കല്ലേറിനെതിരെ വി.എസ്‌. പറഞ്ഞതിന്‌ പുല്ലുവില

സെക്രട്ടറിയേറ്റ്‌ പടിക്കൽ നിരാഹാരം അനുഷ്‌ഠിക്കുന്ന വിദ്യാർത്ഥി നേതാക്കൾക്ക്‌ അഭിവാദ്യം അർപ്പിക്കാനെത്തുന്നവർ കല്ലുമായി വരരുതെന്ന വി.എസ്‌. അച്യുതാനന്ദന്റെ ആഹ്വാനം വിദ്യാർത്ഥികൾ കാറ്റിൽ പറത്തിയെന്ന്‌ മലയാള മനോരമ കുറ്റപ്പെടുത്തുന്നു.

എട്ടുദിവസം പിന്നിട്ട നിരാഹാര സമരത്തിന്‌ ചൂടുപകരാൻ വി.എസിന്റെ ആഹ്വാനം തളളിക്കളഞ്ഞ്‌ കല്ലുമായിതന്നെ വിദ്യാർത്ഥികൾ തെരുവിലിറങ്ങി. സമരം ചെയ്യുന്നവരോട്‌ കൂറുണ്ടെങ്കിൽ സമാധാനപരമായിട്ടായിരിക്കണം മാർച്ചെന്ന വി.എസിന്റെ ആഹ്വാനം പാലിക്കപ്പെട്ടില്ല. ഏതു വിധേനയും പോലീസിനെ പ്രകോപിപ്പിക്കാനായിരുന്നു സമരക്കാരുടെ ശ്രമം. മനോരമ ചൂണ്ടിക്കാട്ടുന്നു.

മറുപുറംഃ- എട്ടുദിവസം ഗാന്ധിമാർഗ്ഗമായ നിരാഹാരസമരം നടത്തിയിട്ടും സർക്കാര്‌ തിരിഞ്ഞുനോക്കിയില്ലല്ലോ മനോരമയിലെ സാറന്മാരേ… പിന്നെ സ്‌റ്റെൻ ഗ്രനേഡുമായി നില്‌ക്കുന്ന ആന്റണിപോലീസിനെ പൂക്കളുമായി നേരിടണമെന്നായിരിക്കും മനോരമ പറയുന്നത്‌. വിദ്യാർത്ഥികൾ ഇടതോ വലതോ ആകട്ടെ, പോലീസിന്റെ തല്ല്‌ എന്നത്‌ അത്ര സുഖമുളള കാര്യമല്ല എന്നറിയാമോ? പത്തിരുപതിനായിരത്തിനുമേലെ ശമ്പളം വാങ്ങി ഇ.സിയിലൊക്കെ സുഖിച്ചിരിക്കുന്ന മനോരമ പത്രക്കാർക്കിതു പറഞ്ഞാൽ മനസ്സിലാകുമോ ആവോ? ചിലർക്കെങ്കിലും പഴയകാല സമര പരിപാടികൾ ഓർമ്മയുണ്ടാകും. പക്ഷെ മനോരമപ്പടി കയറിയാൽ അച്ചായന്റെ മറ്റെ ചുവ വരാതിരിക്കുമോ… തല്ലു വരുമ്പോൾ നിന്നുകൊളളുന്നത്‌ മനോരമയ്‌ക്ക്‌ അഭിമാനമാണെങ്കിലും ചെറുപ്രായത്തിലെ കോളേജുപിളേളർ അതത്ര അഭിമാനമായി കാണുകില്ല…. എട്ടുദിവസം സത്യാഗ്രഹ സമരം നടത്തിയ വിദ്യാർത്ഥികളെ സെക്രട്ടറിയേറ്റ്‌ നടയിൽ അലഞ്ഞു തിരിഞ്ഞു നടക്കുന്ന നായ്‌ക്കളുടെ വിലപോലും കല്പിക്കാത്ത ആന്റണി സർക്കാരിനെതിരെ ഒരു ചെറിയ ബോക്‌സ്‌ വാർത്തയെങ്കിലും കൊടുക്കാമോ മുത്തശ്ശി പത്രമേ….

Generated from archived content: aug8_news3.html

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here

 Click this button or press Ctrl+G to toggle between Malayalam and English