പ്രസിദ്ധ എഴുത്തുകാരനും പത്രപ്രവർത്തകനുമായ വെട്ടൂർ രാമൻനായർ (84) അന്തരിച്ചു. ഹൃദ്രോഗത്തെ തുടർന്ന് പാലാ തെളളകം കാരിത്തോസ് ആശുപത്രിയിൽ വച്ച് ഇന്നലെ രാവിലെ 6.15 നായിരുന്നു അന്ത്യം.
എഴുത്തിന്റെ ലോകത്ത് വ്യത്യസ്തമായ വഴിയിലൂടെ സഞ്ചരിച്ച്, സാഹിത്യരചനയിൽ മാത്രമല്ല പ്രസാധനരംഗത്തും പത്രപ്രവർത്തനത്തിലും വെട്ടൂർ തന്റെ പ്രാഗത്ഭ്യം തെളിയിട്ടുണ്ട്. സ്വതന്ത്ര്യസമരസേനാനി കൂടിയായിരുന്നു വെട്ടൂർ. കേരള ഗ്രന്ഥശാലാ സംഘത്തിന്റെ സ്ഥാപക പ്രവർത്തകൻ, കേരള ലൈബ്രറി ഉപദേശക ബോർഡ് അംഗം, ഗ്രന്ഥലോകം പ്രസിദ്ധീകരണത്തിന്റെ പത്രാധിപസമിതി അംഗം എന്ന നിലകളിലും ഇദ്ദേഹം പ്രവർത്തിച്ചിട്ടുണ്ട്. ‘പാക്കനാർ’ വിനോദമാസികയുടെ പത്രാധിപരായിരുന്നു. പാലാ സഹൃദയസമിതിയുടെ സ്ഥാപകനായ ഇദ്ദേഹം ഏതാനും വർഷംമുമ്പ് സ്ഥാപിച്ച സഹൃദയ ബുക്‌സിന്റെ മാനേജിംഗ് ഡയറക്‌ടറായി പ്രവർത്തിക്കുകയായിരുന്നു.
കഥ, നോവൽ, കവിത, യാത്രാവിവരണം എന്നീ വിഭാഗങ്ങളിൽ ഇരുപത്തി അഞ്ചോളം പുസ്തകങ്ങൾ രചിച്ചിട്ടുണ്ട്. “ജീവിക്കാൻ മറന്നു പോയ സ്‌ത്രീ‘ എന്ന നോവൽ ഏറെ ചർച്ചചെയ്യപ്പെടുകയും സിനിമയാക്കുകയും ചെയ്‌തു. 1987-ൽ ’പുഴ‘ എന്ന കഥാസമാഹാരത്തിന് കേരള സാഹിത്യ അക്കാദമി അവാർഡ് ലഭിച്ചു.
ആദരാഞ്ജലികൾഃ- മലയാള സാഹിത്യ സാംസ്‌കാരിക രംഗത്ത് സജീവമായി പ്രവർത്തിക്കുകയും കേശവദേവ്, തകഴി, ബഷീർ, പൊൻകുന്നം വർക്കി എന്നിവരുടെ സമകാലികനായി എഴുത്തിന്റെ മേഖലയിൽ തന്റേതായ വഴി തുറക്കുകയും ചെയ്ത വ്യക്തിയാണ് വെട്ടൂർ. വെട്ടൂരിന്റെ ഓർമ്മയ്‌ക്കുമുന്നിൽ സാംസ്‌കാരിക കേരളത്തോടൊപ്പം പുഴഡോട്ട്‌കോമും ആദരാഞ്ജലികൾ അർപ്പിക്കുന്നു.
Generated from archived content: aug12_news1.html
Click this button or press Ctrl+G to toggle between Malayalam and English