പൊതു മാന്യതയുള്ളതുകൊണ്ട് മാധ്യമ സിൻഡിക്കേറ്റ് അംഗങ്ങളുടെ പേരു വെളിപ്പെടുത്തുന്നില്ലെന്ന് സി. പി. എം സംസ്ഥാന സെക്രട്ടറി പിണറായി വിജയൻ. പൂച്ച പാലു കുടിക്കുന്നതുപോലെ പ്രവർത്തിക്കുന്ന ഇവർ തങ്ങളെ മറ്റാരും അറിയില്ലെന്നു ധരിക്കരുത്. സർക്കാരിനെയും സി. പി. എമ്മിനെയും ഗുണകരമായി വിമർശിക്കുന്നവരെ ഈ സിൻഡിക്കേറ്റിൽ ഉൾപ്പെടുത്തുന്നില്ലയെന്നും പിണറായി പറഞ്ഞു. തിരുവനന്തപുരത്ത് ഇ. എം. എസ് മന്ത്രിസഭയുടെ 50-ാം വാർഷികത്തോടനുബന്ധിച്ച് നടത്തിയ ഒരു സെമിനാർ ഉദ്‌ഘാടനം ചെയ്‌ത് സംസാരിക്കുകയായിരുന്നു പിണറായി.
മറുപുറം ഃ ഏതാണ്ട് മുത്തപ്പനും മുത്തിയ്‌ക്കും വരെ തെറിവിളിച്ച് എഴുതുന്നവരുടെ പേരുപോലും വെളിപ്പെടുത്താത്തത് ഏത് പൊതു മാന്യതയാണ് സഖാവേ? മുഖത്ത് കരിവാരി പൂശുന്നവനെ ‘എന്റെ പുന്നാരെ’ എന്നു വിളിക്കുന്നതുപോലെയാണല്ലോ ഇത്. അങ്ങിനെ പേരുപറയാൻ പറ്റാത്തത് ഈ മാധ്യമ സിൻഡിക്കേറ്റുകൾ പാർട്ടി നേതാക്കളുടെ മൂത്തമ്മായിയുടെ മക്കളായതുകൊണ്ടാണോ. മാധ്യമ സിൻഡിക്കേറ്റ് എന്ന് നാഴികയ്‌ക്ക് നാൽപതുവട്ടം പറഞ്ഞ് വെടിക്കെട്ടു നടത്തുമ്പോൾ, ജനത്തിനും അറിയേണ്ടേ ഇവൻമാർ ആരെന്ന്. ഇതേതാണ്ട് വള്ളിയില്ലാത്ത കളസംപോലെ ഒരു വർത്തമാനം…
Generated from archived content: news1_mar23_07.html