ശിവഗിരി മഠത്തെ അഭിവൃദ്ധിയിലേക്ക് നയിക്കാൻ ഇപ്പോഴത്തെ സന്യാസിമാർക്ക് കഴിയുന്നില്ലെന്ന് എസ്.എൻ.ഡി.പി. യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ അഭിപ്രായപ്പെട്ടു. പ്രാപ്തിയുള്ള സന്യാസിമാരുടെ എണ്ണം വളരെ കുറവാണെന്നും, സമ്പത്തുണ്ടായിട്ടും ശിവഗിരി മഠത്തിന് ഒന്നും ചെയ്യാൻ കഴിയുന്നില്ലെന്നും വെള്ളപ്പള്ളി പറഞ്ഞു.
മറുപുറം ഃ കുറുക്കന്റെ കണ്ണ് കോഴിക്കൂട്ടിൽ തന്നെ. ചില നോൺ പ്ലേയിംഗ് ക്യാപ്‌റ്റൻമാരുള്ളതു പോലെ ശിവഗിരി മഠം ഈ നോൺ സന്യാസിയായ വെള്ളാപ്പള്ളിയെ ഏൽപ്പിച്ചുകൊള്ളുക. മഹാമന്ദിരങ്ങൾ മുതൽ നിശാനൃത്തശാല വരെ തീർത്തുതരും ഇദ്ദേഹം. എ.സി. കാറിലും പഞ്ചനക്ഷത്രഹോട്ടലുകളിലും താമസിക്കുന്ന സന്യാസിമാരെ കണ്ട് കണ്ണു മഞ്ഞളിച്ച വെള്ളാപ്പള്ളി ഇതല്ല ഇതിനപ്പുറവും പറയും. എല്ലാം പരിത്യജിച്ചവനാകണം സന്യാസി എന്ന് പണ്ടത്തെ ചില പൊസ്‌തകങ്ങൾ പറഞ്ഞിട്ടുണ്ട് മുതലാളീ… അല്ലാതെ സമ്പത്തു കൂട്ടാനുള്ള ചിട്ടിക്കമ്പനിയല്ല സന്യാസി മഠങ്ങൾ. മരപ്പട്ടിക്ക് ഈനാംപേച്ചി കൂട്ട് എന്ന രീതിയിലുള്ള സന്യാസിമാർ ഉണ്ടായിരുന്നെങ്കിൽ ഒന്നു അർമാദിക്കാമായിരുന്നു അല്ലേ….?
Generated from archived content: news1_mar9_07.html