ന്യൂഡൽഹിയിലെ കേരളഹൗസിൽ മുഖ്യമന്ത്രി വി. എസ്. അച്യുതാനന്ദനു നൽകിയ സ്വീകരണത്തിനിടെ നടൻ മമ്മൂട്ടിയ്‌ക്കെതിരെ മുദ്രാവാക്യം വിളിച്ച എൻ. ജി. ഒ. യൂണിയൻ നേതാവിന് സി.പി.എം. സംസ്ഥാന സെക്രട്ടറി പിണറായി വിജയന്റെ പരസ്യശാസന. കേരള ഹൗസ് ജീവനക്കാരനായ സി.പി.എം. അനുഭാവി വി.പി. രാജീവനെയാണ് പിണറായി ശാസിച്ചത്. നീ ഇന്നലെ മമ്മൂട്ടിയ്‌ക്കെതിരായി മുദ്രാവാക്യം വിളിച്ചെന്നു കേട്ടു; അല്ലേ?… മമ്മൂട്ടി ഭൂമി കൈയ്യേറിയെന്ന് നിന്നോടാരാ പറഞ്ഞത്…? വായിൽ തോന്നുന്നത് കോതയ്‌ക്ക് പാട്ട് എന്ന നിലയിൽ വിളിക്കേണ്ട കേട്ടോ – എന്നായിരുന്നു പിണറായിയുടെ മുന്നറിയിപ്പ്.
മറുപുറം ഃ
ഇത് എന്തോന്ന് കഥ…? പാവമൊരു മോഹൻലാൽ ഫാനായ രാജീവൻ ഛോട്ടാ മുംബൈയുടെ വിജയത്തിൽ മതിമറന്ന് മമ്മൂട്ടിയ്‌ക്കെതിരെ രണ്ടു മുദ്രാവാക്യം വിളിച്ചത് ഇത്ര പൊല്ലാപ്പായോ. പിണറായി ഇത്രയധികം മമ്മൂട്ടി ഫാനാണെന്ന് പാവം അറിഞ്ഞു കാണില്ല. ഈ ഫാൻസ് അസോസിയേഷൻകാരുടെ ഒരു പെടാപ്പാടേ…. ഇനി പാർട്ടി ആപ്പീസുകളുടെ മുന്നിൽ മമ്മൂട്ടിയുടെയും ലാലേട്ടന്റെയും കട്ടൗട്ടറുകൾ ഉയർത്തി യുദ്ധം തുടങ്ങാം… കട്ടൗട്ടറുകൾ ഈയിടെയായി നമുക്കൊരു ഹരമാണല്ലോ…?
ഇങ്ങനെയൊക്കെപ്പറഞ്ഞ് കാര്യങ്ങളൊക്കെ ഒന്നു തിരിച്ചിടൂ… ഏതായാലും നമ്മുടെ പാർട്ടിയിലെ ‘രാഷ്‌ട്രീയ, ആശയ’ സംഘട്ടനത്തേക്കാൾ നല്ലതാണ് ലാൽ-മമ്മൂട്ടി ഫാനുകളുടെ തർക്കം. ഏതായാലും കുളിപ്പിച്ച് കുളിപ്പിച്ച് കുഞ്ഞിനെ ഇല്ലാതാക്കുമെന്ന് തീർച്ചയായി….
Generated from archived content: news1_may26_07.html