കോളേജ് കാമ്പസുകളിൽ വിദ്യാർത്ഥി രാഷ്‌ട്രീയവും പഠിപ്പുമുടക്കും നിരോധിക്കാൻ മാനേജ്‌മെന്റിന് അവകാശമുണ്ടെന്ന് ഹൈക്കോടതി വിധി. വിദ്യാർത്ഥികൾക്ക് പെരുമാറ്റച്ചട്ടം രൂപവൽക്കരിക്കാനും വിധിയിൽ ആവശ്യപ്പെടുന്നുണ്ട്. വിദ്യാർത്ഥികൾക്ക് പരാതി ഉണ്ടെങ്കിൽ അത് സർവ്വകലാശാലവേദികളിൽ അറിയിച്ചാൽ മതി. അല്ലെങ്കിൽ നിയമപരമായ മറ്റ് വഴികളും നേടാവുന്നതാണ്. ഇത് സർക്കാർ കോളേജുകൾക്കും ബാധകമാണ്. വിദ്യാർത്ഥിയുടെ പെരുമാറ്റച്ചട്ടം നടപ്പിലാക്കേണ്ടത് അതാത് കോളേജുകളിലെ പ്രിൻസിപ്പൽമാരായിരിക്കണം. ജസ്‌റ്റിസ് കെ.എസ്.രാധാകൃഷ്‌ണനും ജസ്‌റ്റിസ് കെ.പത്‌മനാഭൻനായരും ഉൾപ്പെട്ട ഡിവിഷൻ ബഞ്ചാണ് വിധി പ്രസ്താവിച്ചത്.
മറുപുറംഃ- വരുന്ന തലമുറയെ എങ്ങിനെ “മണകൊണാഞ്ച”ന്മാർ ആക്കാം എന്ന ലക്ഷ്യം നേടാനുളള കഠിനപ്രയത്നത്തിലാണ് നമ്മുടെ കോടതികൾ എന്ന് തോന്നുന്നു. ഇനി എൻ.എസ്.എസിനും എസ്.എൻ.ഡി.പി.യ്‌ക്കും പളളിക്കും പട്ടക്കാരനും പിളേളരുടെമേൽ കുതിര കയറാൻ നേരായ വഴിയായി. ഇനി കോളേജുകളിൽ കുർബാനയും ഓത്ത് പഠിത്തവും നാമജപവുമൊക്കെയാകാം. പ്രതികരിക്കുന്നവന്റെ വായിൽ എന്നും ആപ്പടിക്കുകയാണല്ലോ എല്ലാവരുടെയും ഉന്നം. അങ്ങിനെ പലപ്പോഴും സമൂഹത്തെ ചലിപ്പിക്കുകയും ചിന്തിപ്പിക്കുകയും ചെയ്ത കാമ്പസുകൾക്ക് വിട.
കുട്ടികളെ, ഇന്ത്യയിലെ ഏറ്റവും വലിയ മഹാൻ പറഞ്ഞ വാചകം ആണിത് “നിയമം നടപ്പിലാക്കാനുളളത് മാത്രമല്ല….അത് ലംഘിക്കാൻ കൂടിയുളളതാണ്.” ആളുടെ പേർ പറയുന്നില്ല…..കോടതി പരേതനായ ആ അല്പവസ്‌ത്രധാരിയെകൂടി കഴുവിലേറ്റും.
Generated from archived content: news-feb21.html