ഇളവെയിലില്‍ കുളിച്ചു നിന്നു അതിവിശാലമായ മൊട്ടക്കുന്ന്. താഴ് വാരത്ത് നിന്നും മേലോട്ട് നോക്കുമ്പോള്‍ ഒരു കൂണ്‍ പോലെ തോന്നിച്ചു, അതിന് മുകളില്‍ സ്ഥിതിചെയ്യുന്ന ജീര്‍ണിച്ച ആ കുടില്‍. പുറമ്പോക്കില്‍, അതായത് സുകൃതി ജനിക്കുന്നതിനും വളരെ വർഷം മുമ്പ്, അവർക്ക് പതിച്ചു കിട്ടിയതായിരുന്നു ആ കുന്നിലെ പുരയിടം സ്ഥിതി ചെയ്യുന്ന പത്തു സെന്‍റ് സ്ഥലം.
‘ഇവിടാരുമില്ലേ..?’ സുമുഖനായ ഒരു ചെറുപ്പക്കാരന്‍ മുറ്റത്ത് നിന്നും വിളിച്ചു ചോദിച്ചു. പെട്ടെന്നുള്ള ഒച്ച കേട്ട് പിന്തിരിഞ്ഞു നോക്കുമ്പോള്‍ ആ സുന്ദര മുഖം ദര്‍ശിക്കുന്നതിന് മുമ്പ്, ത്രസിപ്പിക്കുന്ന ഒരു സുഗന്ധം വന്ന് അവളെ മൂടി. അത് ആ പരിസരമാകെ പതിയെ പടർന്നു പന്തലിച്ചു.
”ആരാ ?” അവള്‍ ലേശം ഒച്ച കനപ്പിച്ച് അയാളോട് ചോദിച്ചു പോയി.
”ഞാന്‍, ജോയ്..ഐ മീന്‍ ജോയ് കൈമാപ്പറമ്പന്‍.” അവന്‍ ശ്വാസം നേരെയാക്കിക്കൊണ്ട് അവളെ നോക്കി ചെറുതായി മന്ദഹസിക്കാന്‍ ശ്രമിച്ചു.
”കൊച്ചിന്‍റെ പേരെന്താ ?”
”സുകൃതി ജോണ്‍…അപ്പനും അമ്മച്ചിയും ഇപ്പോൾ ഇവിടില്ല അവര്‍ അതിരാവിലെ കൂലിപ്പണിക്ക് പുറത്ത് പോയതാ..വെയില്‍ മൂക്കും മുമ്പ് തിരിച്ചെത്തും…ഏകദേശം തിരിച്ചു വരാന്‍ നേരമായിട്ടുണ്ട്…എന്താ കാര്യം ?” ലേശം ഈര്‍ഷ്യ കലർത്തി അവള്‍ ചോദിച്ചു.
”ഞാന്‍ കുറച്ചു നേരം ഈ തിണ്ണയില്‍ ഒന്ന് ഇരുന്നോട്ടേ…” അവൻ അനുവാദം ചോദിച്ചു.
”അയ്യോ… അതു വേണ്ടാ…കുറച്ചു മുമ്പ് തറ ചാണകം മെഴുകിയതേയുള്ളൂ…ഉടുപ്പില്‍ നിറയെ അഴുക്കാവും…” വേഗം അകത്തേക്ക് ഓടിപ്പോയി അവൾ ഒരു തഴപ്പായയുമായി വന്നു.
”ഇവ്ടിരുന്നോ.” ധൃതിയില്‍ വീണ്ടും അകത്തേക്ക് പോയി ഒരു മണ്‍കൂജയില്‍ വെള്ളവും ഗ്ലാസ്സും അരികില്‍ വെച്ചു.
