മൂന്നാറിലെ അനധികൃത കൈയേറ്റക്കാരെ ഒഴിപ്പിക്കാൻ മൂന്ന് ഉന്നത ഉദ്യോഗസ്ഥരെ മന്ത്രി സഭാ യോഗം നിയോഗിച്ചു. സുരേഷ്‌കുമാറിനെ സ്‌പെഷ്യൽ ഓഫീസറായും, രാജു നാരായണസ്വാമിയെ ജില്ലാ കളക്ടറായും പോലീസ് സേനയുടെ നിയന്ത്രണം ഋഷിരാജ് സിംഗിനും നൽകിയാണ് മാറ്റങ്ങൾ വരുത്തിയത്. എന്നാൽ മന്ത്രിസഭാ യോഗ തീരുമാനം എൽ.ഡി.എഫ് യോഗത്തിൽ അട്ടിമറിക്കാനുള്ള ശ്രമം ഉണ്ടായെങ്കിലും മുഖ്യമന്ത്രി അച്യുതാനന്ദൻ വഴങ്ങിയില്ല. യോഗത്തിൽ സി.പി.ഐ.യുടെ എതിർപ്പ് ശക്തമായിരുന്നു.
മറുപുറം ഃ
തോക്കിൽ തിര നിറച്ചപ്പോഴെ നനഞ്ഞുപോയ അവസ്ഥയാണോ? മൂന്നാറിലെ ലോക മഹായുദ്ധത്തിന് മുഖ്യൻ കാഹളമൂതി അയക്കുന്ന ഈ മൂന്ന് വീരശിരോമണികളും വീടിന്റെ പടിയിറങ്ങും മുമ്പേ കാറ്റുപോയ ബലൂണാകുമോ. പേരറിയാത്ത ആരുടേയോ കുറെ ഭൂമി വെട്ടിനിരത്തുന്നത് ടി.വിയിൽ കണ്ടെങ്കിൽ, നല്ല ഒത്ത റിസോർട്ട് ഒരെണ്ണം പോലും അനങ്ങുന്നത് ആരും കാണുന്നില്ല. ഷെഡ് പൊളിക്കലും റിസോർട്ടു പൊളിക്കലും തമ്മിൽ ഏറെ വ്യത്യാസമുണ്ട്. വേണ്ടിടത്ത് കൈവെയ്‌ക്കുമ്പോഴെ വേണ്ടവർ ഉണരൂ… ദേ ഇപ്പോൾ സി.പി.ഐ. ഉണർന്നു. അവരെ കയറൂരിവിട്ട് സി.പി.എമ്മിലെ ഔദ്യോഗികന്മാരും ഉണർന്നു. ഇനി സകലരും ഉണരും…
മുഖ്യൻ മൂന്നാറിൽ പോയത്, കോന്തൻ കൊല്ലത്ത് പോയതുപോലെ ആകാതിരുന്നാൽ മതിയായിരുന്നു.
Generated from archived content: news1_may10_07.html