ബാലികാമർദ്ദനംഃ കന്യാസ്‌ത്രീയെ അറസ്‌റ്റു ചെയ്‌തു

ആറര വയസ്സുളള ബാലികയെ ക്രൂരമായി മർദ്ദിച്ച കേസിൽ വേങ്ങൂർ ഗസ്‌ദിമോൺ മഠത്തിലെ മദർ സുപ്പീരിയർ തബിഥയെ അറസ്‌റ്റു ചെയ്‌തു. ചോദ്യം ചെയ്യലിനുശേഷം ഇവരെ ആൾ ജാമ്യത്തിൽ വിട്ടയച്ചു. ബത്തേരി കുപ്പാടി ഗവ.യു.പി.സ്‌കൂളിലെ രണ്ടാം ക്ലാസ്സ്‌ വിദ്യാർത്ഥിയും മീനങ്ങാടി അറിമ്പാകൊല്ലി അറയ്‌ക്കപ്പറമ്പിൽ മത്തായിയുടെ മകൾ സുമിതയെയാണ്‌ മർദ്ദിച്ചത്‌. കഴിഞ്ഞമാസം 21-ന്‌ സ്‌കൂളിൽ പോകുമ്പോൾ റോഡിൽ നിന്നും കളഞ്ഞുകിട്ടിയ പത്തുരൂപയ്‌ക്ക്‌ മിഠായി വാങ്ങിയ സുമിത ഈ പണം മഠത്തിൽ നിന്നും മോഷ്‌ടിച്ചതാണെന്ന്‌ പറഞ്ഞാണ്‌ മദർ സുപ്പീരിയർ മർദ്ദിച്ചത്‌. ചൂരൽകൊണ്ട്‌ അടിച്ചതിന്റെ 38 പാടുകളും തീപ്പൊളളലേറ്റതിന്റെ രണ്ട്‌ പാടുകളും കുട്ടിയുടെ ശരീരത്തിലുണ്ട്‌. പീഡനം നടന്ന്‌ പത്ത്‌ ദിവസം കഴിഞ്ഞിട്ടും കോൺവെന്റ്‌ അധികൃതർ കുട്ടിക്ക്‌ ചികിത്സ നൽകാത്ത സാഹചര്യത്തിലാണ്‌ സന്നദ്ധസംഘടനകൾ രംഗത്തിറങ്ങിയത്‌. സുമിതയും സഹോദരിമാരായ സുനിത, സുചിത എന്നിവരും മഠത്തിലെ അന്തേവാസികളാണ്‌.

മറുപുറംഃ- കർത്താവിന്റെ മണവാട്ടിമാരുടെമേൽ സാത്താൻ കയറിത്തുടങ്ങിയോ ദൈവമേ, ഇതുപോലുളള നാലു കന്യാസ്‌ത്രീകൾ ഉണ്ടെങ്കിൽ മദർ തെരേസയുടെ പേരുപോലും ആളുകൾ ഭീതിയോടെയാകും കേൾക്കുക. ഈ വക സാധനങ്ങളെ നല്ലവഴിക്കു നടത്താൻ ചാട്ടവാർ ഇനിയും എടുക്കേണ്ടിവരുമോ കർത്താവിന്‌. എങ്കിലും കർത്താവേ; ബത്തേരി കുപ്പാടി വഴി പോകല്ലേ പിടിച്ച്‌ വീണ്ടും കുരിശിലേറ്റിക്കളയും ഈ മണവാട്ടിമാർ.

Generated from archived content: news1_dec7.html

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here