സ്വാശ്രയ വിദ്യാഭ്യാസനയങ്ങൾക്കെതിരെ ഇടതുപക്ഷ വിദ്യാർത്ഥിസംഘടനകൾ നടത്തിയ മാർച്ചിനോടനുബന്ധിച്ച് തലസ്ഥാന നഗരിയിൽ പരക്കെ സംഘർഷം. സെക്രട്ടറിയേറ്റ് പരിസരത്തും ആർട്ട് കോളേജിലും വിദ്യാർത്ഥികളും പോലീസും തമ്മിലുണ്ടായ രൂക്ഷമായ ഏറ്റുമുട്ടലുകളിൽ നിരവധി വിദ്യാർത്ഥികൾക്കും പോലീസുകാർക്കും പരിക്കേറ്റു. സമരക്കാരെ പിരിച്ചുവിടാൻ പോലീസ് സ്‌റ്റെൻ ഗ്രനേഡും കണ്ണീർവാതകവും ഉപയോഗിച്ചു. സ്‌റ്റെൻ ഗ്രനേഡിന്റെ ചീളേറ്റ് ഗുരുതരമായി പരിക്കേറ്റ എ.ഐ.എസ്.എഫ് കണ്ണൂർ ജില്ലാവൈസ് പ്രസിഡന്റ് കെ.സജീഷിനെ മെഡിക്കൽ കോളേജ് ആശുപത്രിയിൽ ശസ്‌ത്രക്രിയയ്‌ക്ക് വിധേയനാക്കി. സമരക്കാരുടെ കല്ലേറിൽ ഒരു പോലീസുകാരനും ബസ് യാത്രക്കാരനും പരിക്കേറ്റിട്ടുണ്ട്.
ഇന്ന് സംസ്ഥാനത്തെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും സർക്കാർ അവധി പ്രഖ്യാപിച്ചു. ലാത്തിച്ചാർജിൽ പ്രതിക്ഷേധിച്ച് തിരുവനന്തപുരത്ത് ഇന്ന് ഹർത്താൽ ആയിരിക്കുമെന്ന് എൽ.ഡി.എഫ് ജില്ലാകമ്മറ്റി അറിയിച്ചു.
മറുപുറംഃ – ഭരണകാലത്ത് കോൺഗ്രസുകാർക്കേ ഉശിരില്ലാതുളളൂ… പോലീസുകാർക്ക് നല്ല ഉശിരാ… കാര്യം ചിലരെങ്കിലും വിദ്യാർത്ഥികളെകൊണ്ട് ചുടുചോറ് വാരിക്കുകയാണെങ്കിലും കേരളാപോലീസിന്റെ നടപ്പുപരിപാടികൾ അത്ര നന്നെന്നു തോന്നുന്നില്ല. പോലീസിനു പ്രവർത്തിക്കുവാനുളള സ്വാതന്ത്ര്യം കൊടുക്കുന്നു എന്ന് മുഖ്യമന്ത്രി പറഞ്ഞതു ശരി തന്നെ. എങ്കിലും എന്തും ചെയ്യുവാനുളള അവകാശമല്ലല്ലോ സ്വാതന്ത്ര്യം…. നാളെ ഞങ്ങൾക്ക് എന്തും ചെയ്യുവാനുളള സ്വാതന്ത്ര്യം കിട്ടി എന്നു പറഞ്ഞ് ഈ പോലീസുകാർ ഉടുതുണിയില്ലാതെ നാട്ടിൽ പരേഡു നടത്തിയാൽ നമ്മുടെ മുഖ്യമന്ത്രി ഹായ്…. ഹായ്… എന്നു പറയുമോ ആവോ.. തെറ്റുചെയ്യുന്നവരെ ഒതുക്കാൻ ചെറിയ പ്രയോഗമൊക്കെ ആകാം… സ്‌റ്റെൻ ഗ്രനേഡൊക്കെ ഉപയോഗിക്കുമ്പോൾ ചിലപ്പോൾ കളി കാര്യമാകും.
Generated from archived content: aug8_news1.html