സി.പി.എമ്മിനെ തകർക്കാൻ കേരളത്തിലെ ഒരു സംഘം പത്രപ്രവർത്തകർ വൻ ഗൂഢാലോചന നടത്തുന്നുണ്ടെന്ന് സി.പി.എം.സംസ്ഥാന സെക്രട്ടറി പിണറായി വിജയൻ. മഞ്ഞളാംകുഴി അലി എം.എൽ.എ.യുടെ അഭിമുഖ ലേഖനവും കോടിയേരി ബാലകൃഷ്ണന്റെ പൂമൂടൽ വിവാദവും സി.പി.എമ്മിന് എതിരായ മാധ്യമ സിൻഡിക്കേറ്റിന്റെ സൃഷ്ടിയാണെന്നും പിണറായി ആരോപിച്ചു. അലിയും കോടിയേരിയും വസ്‌തുതകൾ വിശദീകരിച്ചു കഴിഞ്ഞു. എന്നിട്ടും ചില പത്രങ്ങൾ പാർട്ടിയെ വീണ്ടും വേട്ടയാടുകയാണ്. ഇത്തരം നുണ പ്രചരണങ്ങളിൽ പാർട്ടി വിശ്വാസികൾ വീണുപോകരുതെന്നും പിണറായി പറഞ്ഞു. കളമശേരിയിൽ നടന്ന പാർട്ടി റാലിയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
മറുപുറം ഃ നമുക്കിപ്പോൾ മുതലാളിത്തവും സാമ്രാജ്യത്തവുമല്ല വർഗശത്രുക്കൾ മറിച്ച് മാധ്യമ സിൻഡിക്കേറ്റാണ്. ഇനി മാധ്യമ സിൻഡിക്കേറ്റിനെതിരെ വയലാറിലെ വാരിക്കുന്തവും വയനാട്ടിലെ അമ്പും വില്ലുമെടുത്ത് പോരാടണം. ഈ പോരാട്ടത്തിൽ രക്തസാക്ഷിത്വം വരിക്കുന്നവർക്കായി പ്രത്യേക വിപ്ലവഗാനങ്ങളും രചിക്കാം. എങ്കിലും ഒരു സംശയം – മാധ്യമ സിൻഡിക്കേറ്റിന്റെ പിടിയിൽ പെടാതെ സൂക്ഷിക്കാൻ പാർട്ടി അനുഭാവികളോട് ആഹ്വാനം ചെയ്‌ത പിണറായി തന്നെ കുഴിയിൽ വീണില്ലേ…ഏതോ പത്രത്തിൽ വന്ന അഭിമുഖം കണ്ട് മഞ്ഞളാംകുഴി അലിയെ തലങ്ങും വിലങ്ങും നാക്കുകൊണ്ട് തല്ലി, പിന്നെ പാർട്ടിയിൽ നിന്നും പുറത്താക്കിയ ഷാജഹാനോട് ഉപമിച്ച് നാറ്റിച്ച് നാറാണക്കല്ല് ഇളക്കിയില്ലേ അങ്ങ്….ദേ അലി ഇപ്പോൾ പറയുന്നു ഞാനൊന്നുമറിഞ്ഞില്ലേ രാമനാരായണാ എന്ന്. ഒരു പത്രം കാളപെറ്റു എന്നു എഴുതിയപ്പോൾ തന്നെ കയറെടുത്ത പിണറായിക്ക് എങ്ങിനെ പാർട്ടി അനുഭാവികളോട് മാധ്യമ സിൻഡിക്കേറ്റിന്റെ പിടിയിൽ പെടരുതെന്ന് പറയാൻപറ്റും. പിണറായിയെ പറ്റിക്കാൻവണ്ണം സിൻഡിക്കേറ്റിന് ശക്തിയുണെങ്കിൽ സൂക്ഷിച്ചേ മതിയാകൂ… കാരണം ജനങ്ങൾ രഹസ്യമൊക്കെ അറിയും.
Generated from archived content: news1_feb15_07.html