കഴിഞ്ഞ അഞ്ചുമാസത്തിനുള്ളിൽ കേരള മുഖ്യമന്ത്രി വി.എസ്.അച്യുതാനന്ദൻ ജനപ്രീതിയിൽ ഏറെ മുന്നേറിയതായി ഹിന്ദുസ്ഥാൻ ടൈംസും സി.എൻ.എൻ.-ഐ.ബി.എൻ. ചാനലും ചേർന്നു നടത്തിയ സർവേയിൽ ചൂണ്ടിക്കാണിക്കുന്നു. കഴിഞ്ഞവർഷം ആഗസ്‌റ്റിൽ നടത്തിയ സർവേയിൽ 8-ാം സ്ഥാനത്തായിരുന്നു വി.എസ്. ഇപ്പോൾ മൂന്നാം സ്ഥാനത്തേയ്‌ക്കാണ് ഉയർന്നിരിക്കുന്നത്. ജനപ്രീതിയിൽ തകർച്ച നേരിട്ടിരിയ്‌ക്കുന്നത് ബംഗാൾ മുഖ്യൻ ബുദ്ധദേവിനാണ്. മൂന്നിൽ നിന്നും ഒൻപതാംസ്ഥാനത്തേയ്‌ക്കാണ് അദ്ദേഹം വീണുപോയത്.
മറുപുറം ഃ ആൾദൈവമാകുന്ന വി.എസ്.നെപ്പറ്റി ആർക്കോ വേണ്ടി മാതൃഭൂമി ആഴ്‌ചപ്പതിപ്പിൽ പുരോഗനകലാസാഹിത്യ സംഘം കാര്യക്കാരൻ കെ.ഇ.എൻ.കുഞ്ഞുമുഹമ്മദ് കുത്തി എഴുതിയതേയുള്ളൂ….ദേ വരുന്ന ഇവർക്കൊക്കെ ഇരുട്ടടിപോലെ ഒരു സവേ റിപ്പോർട്ട്. മനുഷ്യദൈവങ്ങളെ ആവശ്യമുള്ളയിടത്ത് അവർ ഉദിച്ചുവരിക തന്നെ ചെയ്യും. അത് വിശ്വാസത്തിന്റെ കാര്യത്തിലായാലും വിപ്ലവത്തിന്റെ കാര്യത്തിലായാലും. ചെഗുവരേയുടെ ചിത്രം പതിപ്പിച്ച ടീഷർട്ടും ധരിച്ച് കുഞ്ഞുസഖാക്കൾ നടക്കുന്നത് കെ.ഇ.എന്നൊക്കെ കണ്ടിട്ടില്ലേ…അതും ഒരു വിശ്വാസം. ഏതായാലും വിപ്ലവം വരില്ലെന്ന് എ.ഡി.ബി.വായ്പ വാങ്ങിക്കുന്ന സകല സഖാക്കൾക്കുമറിയാം. ഇനി പാവം ജനങ്ങൾ ദൈവങ്ങളെയെങ്കിലും വിശ്വസിച്ചു ജീവിച്ചോട്ടെ…പിന്നെ ദൈവമാകാനും മിനിമം ഗ്യാരണ്ടി വേണം….അതല്ലേ നാടുനിറയെ ചിലരുടെയൊക്കെ ചിത്രം ഫ്ലക്സ് ബോർഡിൽ പതിപ്പിച്ച് തെക്കുവടക്കു യാത്ര നടത്തിയിട്ടും അവരൊന്നും ദൈവമാകാത്തത്. വലിയ പ്രതീക്ഷയൊന്നും കാണാത്തിടത്ത് ജനം പ്രാർത്ഥിച്ചു ജീവിച്ചോട്ടെ…ആ പ്രാർത്ഥനയാകാം വി.എസി.നെ മൂന്നാം സ്ഥാനത്തെത്തിച്ചത്.
Generated from archived content: news1_jan26_07.html