ദുരൂഹ സാഹചര്യത്തിൽ മരിച്ച സിസ്‌റ്റർ അഭയയ്‌ക്കും കുടുംബാംഗങ്ങൾക്കും മനോരോഗമുണ്ടെന്ന് സ്വകാര്യ ടി.വി ചാനലിലൂടെ പരാമർശം നടത്തിയ, കേസിന്റെ അന്വേഷണ ഉദ്യോഗസ്ഥനായിരുന്ന മുൻ കോട്ടയം എസ്.പി കെ.ടി മൈക്കിളിന് 25,000 രൂപ പിഴയും ആറുമാസത്തെ തടവും ജുഡീഷ്യൽ ഒന്നാം ക്ലാസ് മജിസ്‌ട്രേറ്റ് ശിക്ഷ വിധിച്ചു. അഭയയുടെ അമ്മ ലീലാമ്മ തോമസ് നല്‌കിയ സ്വകാര്യ അന്യായത്തിന്മേലാണ് വിധി. അഭയ കൊല്ലപ്പെട്ടതാണെന്ന് ഒടുവിൽ സി.ബി.ഐ കണ്ടെത്തിയിരുന്നു.
മറുപുറംഃ പളളിയേയും പട്ടക്കാരനെയും ഓർത്ത് കരഞ്ഞ് നുണ പറഞ്ഞ മൈക്കിൾ കുഞ്ഞാടിനെ മജിസ്‌ട്രേറ്റ് കോടതിയും ദൈവം തമ്പുരാനും വെറുതെ വിട്ടില്ല. അഭയയ്‌ക്കും കുടുംബത്തിനും മനോരോഗമാണെന്നും അത് മൂത്തപ്പോഴാണ് അഭയ കിണറ്റിൽ ചാടിയതെന്നും എന്തൊരു ദൈവഭക്തിയോടെയാണ് മൈക്കിൾ കുഞ്ഞാട് പോലീസ് പുസ്‌തകത്തിൽ എഴുതിപ്പിടിപ്പിച്ചത്. എല്ലാം പട്ടക്കാര് കാത്തോളും എന്നും പാവം കരുതിയിട്ടുണ്ടാകും. പണ്ടൊക്കെ ഒരാൾ ചെയ്യുന്ന തെറ്റിന് അയാളുടെ വരും തലമുറയാണ് ശിക്ഷ അനുഭവിക്കുക. അക്കാലം പോയി ഇപ്പോൾ ദൈവസന്നിധിയിൽ കമ്പ്യൂട്ടർ യുഗമായതിനാൽ കണക്ക് അപ്പപ്പോൾ തന്നെയാണ് തീർക്കുന്നത്.
Generated from archived content: news1_mar29_06.html