”എന്താ നടക്കാന്‍ തീരെ അറിയില്ലെന്നുണ്ടോ …എല്ലാറ്റിനും നെട്ടോട്ടമാണല്ലോ… വെള്ളം വേണമെന്ന് ഞാന്‍ പറഞ്ഞുമില്ല…”
”അതൊരു സാമാന്യ മര്യാദയല്ലെ സാര്‍… ഒരു അതിഥി വീട്ടില്‍ വന്നാല്‍..അതും നട്ടുച്ച നേരത്ത് ഈ നിട്ടന്‍ കുന്നും കയറി…ആ നെറ്റിയിലെ വിയര്‍പ്പും നനഞ്ഞ ഉടുപ്പും കണ്ടാല്‍ ഊഹിക്കാവുന്നതല്ലേയുള്ളൂ അങ്ങയുടെ പരിക്ഷീണം…പരവശത. ”
”ശരി…ഇതൊന്ന് അൽപ്പം ചൂടാക്കി തരുമോ..തണുത്ത വെള്ളം കുടിച്ചാല്‍ തൊണ്ടയ്ക്ക് വല്ലാത്ത പ്രശ്നം ഉണ്ട്…”
”തിളപ്പിച്ച് ആറ്റണോ..?”
”വേണ്ടാ..ഒന്നു ചൂടായാല്‍ മാത്രം മതി”. അവള്‍ ധൃതിയില്‍ അകത്തേക്ക് പോയി ഓല കത്തിച്ച് വെള്ളം ചൂടാക്കി കൊണ്ടു വന്നു.
”യു ആര്‍ സോ ക്വിക്ക് ആന്‍ഡ് ആക്ടീവ്…” ജോയ് ആശ്ചര്യം കൂറി സാവകാശം ഉരുവിട്ടു.
അതിന് അവള്‍ ഒരു മന്ദഹാസം കൊണ്ട് പകരം വീട്ടി.
”കൊച്ച് എത്ര വരെ പഠിച്ചു..?”
”ഇതെന്താ എന്നെ പെണ്ണ് കാണാനെങ്ങാനും വന്നതാണോ…? പ്ലസ് ടു..പിന്നെ വീട്ടില്‍ സൌകര്യമില്ലാത്തതിനാല്‍ ഇടയ്ക്ക് നിര്‍ത്തി . എന്നിട്ടും വന്നത് എന്തിനാണെന്ന് പറഞ്ഞില്ല.”
”അത് ചെറ്യ കുട്ടികളോട് പറയേണ്ട കാര്യമല്ല..മുതിര്‍ന്നവര്‍ വരട്ടെ..അപ്പോള്‍ ഞാൻ കാര്യങ്ങൾ പറയാം.”
”ഞാൻ അത്ര കൊച്ചൊന്നുമല്ല.” അവള്‍ ഒച്ച താഴ്ത്തി മൊഴിഞ്ഞു. അയാള്‍ കൃത്രിമ ഗൌരവം പൂണ്ടു. അവള്‍ അന്നേരം കുന്നിന്റെ ചെരിവിലേക്ക് വെറുതെ കണ്ണുകളെ പായിച്ച് അലസമായി നിന്നു.
”ഞാന്‍ ജോയ്…കുര്യാച്ചന്‍ മുതലാ…”അവന്‍ സ്വയം അവര്‍ക്ക് പരിചയപ്പെടുത്തി.
”അപ്പന്‍ മരിക്കുന്നതിന് മുമ്പ് നിങ്ങളെക്കുറിച്ച് ഒരുപാട് പറഞ്ഞു കേട്ടിട്ടുണ്ട്..ഈ മൊട്ടക്കുന്നിനെക്കുറിച്ചും കൊച്ച് വീടിനെക്കുറിച്ചുമെല്ലാം…” ഒട്ടും മുഖവുര കൂടാതെ അവന്‍ പറഞ്ഞു.
”കുര്യാച്ചന്‍ മുതലാളി മരിച്ചോ..ഞങ്ങള്‍ ഒന്നും അറിഞ്ഞില്ല…ആരും പറഞ്ഞുമില്ല.” അയാള്‍ അറിയാതെ അന്തരീക്ഷത്തില്‍ കുരിശ് വരച്ചു.
