തിരഞ്ഞെടുപ്പ് തീയതി പ്രഖ്യാപിച്ചതോടെ, പരസ്പരം തമ്മിലടിച്ചിരുന്ന കോൺഗ്രസുകാർ തിരഞ്ഞെടുപ്പിൽ വിജയിക്കാൻ ഒറ്റക്കെട്ടായി നില്‌ക്കാനുളള ശ്രമത്തിലാണ്. ആ ശ്രമം വിജയിക്കുമെന്നത് ഡി.ഐ.സിയോടുളള സമീപനം വ്യക്തമാക്കുന്നു. കോൺഗ്രസ്-ഡി.ഐ.സി സഖ്യം ഏതു രീതിയിലാണെങ്കിലും ഉറപ്പായിരിക്കുകയാണ്.
എന്നാൽ തിരഞ്ഞെടുപ്പ് അടുത്തതോടെ സി.പി.എമ്മിലെ നേതാക്കൾ പരസ്പരം പോരിനിറങ്ങുകയായി, വി.എസ്. അച്യുതാനന്ദനെ മുഖ്യമന്ത്രി സ്ഥാനാർത്ഥി എന്നതിൽ നിന്നും ഒഴിവാക്കാൻ പിണറായി വിജയൻ രണ്ടും കല്പിച്ചിറങ്ങിയിരിക്കുകയാണ്. ലക്ഷ്യം ഏതാണ്ട് വിജയിച്ച മട്ടാണ്. വി.എസ് ആകട്ടെ ഇവരുടെ ആക്രമണങ്ങളിൽ മനംനൊന്ത് രംഗം വിടാനുളള മാനസികാവസ്ഥയിലുമാണ്.
ഇതോടെ കഴിഞ്ഞ പഞ്ചായത്ത്, ലോക്‌സഭാ തിരഞ്ഞെടുപ്പുകളുടെ ഫലമായിരിക്കില്ല കേരളം നല്‌കുകയെന്ന് രാഷ്‌ട്രീയ നിരീക്ഷകർ ചൂണ്ടിക്കാണിക്കുന്നു.
മറുപുറംഃ അധികാരമെന്ന മണ്ണിൽ ഒരുതുളളി വെളളം മതി കോൺഗ്രസിന് പടർന്നു പന്തലിക്കാൻ. പക്ഷെ സി.പി.എമ്മിന് അത് പോരാ. ഈ സംഭവമൊന്നു നേരെയാകാൻ ഒരു ടാങ്കർ ലോറി വെളളം ഒരു ദിവസം വേണം. വിപ്ലവവീരന്മാർക്ക് കുശുമ്പും അസൂയയും കയറിയാൽ അതിന് മരുന്നുണ്ട് ജനത്തിന്റെ കൈയ്യിൽ. നല്ല പച്ച ഈർക്കിൽ കൊണ്ടുളള അടി… അത് ഏതായാലും ഈ തിരഞ്ഞെടുപ്പിന് ജനം നല്‌കിക്കോളും.
കോൺഗ്രസുകാർക്ക് അധികാരം കിട്ടിയാൽ മാത്രമെ തമ്മിൽതല്ലിൽ ആവേശമുളളൂ… പക്ഷെ സി.പി.എം അങ്ങിനെയല്ല; കാള പെറ്റെന്നു കേട്ടാൽ കയറെടുക്കും. തിരഞ്ഞെടുപ്പ് അടുത്താൽ സീറ്റു കിട്ടാൻ സ്വന്തം അപ്പന്റെ തലപോലും വെട്ടിക്കളയും… വിപ്ലവത്തിന്റെ വീര്യം അവർക്കത്രയുമുണ്ട്.
Generated from archived content: news1_mar14_06.html