പോലീസ്‌സ്‌റ്റേഷനുമായി ബന്ധപ്പെടുന്നവരോട് മാന്യത പുലർത്തുന്നതിനായി ആറിന പെരുമാറ്റച്ചട്ടം ഡി.ജി.പി പുറപ്പെടുവിച്ചു. ഇത് അനുസരിക്കാത്തവർക്കെതിരെ വകുപ്പുതല നടപടികൾ സ്വീകരിക്കുമെന്നും സർക്കുലറിൽ വ്യക്തമാക്കിയിട്ടുണ്ട്. പെരുമാറ്റച്ചട്ടം നടപ്പിലാക്കുന്നത് രഹസ്യമായി പരിശോധിച്ച് റിപ്പോർട്ട് തയ്യാറാക്കും. പോലീസ്‌സ്‌റ്റേഷനുകളിലേയ്‌ക്ക് ഫോൺ വരുമ്പോൾ എടുക്കുന്ന ഉദ്യോഗസ്ഥൻ ‘നമസ്‌കാരം’ എന്നു പറഞ്ഞ് വിളിക്കുന്നയാളെ അഭിസംബോധന ചെയ്യണം. ഫോണിൽ സംസാരിക്കുന്ന ഉദ്യോഗസ്ഥൻ തന്റെ പേരും റാങ്കും വെളിപ്പെടുത്തണം. ഒപ്പം പോലീസ്‌സ്‌റ്റേഷന്റെ പേരും. ഇതിനുശേഷം മാത്രമെ വിളിച്ച വ്യക്തിയുടെ വിവരങ്ങളും മറ്റും ചോദിച്ച് മനസ്സിലാക്കേണ്ടത്.
മറുപുറംഃ- ജനത്തിനെ തടവി സുഖിപ്പിച്ചോളൂ. പക്ഷെ തലയിലിരുത്തി രസിപ്പിക്കരുത്…ചെവി മാത്രമല്ല തലമുടിവരെ കടിച്ചുതിന്നും. നന്നായി ഒന്നു കൂമ്പിനുകുത്താൻപോലും പോലീസുകാർക്ക് വിലക്കാണ്. പിന്നെ ഈ ഒച്ചപ്പാടിലും രണ്ടു തെറിപറയലിലുമാണ് ഇവർ പിടിച്ചു നില്‌ക്കുന്നത്. ദേ ഇപ്പോ വിളിക്കുന്നവരോടൊക്കെ ‘നമസ്‌കാരം’ പറയണമെന്ന്. പോയിപ്പോയി പോലീസ്‌സ്‌റ്റേഷനുകൾ വേദോപദേശ ക്ലാസുകളാക്കി മാറ്റുമോ എന്നാ പേടി….
വെളുപ്പിനെ തന്നെ സ്‌റ്റേഷനുകളിലേക്ക് കോളുകൾ വന്നുതുടങ്ങി.. നാട്ടിലുളള അണ്ടനും അടകോടനും തല്ലുകൊളളിയും പോക്കറ്റടിക്കാരനും കുത്തിയിരുന്ന് ഫോൺ വിളിക്കുകയാ….പോലീസിലെ മിന്നൽപരമുമാരും ഇടിവെട്ട് ജോസുമാരും ‘നമസ്‌കാരം’ പറഞ്ഞ് ക്ഷീണിച്ചു തുടങ്ങി.
ഡി.ജി.പിക്ക് ഇതും പറയാം ഇതിനപ്പുറവും പറയാം. ലോക്കലിലെ പാവത്തുങ്ങളാ സഹിക്കേണ്ടത്….ഇരിക്കേണ്ട സ്ഥലത്ത് കൃത്യമായി ഇരുന്നില്ലേൽ അവിടെ വല്ല പട്ടിയും കയറിയിരിക്കുമേ…നമസ്‌കാരം…മറുപടി കേമം. ഒന്ന് ഒറപ്പിച്ചു പറയടോ പിസി മുന്നൂറ്റിനാല്‌പത്തിമൂന്നേ….
Generated from archived content: news1-feb3.html