സംഗീതജ്ഞാനിയല്ലെങ്കിലും മാനസിക സംഘർഷം കുറയ്‌ക്കാൻ ഈയിടെയായി താൻ പാട്ടുകേട്ടു തുടങ്ങിയെന്ന് മുഖ്യമന്ത്രി ഇ.കെ.ആന്റണി. തിരുവനന്തപുരത്ത് ചെമ്പൈ സംഗീതോത്സവത്തിന്റെ സമാപന സമ്മേളനം ഉദ്‌ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു ആന്റണി. യോഗ ചെയ്യുന്നതുപോലെ സംഗീതം കേൾക്കുന്നതും നല്ലതാണ്. ബാലമുരളീകൃഷ്ണയുടെ സി.ഡി കേട്ടുകൊണ്ടാണ് ഞാൻ വന്നത്. ആന്റണി പറഞ്ഞു. സംഗീതലോകത്തിന് കേരളം നല്‌കിയ സംഭാവനയാണ് ചെമ്പൈ വൈദ്യനാഥ ഭാഗവതരെന്ന് മുഖ്യമന്ത്രി ആന്റണി അനുസ്‌മരിച്ചു.
മറുപുറംഃ- സംഗീതം അനന്തസാഗരമാണ്. അതിന്റെ തീരത്ത് ചിപ്പികൾ പെറുക്കി കളിക്കുന്ന ബാലനാണ് താൻ എന്നൊന്നും പറയാതിരുന്നത് നന്നായി…. പറഞ്ഞിട്ടു കാര്യമില്ല… കേരള മുഖ്യമന്ത്രിപദം തലയിലിരിക്കുന്ന ആന്റണി സംഗീതമല്ലേ കേൾക്കുന്നുളളൂ… മറ്റു വല്ലവരുമായിരുന്നേൽ രണ്ടു പായ്‌ക്കറ്റ് മൂലവെട്ടിയടിച്ച് അന്തോം കുന്തോം ഇല്ലാതെ നടന്നേനെ. ഗ്രൂപ്പുയുദ്ധം മുറുകുന്ന നേരത്ത് പിടിവിട്ടു പോകാതിരിക്കാൻ ബാലമുരളീകൃഷ്ണയുടെ സി.ഡിയൊന്നും മുഖ്യമന്ത്രിക്ക് പോരാതെ വരും. അത്യാവശ്യം ഭരണിപ്പാട്ടിന്റെ രണ്ടു കാസറ്റെങ്കിലും കരുതികൊളളണം… അതും സംഗീതമാണല്ലോ… പാവത്തിന്റെ ഒരു ഗതി..
.
Generated from archived content: aug20_news2.html
Click this button or press Ctrl+G to toggle between Malayalam and English