പി കൃഷ്ണപിള്ള ബഞ്ചിൽ കിടന്നെന്നു കരുതി വി എസ് ബഞ്ചിൽ കിടക്കേണ്ടതില്ലെന്ന് സഹകരണ മന്ത്രി ജി. സുധാകരൻ. കാലം മാറിയതനുസരിച്ച് മാറ്റങ്ങളുണ്ടാകും. ജനാധിപത്യ സംവിധാനമല്ലായിരുന്നെങ്കിൽ ഞങ്ങൾ കമ്മ്യൂണിസ്‌റ്റുകാരും തോക്കുംകൊണ്ട് നടക്കേണ്ടിവന്നേനെ. ആലപ്പുഴയിൽ ടി വി തോമസ് അനുസ്മരണ സെമിനാർ ഉദ്‌ഘാടനം ചെയ്ത് സംസാരിയ്‌ക്കുകയായിരുന്നു സുധാകരൻ.
മറുപുറം ഃ
ശരിയാണ് പഴയ ബീഡിക്കുപകരം നമുക്ക് ട്രിപ്പിൾ ഫൈവും മാൾബറോയും വലിക്കാം. പരിപ്പുവടയ്‌ക്കും കട്ടൻചായയ്‌ക്കും പകരം ചിക്കൻ 65-ഉം ഷാർജാമിൽക്കും കഴിക്കാം. പഴയ ബാർബർ ഷാപ്പ് രാഷ്‌ട്രീയ ചർച്ചകളിൽ നിന്നും ഫൈവ്‌സ്‌റ്റാർ ഹോട്ടലുകളിലെ ശീതീകരിച്ച മുറിയിലെ രാഷ്‌ട്രീയമാകാം. ഇതൊക്കെ സാധാരണ മാറ്റങ്ങൾ തന്നെ. കാലം മാറുമ്പോൾ നാമും മാറണം. പക്ഷെ ഒന്നുരണ്ടുകൊല്ലം കൊണ്ട്, കരിഓയിൽ ഒഴിച്ച് ഓടിക്കാം എന്നു പറഞ്ഞ് എ ഡി ബിക്കാരെ പേടിപ്പിച്ച നമ്മൾ അവരെ പൂവിട്ടു പൂജിക്കുന്നത് ഇത്തിരി കടുത്ത മാറ്റമായി പോയി. മാറ്റം മൂത്ത് ഒടുവിൽ കമ്മ്യൂണിസ്‌റ്റ് മാനിഫെസ്‌റ്റോയും മൂലധനവുമൊക്കെ നമുക്ക് തിരുത്താമെന്നേ. ചേരയെ തിന്നുന്ന നാട്ടിൽ ചെന്നാൽ നടുകഷ്ണം തന്നെ തിന്നണമല്ലോ. എന്തു മാറ്റം വന്നാലും നമ്മുടെ മുദ്രാവാക്യങ്ങൾ മാറ്റരുത് കെട്ടോ. ബൊളിവീയൻ കാടുകളും, വെടിയുണ്ട വിരിമാറിൽ പൂമാലയാക്കിയതും, വയലാറിലെ വാരിക്കുന്തവും, വയനാട്ടിലെ അമ്പും വില്ലും ഒക്കെ പതിവിലും കേമമായി തന്നെ ഉപയോഗിക്കണം. ഇനി ആകെ കൈമുതലായി ആ മുദ്രാവാക്യങ്ങളേ ഉള്ളൂ…
Generated from archived content: news1_mar26_07.html