”ഉവ്വ്..രണ്ടു വര്‍ഷമായി. ഒരു സഡന്‍ അറ്റാക്ക് ആയിരുന്നു.”
”ഒരിടയ്ക്ക് ഞങ്ങള്‍ തമ്മില്‍ ചില പടലപ്പിണക്കങ്ങള്‍ ഒക്കെ ഉണ്ടായിട്ടുണ്ട്. എങ്കിലും അദ്ദേഹം വളരെ നല്ല മനുഷ്യനായിരുന്നു… മാന്യദേഹം…അതു കൊണ്ടാണല്ലോ ഞങ്ങള്‍ക്ക് തല ചായ്ക്കാന്‍ ഈ മണ്ണ് തരപ്പെട്ടത്…ഒരു കൂര ഇങ്ങനെ ഇവിടെ കെട്ടാന്‍ അനുവാദം തന്നത്..കുറെക്കാലം അവരുടെ ആശ്രിതരായി കഴിഞ്ഞതിനുള്ള പാരിതോഷികം…”
”ആയിരിക്കാം…അതുമായി ബന്ധപ്പെട്ടാണ് ഞാനിപ്പോള്‍ ഇവിടേക്ക് വന്നത്… ഈ കുന്നിൽ ഒരു റിസോര്‍ട്ട് പണിയണമെന്നായിരുന്നു അപ്പന്റെ അവസാനത്തെ ആഗ്രഹം…ഞാന്‍ സ്റ്റേറ്റ്സില്‍ പഠിക്കുകയായിരുന്നതിനാല്‍ അന്ന് അതിനെക്കുറിച്ചൊന്നും ചിന്തിച്ചില്ല…പെട്ടെന്ന് ആയിരുന്നല്ലോ അപ്പന്‍റെ അന്ത്യം…ഇപ്പോള്‍ ആ ആഗ്രഹം ചെറുതായി ബലപ്പെട്ട് വരുന്നു…”
സുകൃതി അപ്പോള്‍ ഒരു ഗ്ലാസ്സില്‍ കടുംകാപ്പിയും ബിസ്ക്കറ്റുമായി എത്തി.
”കൊച്ച് ഇപ്പോള്‍ ഇതൊക്കെ കുടിക്കുമോ എന്നറിയില്ല…എന്നാലും ഞങ്ങളുടെ സന്തോഷത്തിന് …”
”ഓ, അങ്ങനൊന്നുമില്ല… ചൂടുള്ളത് വേണം എന്ന്‍ മാത്രം…” കാപ്പി കയ്യിലെടുത്ത് മെല്ലെ മൊത്തുന്നതിന്നിടയില്‍ അവന്‍ നിര്‍ത്തിയിടത്ത് നിന്നും വീണ്ടും തുടങ്ങി.
