ഉണർന്നെണീറ്റയുടനേ
പത്രക്കാരൻ പറഞ്ഞു
പുതുവൽസരാശംസകൾ.,
പത്രത്തിന്റെ വില
ഇന്നു മുതൽ അൽപ്പം കൂടിയിട്ടുണ്ടത്രേ.
പാൽക്കാരൻ വണ്ടി നിർത്തി,
പറഞ്ഞു
പുതുവൽസരാശംസകൾ
ഇന്നു മുതൽ
പാലിന്റെ വിലയും
അൽപ്പം കൂടുമത്രേ..,
പറ്റു കടയിൽ കടക്കാരൻ
വലിയ വായിൽ വിളിച്ചു പറഞ്ഞു
പുതുവൽസരാശംസകൾ
പറ്റു ബുക്ക്
കണക്കുതീർക്കണമത്രേ..
വാടക മുതലാളി
രാവിലെ തന്നെ വന്നു പറഞ്ഞു
പുതുവൽസരാശംസകൾ
ഈ മാസം മുതൽ
വീട്ടുവാടക കൂട്ടാതെ
മുന്നോട്ടു പോവാൻ
കഴിയില്ലത്രേ…
എല്ലാം കേട്ടു നിന്ന്
ഞാനും മനസിൽ പറഞ്ഞു
പുതുവൽസരാശംസകൾ
പുതുവൽസരമേ
നീ ഇനിയും വരാതിരുന്നെങ്കിൽ!