മുൻ എം.എൽ.എ. ജോർജ്.ജെ.മാത്യു, എം.എം. ഹസൻ, ബെന്നി ബെഹ്‌നാൻ എന്നിവർ കോൺഗ്രസിന്റെ തോൽവിക്ക് കാരണക്കാരായെന്ന് നിയമസഭാ തെരഞ്ഞെടുപ്പ് പരാജയത്തെക്കുറിച്ച് പഠിച്ച സി.വി. പത്മരാജൻ കമ്മറ്റി റിപ്പോർട്ട് നൽകി. ജോർജ്.ജെ.മാത്യു, കെ.പി.സി.സി. അംഗം വേലംചിറ സുകുമാരൻ എന്നിവർക്കെതിരെ അച്ചടക്ക നടപടിയെടുക്കണമെന്നും കമ്മറ്റി നിർദ്ദേശിച്ചു. കായംകുളത്ത് എം.എം.ഹസൻ ഒരിക്കലെങ്കിലും പ്രചരണം നടത്തിയിരുന്നെങ്കിൽ അവിടെ യു.ഡി.എഫ്. വിജയിക്കുമായിരുന്നെന്നും കമ്മറ്റി കണ്ടെത്തി.
മറുപുറം ഃ പശുവും ചത്തു മോരിലെ പുളിയും പോയി. ഇനിയെന്ത് അന്വേഷണ റിപ്പോർട്ട്. പാവം പത്മരാജൻ പാടുപെട്ട് ഉണ്ടാക്കിയ അന്വേഷണ റിപ്പോർട്ട് ഇനി ഏതെങ്കിലും ചായക്കടയിൽ ഉണ്ടമ്പൊരി പൊതിയാൻ ഉപയോഗിക്കുമായിരിക്കും. ഹസനും ബെന്നിയ്‌ക്കുമെതിരെ നടപടിയെടുക്കണമെന്ന് ഒന്നു നിവർന്നു നിന്ന് പറയാൻ ശേഷി പലർക്കുമില്ല. വെറുതെ സമയം കളഞ്ഞത് മിച്ചം. പിന്നെ നാട്ടുകാരെ കാണിക്കാൻ പുട്ടിന് പീരയിടുന്നതുപോലെ ഒരു സംഭവം മാത്രമാണിത്. വെറുതെയിരിക്കുന്ന പത്മരാജന് സമയം കൊല്ലാൻ കിട്ടിയ ഒരു വിനോദം. ഉടുമുണ്ട് ഊരിയവനെപ്പോലും പാർട്ടിയിൽ നിന്ന് നേരാംവണ്ണം പുറത്താക്കാൻ പറ്റാത്ത ആളുകളാണ് തെരഞ്ഞെടുപ്പ് തോറ്റതിന് നടപടിയെടുക്കാൻ പോകുന്നത്. പട്ടിയുടെ വാല് പന്തീരാണ്ടു കൊല്ലം കുഴലിലിട്ടാലും ഗതി പഴയതു തന്നെ…
Generated from archived content: news1_feb17_07.html