മണിചെയിൻ ഡയറക്ട് മാർക്കറ്റിംങ്ങ് ഗ്രൂപ്പായ ആർ.എം.പി.യുടെ കുടുംബസംഗമത്തിൽ പങ്കെടുത്തവരിൽ ഭൂരിഭാഗവും സർക്കാർ ജീവനക്കാരും കുടുംബാംഗങ്ങളും. അതിലേറെയും പോലീസുകാരുമായിരുന്നു. ആലപ്പുഴ ജില്ലയിൽ നടന്ന ഈ മേള ഫലത്തിൽ പോലീസുമേളയായി മാറി. കേരളാപോലീസിൽ മണിചെയിൻ മാർക്കറ്റിംഗ് എത്രമാത്രം വ്യാപിച്ചെന്നതിന് തെളിവായിരുന്നു ഇത്. പല പോലീസുകാരും ദീർഘകാലം അവധിയെടുത്താണ് മണിചെയിൻ മേഖലയിൽ പ്രവർത്തിക്കുന്നത്.
മറുപുറം ഃ അമ്പലമുറ്റത്ത് ‘ഒന്നുവച്ചാൽ രണ്ട്’ എന്ന കഞ്ഞികുടിക്കാനുളള പരിപാടി നടത്തുന്ന പാവത്തുങ്ങളുടെ അടിവയറിന് തൊഴിച്ച് നീതി നിർവ്വഹണം നടത്തി ആനന്ദത്തിലാറാടുന്ന ഏമാൻമാർ ലീവുമെടുത്ത് മണിചെയിൻ മഹാപ്രസ്ഥാനത്തിനുവേണ്ടി എരന്നു നടക്കുന്നത് കാണാൻ നല്ലചേലാണ്. ഒരു അന്തവും കുന്തവും ഇല്ലാതെ എഡീബീക്കാരു പറഞ്ഞ എല്ലാ വ്യവസ്ഥകളും അംഗീകരിച്ച് കരാറിലൊപ്പിട്ട സർക്കാർ ഭരിക്കുമ്പോൾ ഒരു ചെയിൻ സിസ്‌റ്റത്തിലെങ്കിലും പെട്ടില്ലെങ്കിൽ നാണക്കേടല്ലേ ഏമാൻമാരേ? ഇനി സ്‌റ്റേഷനിൽ കയറുന്നവൻ, വാദിയായാലും പ്രതിയായാലും, രണ്ടു ചങ്ങല കണ്ണിയായി പുറത്തിറങ്ങാം…..
Generated from archived content: news1_jan15_07.html