സംസ്ഥാനത്ത് ഒരു മാധ്യമ സിൻഡിക്കേറ്റ് പ്രവർത്തിക്കുന്നതായ ഒരു ആരോപണം തന്റെ ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടെന്ന് മുഖ്യമന്ത്രി വി.എസ്. അച്യുതാനന്ദൻ ഇന്നലെ നിയമസഭയിൽ പറഞ്ഞു. സി.ഐ.എ. സഹായത്തോടെ ഒരു മാധ്യമ സിൻഡിക്കേറ്റ് പ്രവർത്തിക്കുന്നുണ്ടോ എന്നും അതിന്റെ വിശദവിവരങ്ങൾ വെളിപ്പെടുത്താനാകുമോ എന്നുമുള്ള ആര്യാടൻ മുഹമ്മദിന്റെ ചോദ്യത്തിന് മറുപടി പറയുകയായിരുന്നു വി.എസ്. രഹസ്യസ്വഭാവമുള്ള കാര്യങ്ങളായതിനാൽ പലതും വെളിപ്പെടുത്താനാവില്ലെന്ന് വി.എസ്. കൂട്ടിച്ചേർത്തു.
മറുപുറം ഃ ദേശാഭിമാനിയും മറ്റു ചില്ലറ പത്രങ്ങളിലെ ആളുകളുമൊഴികെ സകല പത്രക്കാരും പേന വാളാക്കി എഴുതിയാണ് വി.എസിന് ഒരു സീറ്റൊപ്പിച്ചതും ഒടുവിൽ മുഖ്യനാക്കിയതും. പാലം കടക്കുവോളം നാരായണ… നാരായണ; പാലം കടന്നാൽ കൂരായണ… കൂരായണ എന്നതുപോലെയായി വി.എസിന്റെ വിശേഷങ്ങൾ. ഒടുവിലാ പത്രക്കാരൊക്കെ സി.ഐ.എ.ക്കാരുടെ മച്ചാന്മാരായി എന്നൊക്കെ പറഞ്ഞാൽ ഇത്തിരി കടന്നുപോയില്ലേ. പിന്നെ ഇല വന്ന് മുള്ളിൽ വീണാലും മുള്ള് വന്ന് ഇലയിൽ വീണാലും കേട് സി.ഐ.എ.ക്ക് തന്നെ. ഒരു പണിയുമെടുക്കാതെ തന്നെ സി.ഐ.എ.ക്ക് ഇത്രയും പേര് നേടിക്കൊടുന്ന നാട് കേരളമല്ലാതെ വേറൊന്നില്ല. കമ്മ്യൂണിസത്തിന്റെ മൂർദ്ധന്യത്തിൽ സ്‌റ്റേറ്റുകളൊക്കെ പൊഴിഞ്ഞുപോകും എന്നു പറയുന്നതുപോലെ, നമ്മുടെ സി.പി.എമ്മിലെ തീവ്രവിപ്ലവഗ്രൂപ്പിസത്തിനൊടുവിൽ പി.ബി.യും സംസ്ഥാന സെക്രട്ടറിയേറ്റുമൊക്കെ പൊഴിഞ്ഞു പോകുമെന്നും അതിന് കാശിറക്കേണ്ട കാര്യം ഇല്ലെന്നും സി.ഐ.എ.ക്കാർക്കുമറിയാം.
Generated from archived content: news1_mar13_07.html