”…അതിനൊരു വിലങ്ങു തടിയായി കാണുന്നത് ഇപ്പോൾ നിങ്ങളാണ്…മുമ്പ് ഇക്കാര്യം പല പ്രാവശ്യം സൂചിപ്പിച്ച കാര്യം അപ്പന്‍ എന്നോടു പറഞ്ഞിരുന്നു…അക്കാര്യം നേരിൽ പറയാനാണ് ഞാൻ തന്നെ വന്നത്… നിങ്ങളെ വഴിയാധാരമാക്കാന്‍ ഒന്നും അല്ല ഞങ്ങളുടെ ഉദ്ദേശ്യം…ഉചിതമായ കൊമ്പന്‍സേഷന്‍ തരും…ഇവിടെ നിന്നും അധികം ദൂരെ അല്ലാതെ ചെറിയൊരു വീടും സൌകര്യവും…പുറമെ പത്തു ലക്ഷം രൂപ ക്യാഷായിട്ട് …ഇനി നിങ്ങളുടെ അഭിപ്രായം അറിയണം…”
”കൊച്ചൊന്നും വിചാരിക്കരുത്…ഞങ്ങള്‍ എന്നും പരാധീനക്കാരായിരുന്നു..ഏക മകള്‍ ഇപ്പോള്‍ കെട്ടു പ്രായമായി നില്‍ക്കുന്നു… ഞങ്ങളുടെ ദുരിതങ്ങള്‍ മൂലം അവള്‍ക്ക് പഠനം പൂര്‍ത്തീകരിക്കാന്‍ കഴിഞ്ഞില്ല… എല്ലാ ക്ലാസ്സിലും ഒന്നാമതായിരുന്നു സുകൃതി…ഞങ്ങള്‍ക്കിപ്പോള്‍ പ്രായമേറി വരികയാണ് … നിത്യവും കൂലിപ്പണി ചെയ്ത് ഒരു വിധത്തില്‍ നാളുകള്‍ തള്ളി നീക്കുന്നു…” ”ഇവിടെ ഒരു റിസോര്‍ട്ട് പണിതാല്‍ നാളെ നിങ്ങള്‍ക്ക് കോടികള്‍ കൊയ്യാന്‍ ഉള്ളതല്ലേ..അതിനാല്‍ കുറഞ്ഞതൊരു കാല്‍ ലക്ഷമെങ്കിലും കിട്ടണം…”
”എങ്കില്‍ ഡീല്‍ ഉറപ്പിക്കുന്നു … ഒരു കാര്യം കൂടി ഉറപ്പ് തരുന്നു… നിങ്ങള്‍ക്ക് പറ്റിയ ഒരു സ്ഥലം കണ്ടെത്തുന്നത് വരെ മൂന്നോ നാലോ മാസം സാവകാശം തരാം… അവധി അതില്‍ കൂടുതല്‍ വേണമെങ്കില്‍ അതും ഇപ്പോള്‍ തന്നെ പറയണം…”
”മോന്‍ നന്നായി വരും.” ജോണ്‍ ദൈവത്തിന് സ്തുതി ചൊല്ലി. ”ഇനി സുകൃതിക്ക് താല്‍പ്പര്യമെങ്കില്‍ വഴിയെ എന്തെങ്കിലും ഒരു ജോലി ഞങ്ങളുടെ സ്ഥാപനത്തില്‍ ഉറപ്പ് തരാം… അതിനിടയില്‍ എങ്ങനെയെങ്കിലും പഠിച്ച് ഇടയ്ക്ക് ഉപേക്ഷിച്ച ഡിഗ്രി കംപ്ലീറ്റ് ചെയ്യാന്‍ പറ്റുമെങ്കിൽ …”
ജോയ് കൈമാപ്പറമ്പന്‍ അവിടെ നിന്നും പടിയിറങ്ങുമ്പോള്‍ കുട്ടിക്കാലത്ത് സ്വന്തമാക്കാന്‍ കഴിയാതെ പോയ ഒരു കളിപ്പാട്ടം സുകൃതിക്ക് ഓര്‍മ വന്നു. ആ പാഴ്ക്കിനാവ് എന്തിനെന്നറിയാതെ അവളുടെ കണ്ണിലും കരളിലും അപ്പോൾ വർണ്ണപ്പകിട്ടോടെ കര കവിയാൻ തുടങ്ങി.
