. “കാനനഛായയിൽ ആടുമേയ്‌ക്കാൻ ഞാനും വരട്ടയോ നിന്റെ കൂടെ… ടെ..” കേരളത്തിൽ പിടിച്ചു നില്‌ക്കാൻ കണ്ണുരുട്ടലും കക്ഷത്തിൽ ഇഷ്‌ടികയും മാത്രം പോരെന്ന് വി.എസിനു മനസ്സിലായിട്ടുണ്ട്. മേമ്പൊടിക്ക് ഇച്ചിരി തമാശയും പിളേളരുകളിയും വേണം. ഉദാഹരണം നമ്മുടെ നായനാർ സഖാവ് തന്നെ. ഇത് വി.എസിന്റെ ഒരു ഉപദേശം കൂടിയാണ്. ജനമനസ്സിൽ സ്ഥാനം പിടിക്കണമെങ്കിൽ ഒരു നേഴ്‌സറി സ്‌കൂൾ വിദ്യാർത്ഥിയുടെ മനസ്സുകൂടി വേണം. വിപ്ലവം ഏതായാലും വരില്ലല്ലോ. അതുകൊണ്ട് ബലം പിടുത്തം ഇത്തിരി കുറയ്‌ക്കാം.
ഈശ്വരാ… ഇനി കുഞ്ഞാലികുട്ടീന്റെയും നീലലോഹിതദാസൻ നാടാരുടെയും ചിത്രങ്ങൾ “ആരാധകർ” ഷർട്ടിൽ പ്രിന്റു ചെയ്ത് ഇറക്കാതിരുന്നാൽ മതി. കാരണം ഇവരുടെ സിംഗിൾ ചിത്രങ്ങൾക്ക് വലിയ മാർക്കറ്റ് ഉണ്ടാവാൻ സാധ്യതയില്ല.
Generated from archived content: news1_may9_06.html