സി.പി.എമ്മിലെ ആഭ്യന്തരവഴക്കിനെക്കുറിച്ച് ആനുപാതിക സ്വഭാവമില്ലാതെ മാധ്യമങ്ങൾ നിരന്തരമായി റിപ്പോർട്ട് ചെയ്‌ത് ജനങ്ങളെ മടുപ്പിക്കുകയാണെന്ന് സുകുമാർ അഴീക്കോട്. വളരെ നിസ്സാരമായ ആ വിഷയത്തിന്റെ അടിമകളായി മാറിയ പത്രപ്രവർത്തകർ ജനങ്ങൾക്കാവശ്യമുള്ള ഗൗരവതരമായ വിഷയങ്ങൾ വിട്ടുകളയുകയാണെന്നും അദ്ദേഹം പറഞ്ഞു. കാക്കനാട് പ്രസ് അക്കാദമി ഹാളിൽ രാജീവൻ കാവുമ്പായി ഫൗണ്ടേഷന്റെ പ്രഥമ പുരസ്‌കാരം ശരത്‌കൃഷ്ണനു സമ്മാനിച്ചശേഷം സംസാരിക്കുകയായിരുന്നു അഴീക്കോട്.
മറുപുറം ഃ വളരെ നിസ്സാരമുള്ള വിഷയമോ സി.പി.എമ്മിൽ ഉള്ളത്. ഇത് പിണറായിയും വി.എസ്സും തമ്മിലുളള വേലിതർക്കമോ, വഴിവെട്ടു കേസോ അല്ലല്ലോ. ഇതിൽ എ.ഡി.ബി. വരുന്നുണ്ട്, ലാവ്‌ലിൻ വരുന്നുണ്ട്, അമ്യൂസ്‌മെന്റ് പാർക്ക് വരുന്നുണ്ട്……അങ്ങിനെ ഒത്തിരിയൊത്തിരി “നിസ്സാര കാര്യങ്ങൾ” ഉണ്ട്. സി.പി.എമ്മിനെ ഇത്രയും തലോടേണ്ട മാഷേ…. മാഷിന് ഇതൊന്നും കേൾക്കാൻ താത്‌പര്യമില്ലെങ്കിലും ഏറെ ആവേശത്തോടെ വോട്ട്‌ചെയ്‌ത് ഇവരെ അധികാരത്തിൽ കയറ്റിയ ജനത്തിന് ഇതിൽ താത്‌പര്യമുണ്ട്.
പണ്ട് കോൺഗ്രസിനെപ്പറ്റി ഇതിലും വലിയ വാർത്തകൾ വന്നപ്പോൾ മാഷെവിടെയായിരുന്നു. അന്നൊന്നും പത്രങ്ങളെ വിമർശിക്കാൻ ആളെ കണ്ടില്ലല്ലോ. “നന്നായാൽ ഒന്നായി…ഒന്നായാൽ നന്നായി” എന്ന കുഞ്ഞുണ്ണി കവിത നമ്മുടെ സി.പി.എമ്മുകാർക്ക് ഉപദേശിച്ചു കൊടുക്കുകയല്ലേ ഭേദം. അല്ലാതെ വെറുതെ മാധ്യമങ്ങളുടെ മേൽ കുതിര കയറുന്നതെന്തിന്?
Generated from archived content: news1_jan18_07.html
Click this button or press Ctrl+G to toggle between Malayalam and English