അല്ല,എങ്ങനെ ദേഷ്യം വരാതിരിക്കും..നേരം ഇത്രയുമായിട്ടും പത്രവും കയ്യിൽ പിടിച്ചോണ്ട് ഒറ്റയിരുപ്പാ.ഓഫീസിൽ പോകേണ്ടതാണെന്ന വിചാരമൊന്നുമില്ല..ഈ അമ്മയുടെ ഒരു കാര്യം.
‘’അമ്മേ,ഞാൻ കുറെ നേരമായി പറയുന്നു,പോയി പല്ല് തേച്ച്,കുളിച്ച് നല്ല കുട്ടിയായി വന്ന് ഓഫീസിൽ പോകാൻ നോക്ക്,എന്നെ വെറുതെ ദേഷ്യം പിടിപ്പിക്കരുത്.’’.
ഇതൊക്കെ കേട്ടിട്ടും തെല്ലൊരു മടിയോടെയാണ് അമ്മ കസേരയിൽ നിന്നെഴുന്നേറ്റത്.പിറുപിറുക്കലുകൾക്കും ശകാരങ്ങൾക്കും ഇടയിൽ പതിയെ അമ്മ കുളിമുറിയിലേക്ക് കയറി.
അഞ്ച് മിനിറ്റ് തികയും മുമ്പ് ഡോറിനു മുന്നിൽ വിളിയെത്തി.’’ഇതെന്താ അമ്മേ,ബാത്റൂമിലിരുന്ന് ഉറക്കമാണോ,സമയത്തിന് ഓഫീസിലൊന്നും പോകണ്ടേ,എട്ട് മണിയാകുമ്പോൾ വണ്ടിയിങ്ങെത്തും..’’
ഓടിപ്പിടിച്ച് ബാത്ത് റൂമിൽ നിന്നിറങ്ങുമ്പോഴേക്കും സമയം ഏഴേ മുക്കാൽ..’’അമ്മേ,ഇന്നലത്തെ ഓഫീസ് വർക്ക് വല്ലതും ചെയ്യാൻ ബാക്കിയുണ്ടോ..’’ ഡയറിയെടുത്തു നോക്കുമ്പോഴേക്കും ഇന്നലത്തെ കുറെ വർക്കുകൾ ബാക്കി കിടക്കുന്നു..’’കൈക്കൂലിയും ഓഫീസും’’ എന്ന വിഷയത്തെ കുറിച്ച് ഒരു പ്രൊജക്ട് ചെയ്യാൻ പറഞ്ഞു വിട്ടിട്ട് അത് ഇതു വരെ ചെയ്തിട്ടില്ല.
അമ്മയെ പിടിച്ച് കസേരയിലിരുത്തി.ഭക്ഷണമെടുത്തു കൊടുക്കുമ്പോഴും അവളുടെ കണ്ണുകൾ ക്ളോക്കിലായിരുന്നു.ഓഫീസ് വണ്ടിയെങ്ങാനും പോയാൽ പിന്നെ അമ്മയെ ആരാ കൊണ്ട് ഓഫീസിൽ വിടുന്നത്..’’ വല്ലതുമൊക്കെ കഴിച്ചെന്നു വരുത്തി അമ്മ എഴുന്നേറ്റു.മുമ്പിൽ അമ്മയും പുറകെ ബാഗും തൂക്കി അവളും നടന്നു.
സ്വപ്നം കാണാൻ സമയം കിട്ടിയ ഒരു ഞായറാഴ്ച കണ്ട പേക്കിനാവിൽ നിന്നും ഞെട്ടിയുണരുമ്പോൾ അമ്മ ആകെ വിയർത്തു കുളിച്ചിരുന്നു.ബോധത്തിലേക്ക് തിരികെ വന്നപ്പോൾ ആദ്യം നോക്കിയത് മോളെയാണ്.അടഞ്ഞു പോകാൻ തുടങ്ങുന്ന കണ്ണുകൾ തുറന്നു പിടിച്ച് ഉറക്കം വരാതിരിക്കാൻ താഴെ പാത്രത്തിൽ എടുത്തു വെച്ചിരിക്കുന്ന വെള്ളത്തിൽ കാലും നീട്ടിയിരുന്ന് ഹോം വർക്ക് ചെയ്യുന്ന മോളെ കണ്ടപ്പോഴാണ് അമ്മയുടെ ശ്വാസം നേരെ വീണത്..