ഒ.വി. വിജയന്റെ ചിതാഭസ്‌മം നിമജ്ജനം ചെയ്യുന്നത് സംബന്ധിച്ച കേസിൽ ഇരുപക്ഷവും ധാരണയിലെത്താൻ കോടതി നിർദ്ദേശിച്ചു. ചിതാഭസ്‌മം ഹരിദ്വാറിൽ നിമജ്ജനം ചെയ്യാൻ വിജയന്റെ മരുമകൻ രവിശങ്കറിന് എതിർപ്പില്ലെങ്കിലും ഹരിദ്വാറിൽ നിമജ്ജനം ചെയ്യുന്നതിനുമുമ്പ് ഹൈദ്രാബാദിലെ വീട്ടിൽ കൊണ്ടുപോയി ചില ചടങ്ങുകൾ നടത്തണമെന്ന വിജയന്റെ ഭാര്യ തെരേസയുടെയും മകൻ മധുവിന്റെയും ആവശ്യത്തെ രവിശങ്കർ എതിർക്കുകയായിരുന്നു. ഈ അവസ്ഥയിലാണ് ന്യൂഡൽഹി ഹൈക്കോടതി ഇരുകൂട്ടരോടും ധാരണയിലെത്താൻ നിർദ്ദേശിച്ചത്.
മറുപുറംഃ പ്രിയപ്പെട്ട, പ്രായമെത്തിയ മഹാന്മാരെ, നിങ്ങളുടെ ആത്മാവ് ഇവിടം വിട്ടുപോകുന്നതിനുമുമ്പ്, മരണശേഷം തന്റെ ശരീരം അനന്തരവകാശികൾ പുഴുങ്ങി തിന്നണോ, വറുത്തു തിന്നണോ അതോ പച്ചയ്‌ക്ക് കടിച്ചുപറിച്ചു രസിക്കണമോ എന്ന് എഴുതിവച്ചാൽ നന്നായിരിക്കും. ആ മഹാന്റെ ചിതാഭസ്‌മം തൂക്കിനോക്കി മൂന്നായി ഭാഗിച്ച്, ഒരുഭാഗം രവിശങ്കറിനും ബാക്കി രണ്ടുഭാഗം ഭാര്യയ്‌ക്കും മകനും പകുത്തുകൊടുക്കാൻ ബഹുമാനപ്പെട്ട കോടതി വിധിക്കണം. അവർ ചിതാഭസ്‌മത്തെ ഏത് കാനയിലോ ഓടയിലോ ഒഴുക്കട്ടെ. ഒരു പ്രശ്‌നവുമുണ്ടാകില്ല… കാരണം ഒ.വി.വിജയൻ മരിക്കാതെ സാഹിത്യലോകത്തും മലയാളിയുടെ മനസ്സിലും ഇന്നും ജീവിക്കുന്നുണ്ട്.
Generated from archived content: news1_may19.html