ആ കുന്നിന്‍റെ താഴ് വാരത്തോട് ചേര്‍ന്ന് സുകൃതിയുടെ കുടുംബം ഒരു പുരയിടം അധികം വൈകാതെ സ്വന്തമാക്കി. ചുളുവിലക്ക് അത് വാങ്ങിപ്പിക്കാന്‍ അവരെ സഹായിച്ചതില്‍ ജോയിയുടെ സാമര്‍ഥ്യം കൂടിയുണ്ട്. മറ്റൊരു സന്തോഷ വര്‍ത്തമാനം കൂടി സുകൃതിയുടെ ജീവിതത്തില്‍ ഉണ്ടായി. അവള്‍ ഇടയ്ക്കു നിര്‍ത്തിയ പഠനം തുടരാന്‍ തീരുമാനിച്ചു. ഒപ്പം ഒരു ഹോബിയായെന്നോണം അമ്മയില്‍ നിന്നും പരിശീലിച്ച ടൈലറിങ് പുഷ്ടിപ്പെടുത്തി. ടൌണിലെ വലിയ കടകളില്‍ നിന്നും അവള്‍ക്ക് കോണ്ട്രാക്ട് നിരക്കില്‍ തുണികള്‍ തയ്പ്പിച്ചു നാല്‍കാനുള്ള ഓഫറുകള്‍ ലഭിച്ചു. അതൊരു വല്യ ആശ്വാസം ആയി. കോഴി, ആട് വളര്‍ത്തല്‍ മുതലായവ അഭിവൃദ്ധിപ്പെടുത്തി. അപ്പനും അമ്മയും ഇപ്പോള്‍ പുറത്തൊന്നും പണിക്ക് പോവാതെ അവളെ സഹായിച്ച് കൂടെ നിന്നു. ജോയ് കൈമാപ്പറമ്പനോടുള്ള അവളുടെ ആരാധന വളര്‍ന്ന് പന്തലിച്ചു. ടൌണില്‍ വെച്ച് യാദൃച്ഛികമായി ഒന്നു രണ്ടു തവണ കൂടി കാണാൻ അവസരം ലഭിച്ചു. മൂന്നോ നാലോ തവണ വീട്ടില്‍ വന്നു. അത്യാവശ്യത്തിന് ചിലപ്പോള്‍ ഫോണില്‍ ബന്ധപ്പെട്ടു. ആ മൊബൈൽ ഫോണ്‍ സുകൃതിക്ക് അവന്റെ വകയായുള്ള ഗിഫ്റ്റ് ആയിരുന്നു. എന്ത് നല്ലൊരു കൊച്ചന്‍… അവനാണ് നമ്മുടെ ഇന്നത്തെ ഈ കാണുന്ന ഐശ്വര്യങ്ങള്‍ക്കെല്ലാം കാരണഭൂതന്‍…യൂത്ത് ഐകണ്‍ എന്നൊക്കെ പറയാറില്ലേ…
ഒരു ദിവസം രാത്രി കിടക്കാന്‍ നേരം അന്നാമ്മ ജോണിനോട് സ്വകാര്യം പറഞ്ഞു. ”അവന്‍ മോള്‍ക്ക് മുമ്പ് വാഗ്ദാനം ചെയ്ത ഓഫര്‍ മറന്നു പോയോ എന്നറിയില്ല.. അടുത്ത മാസം അവസാനത്തോടെ മോളുടെ ഫൈനലിന്റെ റിസള്‍ട്ട് വരും.”
”അവന്‍ ഒന്നും മറക്കില്ലെന്നെ..നല്ല കുരുത്തവും ഒതുക്കവും ഉള്ള കൊച്ചനാ…നല്ല അപ്പന് പിറന്ന ഏക മകന്‍..