പാർട്ടിയെ തകർക്കാൻ ശത്രുക്കളുടെ കോടാലിക്കൈയായി ചിലർ പ്രവർത്തിക്കുകയാണെന്നും, എന്നാൽ ആ കോടാലിയുടെ പഴയ മൂർച്ച ഇപ്പോഴിലെന്നും വ്യക്തമാക്കി പേരു സൂചിപ്പിക്കാതെ തന്റെ ഗുരുവായ എം.എൻ.വിജയനെതിരെ സി.പി.എം സംസ്ഥാനസെക്രട്ടറി പിണറായി വിജയൻ ആഞ്ഞടിച്ചു. വടകരയിൽ എം.ദാസൻ അനുസ്മരണചടങ്ങ് ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു പിണറായി. തന്റെ മുന്നിൽ കുത്തേറ്റു വീണ വിദ്യാർത്ഥിയെ തിരിഞ്ഞുനോക്കാത്ത ആളാണെന്നും, ഇയാൾ എന്നാണ് പാർട്ടിയുമായി ബന്ധം തുടങ്ങിയതെന്നും, ഇയാൾക്ക് പല കാര്യങ്ങളിൽ വിവരമുണ്ടെങ്കിലും പാർട്ടിയെക്കുറിച്ച് ഒരു ചുക്കും അറിയില്ലെന്നും എം.എൻ. വിജയനെ പിണറായി ആക്ഷേപിച്ചു.
മറുപുറംഃ ഒക്കെ റൈറ്റ്, പക്ഷെ ഈ സാധനത്തെയാണല്ലോ ഇത്രയുംനാൾ തലയിലേറ്റി നടന്നിരുന്നത്…. തിരിച്ചു കടിക്കാത്ത എന്തിനേയും നാം തിന്നും, തിരിച്ചു കടിച്ചാലോ പടിക്കുപുറത്ത്. കൂടെ കിടക്കുന്നവന്റെ രാപ്പനി എം.എൻ.വിജയന് കുറെ നാളായി അറിയാം…. തിരിച്ച് പിണറായിക്ക് ഇപ്പോഴെ കാര്യങ്ങൾ മനസ്സിലാകുന്നുളളൂ….
സർവലോക തൊഴിലാളികളേ, ഒന്നുകൊണ്ടും പേടിക്കേണ്ട…. ഈ മുടിയനായ പുത്രനെ നമുക്ക് പടിയടച്ച് പിണ്ഡം വയ്ക്കാം… പകരം നമുക്ക് സീറ്റുകൾ പിടിക്കാൻ കരുണാകരനും മകനും വരുന്നുണ്ട്. രാജനടക്കമുളള രക്തസാക്ഷികളെ നമുക്ക് മറക്കാം. അഴീക്കോടിന്റെ വേദന നമുക്ക് മറക്കാം… വരുവാനുളളത് പുതിയൊരു ലോകം… നമ്മൾ ഭരിക്കും ലോകം.
Generated from archived content: news1_june30_05.html