എസ്‌ എസ്‌ എൽ സി – ചരിത്രത്തിനു പകരം രസതന്ത്രം

എസ്‌ എസ്‌ എൽ സി ചരിത്രം പരീക്ഷയുടെ ചോദ്യക്കെട്ട്‌ പൊട്ടിച്ചപ്പോൾ പല പരീക്ഷാകേന്ദ്രങ്ങളിൽ ലഭിച്ചത്‌ രസതന്ത്രത്തിന്റെ ചോദ്യപേപ്പർ. അച്ചടിശാലയിൽ ചോദ്യപേപ്പർ പായ്‌ക്ക്‌ ചെയ്തപ്പോഴുണ്ടായ വീഴ്‌ചയാണ്‌ സംഭവത്തിന്‌ കാരണമെന്ന്‌ വിദ്യാഭ്യാസമന്ത്രി എം.എ. ബേബി പത്രസമ്മേളനത്തിൽ പറഞ്ഞു. 11 കേന്ദ്രങ്ങളിലായി 226 വിദ്യാർത്ഥികൾക്ക്‌ ഇതുമൂലം ചരിത്രം പരീക്ഷ എഴുതാനായില്ല. ഇവർക്കായി മാർച്ച്‌ 30ന്‌ ഉച്ചയ്‌ക്കുശേഷം പരീക്ഷ നടത്തുമെന്ന്‌ അധികൃതർ അറിയിച്ചിട്ടുണ്ട്‌. എസ്‌ എസ്‌ എൽ സി പരീക്ഷ കുറ്റമറ്റരീതിയിൽ നടത്തി കാട്ടിത്തരാമെന്ന്‌ പ്രതിപക്ഷത്തോട്‌ എം.എ.ബേബി മുൻപ്‌ വെല്ലുവിളി നടത്തിയിരുന്നു.

മറുപുറം

പുരപ്പുറം അച്ചി തൂത്താലും അമ്മായിഅമ്മ തൂത്താലും കാര്യം ഒന്നു തന്നെയാണെന്നേ… സ്വരലയയുടെ പരിപാടിക്ക്‌ ഊത്തും കൊട്ടും പാട്ടും നടത്തുന്നതുപോലെയല്ല എസ്‌ എസ്‌ എൽ സി പരീക്ഷകൾ. സ്വരലയയിൽ നമ്മൾ പറയുന്നതുപോലെ ആളുകൾ വന്ന്‌ ഡപ്പാംകൂത്ത്‌ നടത്തിക്കോളും. പക്ഷേ പരീക്ഷ നടത്തണമെങ്കിൽ അച്ചുനിരത്തുന്നവർ തൊട്ട്‌ പേപ്പർ ചുമക്കുന്നവന്റെ വരെ പുറകെ ചൂരലുമായി നടക്കണം. അങ്ങിനെ നടന്നിട്ടും എന്താ കാര്യം.. ഒടുവിൽ ദൈവംതമ്പുരാൻ ചോദ്യപേപ്പർ അടുക്കി വയ്‌ക്കുന്നവന്റെ രൂപത്തിൽ വന്നില്ലേ മന്ത്രിയെ ഒതുക്കാൻ. വീരവാദം മാത്രംകൊണ്ട്‌ പ്രയോജനമില്ല ബേബി സാറേ.. ഇടയ്‌ക്കിടെ ഒരു പൂമൂടലും പ്രാന്തൻകുരിശുമുത്തപ്പന്‌ നേർച്ചയും നേര്‌… ചിലപ്പോൾ ദോഷമൊക്കെ മാറിയേക്കും… ബേബി ചെല്ലുന്നയിടം പാതാളം എന്നാണ്‌ നാട്ടുവർത്തമാനം.

Generated from archived content: news1_mar22_07.html

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here