ആകാശവാണി കോഴിക്കോട് നിലയം ഡയറക്‌ടർ സി.പി. രാജശേഖരന്റെ ദേഹത്ത് ഒരു സംഘം യുവാക്കൾ കരിഓയിൽ ഒഴിച്ചു. വടകര ടൗൺ ഹാളിൽ സർക്കാർ ജീവനക്കാരുടെ സാംസ്‌ക്കാരിക സംഘടനയായ ‘പുര’യുടെ വാർഷികാഘോഷ പരിപാടികൾ ഉദ്‌ഘാടനം ചെയ്യാനെത്തിയതായിരുന്നു അദ്ദേഹം. സംഭവത്തിനു പിന്നിൽ ഡി.വൈ.എഫ്.ഐക്കാരാണെന്ന് പോലീസ് സംശയിക്കുന്നു. ഫെബ്രുവരി നാലിന് ‘വ്യക്തിഹത്യക്കെതിരെ ജനസദസ്സ്’ എന്ന പരിപാടിയിൽ പ്രസംഗിക്കവെ സി.പി.രാജശേഖരൻ പ്രതിപക്ഷ നേതാവ് വി.എസ്.അച്യുതാനന്ദനെ കോമാളിയെന്നു വിളിച്ചതായി പരാതി ഉയർന്നിരുന്നു.
മറുപുറംഃ തന്തയ്‌ക്കു പിറന്ന മക്കൾ എന്നു പറയുന്നതുപോലെയാണ് വി.എസും ഡി.വൈ.എഫ്.ഐക്കാരും. വായിൽ കിടക്കുന്ന വാളുകൊണ്ട് ഏതു പുണ്യവാളനെയും കോർപ്പറേഷൻ കാനയിൽ മുക്കിയെടുക്കാം… തിരിച്ചൊന്നു വായെടുത്താൽ കഴുത്തിനുമുകളിൽ തല കാണില്ല. ചന്തപ്പെണ്ണുങ്ങൾക്കുപോലും നാണം വരും ഇതൊക്കെ കണ്ടാൽ. എങ്കിലും ഇതു നന്നായെന്ന് ചിലരെങ്കിലും പറയും, വി.എസിനെ കോമാളിയെന്നു വിളിച്ചതുകൊണ്ടല്ല, (മാർക്കറ്റ് കോമാളികൾക്കാണെന്ന് സഖാവ് നായനാർ തെളിയിച്ചതാണ്.) ‘വ്യക്തിഹത്യയ്‌ക്കെതിരെ ജനസദസ്സ്’ എന്ന പരിപാടിയിൽ വച്ചാണല്ലോ രാജശേഖരൻസാറ് ഇങ്ങനെ വ്യക്തിവിശേഷം ചാർത്തിയത്. ടിയാന് എണ്ണപൂശിയ തിരണ്ടിവാലിന് ഒരു പ്രയോഗം കൂടി നടത്താമായിരുന്നു.
Generated from archived content: news1_feb10_06.html