ദൃശ്യമാധ്യമ വാർത്താവായന വളരെ സജീവമാക്കുമ്പോൾ തർക്കങ്ങളും വെല്ലുവിളികളും ഏറുന്നു. പുതിയ സംഭവം ടി.കെ.ഹംസ എം.പിയും ഇന്ത്യാവിഷൻ എഡിറ്റർ ഇൻ ചീഫ് കൂടിയായ നികേഷ്‌കുമാറുമായുണ്ടായ വാക്കുതർക്കമാണ്. മുസ്ലീംലീഗിൽനിന്ന് പിരിഞ്ഞുപോകുന്നവരും ലീഗിനേക്കാൾ മതതീവ്രവാദം കൂടുതലുളള സംഘടനയിൽപ്പെട്ടയാളുകളും സി.പി.എമ്മിൽ ചേരുന്നതിനെക്കുറിച്ചുണ്ടായ നികേഷിന്റെ ടെലിഫോൺ ചോദ്യത്തിന്റെ മറുപടിക്കിടയിലാണ് ടി.കെ.ഹംസ പൊട്ടിത്തെറിച്ചത്….‘നിന്നെപ്പോലെ വിവരമില്ലാത്തവനെ ആരാടാ ഇന്ത്യാവിഷനിൽ വാർത്ത വായിക്കാൻ ഏൽപ്പിച്ചത്….ഇങ്ങനെ ചോദിക്കാൻ നീയാരാ പോലീസാണോ…“ എന്നൊക്കെ ആക്രോശിച്ചായിരുന്നു ടി.കെയുടെ പ്രതികരണം. നികേഷ് ഇതിനെയെല്ലാം ശാന്തമായി നേരിടുകയും ടി.കെയ്‌ക്ക് നന്ദി പ്രകടിപ്പിക്കുകയും ചെയ്‌തു.
മറുപുറംഃ- മർമ്മത്തിൽ കുത്തിയാൽ ഏതു ധാരാസിംഗും മൂക്കുകുത്തി വീഴും….മഞ്ചേരിയിലെ വിജയം ഇടതിന്റെയല്ലായെന്നും അത് മറ്റൊരു വഴിയിലൂടെ നടന്ന ചില വർഗ്ഗീയ ശക്തികളുടെ വിജയമാണെന്നും ചില പറങ്ങോടന്മാർക്ക് തോന്നിക്കാണണം…അത് ടി.കെയുടെ ചെവിയിലുമെത്തിയിരിക്കണം…ജയിച്ചു കഴിഞ്ഞ അടുത്ത നിമിഷംതന്നെ കാന്തപുരത്തെ കാണാൻ ടി.കെ. ഓടിയില്ലേ… ഈ ബുദ്ധിപ്രകാരം നേരത്തെ പാണക്കാടിനെ സി.പി.എം കണ്ടിരുന്നെങ്കിൽ കേരളഭരണം കൈയിൽ തന്നെയിരുന്നേനെ.
പിന്നെ ഒരുകാര്യം…ജനപ്രതിനിധിയാണെങ്കിലും ചില മര്യാദകൾ പാലിക്കണം…. പ്രത്യേകിച്ച് പത്രക്കാരോട്….പത്രക്കാർ ചോദ്യങ്ങൾ ചോദിക്കും; അതും പോലീസിനെ വെല്ലുന്നതരത്തിൽ….അതിനെ മറികടക്കാൻ പറ്റിയില്ലെങ്കിൽ വലിയ ജനപ്രതിനിധിയായിട്ട് എന്തുകാര്യം.
Generated from archived content: news1_june12.html