മാർക്സിന്റെ സ്വപ്ന കമ്യൂണിസം ചൈനയിലില്ലഃ മന്ത്രി മാണി

മാർക്‌സ്‌ സ്വപ്‌നം കണ്ട കമ്യൂണിസ്‌റ്റ്‌ വ്യവസ്ഥ ചൈനയിൽ കാണാനായില്ലെന്ന്‌ മന്ത്രി കെ.എം.മാണി. രണ്ടാഴ്‌ചത്തെ ചൈനീസ്‌ സന്ദർശനം കഴിഞ്ഞെത്തി പത്രപ്രവർത്തകരോട്‌ സംസാരിക്കുകയായിരുന്നു മന്ത്രി. ബഹുരാഷ്‌ട്ര കുത്തകകൾക്ക്‌ പൂർണ്ണ സ്വാതന്ത്ര്യം ചൈനയിലുണ്ട്‌. റോഡുകളെല്ലാം എക്സ്‌പ്രസ്‌ ഹൈവേകളാണ്‌. വിദേശ കമ്പനികൾക്ക്‌ ലാഭം പുറത്തേയ്‌ക്ക്‌ കൊണ്ടുപോകാനുളള സ്വാതന്ത്ര്യവുമുണ്ട്‌. എന്നാൽ ഇംഗ്ലീഷ്‌ ഭാഷ വശമില്ലാത്തതാണ്‌ ചൈനയുടെ പ്രധാനപ്രശ്‌നം. വികസനതന്ത്രങ്ങൾ ചൈനയിൽനിന്ന്‌ നാം പഠിക്കണമെന്നും മന്ത്രി പറഞ്ഞു.

മറുപുറംഃ- കൊച്ചി കണ്ടവന്‌ അച്ചിയെ വേണ്ട, കൊല്ലം കണ്ടവന്‌ ഇല്ലവും വേണ്ട എന്ന മട്ടാണല്ലോ മന്ത്രി മാണിക്ക്‌…ഇനി തായ്‌ലാന്റിലും ഫിലിപ്പിൻസിലും സന്ദർശനം നടത്തി; പെൺവാണിഭം ടൂറിസത്തിന്‌ കേമം എന്നുപറഞ്ഞു കളഞ്ഞേക്കുമോ…?

പത്തുസെന്റിൽ നാലുവീട്‌ വച്ച്‌ ജീവിക്കുന്ന കേരളീയന്റെ ഇട്ടാവട്ട സ്ഥലത്ത്‌ എക്സ്‌പ്രസ്‌ ഹൈവേ വന്നാൽ ആർക്കു ഗുണം എന്ന്‌ കണ്ടറിയണം. മാർക്‌സിന്റെ കമ്യൂണിസം ഏതാണ്ട്‌ മൂവാറ്റുപുഴയിലും പാലായിലുമാണ്‌ നടക്കുന്നതെന്ന്‌ കഴിഞ്ഞ തിരഞ്ഞെടുപ്പോടെ മനസ്സിലായല്ലോ….ഇതൊക്കെ ആരോടാണ്‌ പറയുന്നത്‌ കേരളത്തിലെ സഖാക്കളോടോ…മാർക്സിന്റെ പ്രതിമയുണ്ടെങ്കിൽ അതും, മൂലധന പുസ്‌തകമുണ്ടെങ്കിൽ അതും വിറ്റ്‌ പാർട്ടിയാപ്പീസ്‌ ഇ.സിയാക്കാൻ നടക്കുന്നവരാ അവർ… വലിയ വായിലെ വർത്തമാനം നിർത്തി കേരളത്തിന്റെ യഥാർത്ഥ പ്രശ്‌നം എന്തെന്ന്‌ മനസ്സിലാക്ക്‌ മന്ത്രീ… അങ്ങേലെ കോഴിയെ കണ്ട്‌ ഇവിടെ വെളളം ചൂടാക്കണമോ…?

Generated from archived content: news1.html

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here