വെറുതെയാണോ പുറത്തൊക്കെ പോയി വല്യ ബിസിനസ്സ് ഡിഗ്രി ഒക്കെ പഠിച്ച് നാട്ടില്‍ വന്ന് സെറ്റില്‍ ആവുന്നത് … സാധാരണ ഇങ്ങനെ പുറത്ത് പഠിക്കാന്‍ പുറപ്പെടുന്നവര്‍ ഒരു മദാമ്മയും കൊച്ചുമായി തിരിച്ചു വരാറാണ് പതിവ്… ഈ പതിനെട്ടിന് റിസോര്‍ട്ടിന്‍റെ ഉദ്ഘാടനം നടത്തണമെന്നാ നിശ്ചയം…അതും അവന്റെ അപ്പന്‍റെ എഴുപത്തിനാലാം പിറന്നാള്‍ ദിനത്തില്‍… ഇപ്പം അവിടെ അങ്ങനെ ഒരു കുന്നും മലയും ഉണ്ടായിരുന്നോ എന്ന് പരതി നോക്കണം… സ്വര്‍ഗ്ഗരാജ്യം പോലുണ്ടവിടം.. ആയിരക്കണക്കിന് ആളുകളാ രാപ്പകല്‍ പണിയെടുക്കുന്നത്..കുന്നിനെ ഞൊടിയിടക്കുള്ളില്‍ പൊന്നാക്കുന്ന അത്യത്ഭുതം…”
”അവര് നല്ലോരാ.. സ്വയം നന്നാകുമ്പോള്‍ സ്വന്തം പരിസരോം നാട്ടാരേം കൂടി നന്നാക്കാനാ പുറപ്പാട്… നടന്ന വഴി മറന്നിട്ടില്ല… കുര്യാച്ചന്‍ മുതലാളിയുടെ അപ്പന്‍ ആട് മാടുകളെ വിറ്റു പെറുക്കിയാ ഇന്ന് കാണുന്ന ഈ സാമ്രാജ്യങ്ങള്‍ കെട്ടിപ്പടുത്തത്… അയാള്‍ അപ്പന്‍റെ വളരെ അടുത്ത ചങ്ങാതിയായിരുന്നു.. അവരുടെ അപ്പനും എന്റെ അപ്പാപ്പനും ഒരുമിച്ചാ പാലായില്‍ നിന്നും ഏകദേശം മുക്കാൽ നൂറ്റാണ്ട് മുമ്പ് കരുവഞ്ചാലിലേക്ക് കുടിയേറിയത്…എല്ലാറ്റിനും കുരുത്തം വേണം. അത് ആ പയ്യന് നല്ലോണം ഉണ്ട്..അവന്‍ ഈ ലോകം കീഴടക്കും. നീ നോക്കിക്കോ.”
അന്നാമ്മ ഉറക്കം നഷ്ടപ്പെട്ട് ഏതൊക്കെയോ വിചാരങ്ങളില്‍ കുരുങ്ങി. അന്നേരം ജോണച്ചായന്റെ കൂര്‍ക്കം വലി വിജനതയെ വല്ലാതെ ഭേദിച്ചു കൊണ്ട് മുഴങ്ങി. റിസോര്‍ട്ടിന്‍റെ ഉദ്ഘാടനത്തിന് സുകൃതിയുടെ കുടുംബത്തിന് പ്രത്യേക ക്ഷണം ഉണ്ടായിരുന്നു. ക്ഷണപത്രികയും റിസപ്ക്ഷനിസ്റ്റായിട്ട് അവളെ റിസോര്‍ട്ടില്‍ നിയോഗിച്ച് കൊണ്ടുള്ള നിയമന ഉത്തരവുമായിട്ട് ജോയ് കൈമാപ്പറമ്പന്‍ നേരിട്ട് വീട്ടില്‍ വന്നു. സുകൃതിയുടെയും കുടുംബത്തിന്‍റെയും സന്തോഷത്തിന് അപ്പോൾ അതിരുകള്‍ ഇല്ലായിരുന്നു. ഏകദേശം രണ്ടു വര്‍ഷം മുമ്പ് തങ്ങളുടെ കുടിലിലേക്ക് കയറി വന്നപ്പോള്‍ താന്‍ അനുചിതമായി സംസാരിച്ചതൊക്കെ സുകൃതി ഓര്‍മിച്ചെടുത്തു. പൊട്ടിപ്പെണ്ണ്. സ്വയം കുറ്റപ്പെടുത്തി. ചമ്മലോടെ പുഞ്ചിരിച്ചു.
”സുകൃതിക്കൊച്ചേ… നിനക്ക് നാളെ അതിരാവിലെ ഓഫീസില്‍ ജോയിന്‍ ചെയ്യാനുള്ളതാ..”
അമ്മച്ചീ ഇതിപ്പം എത്രാമത്തെ തവണ ആണ് ഓര്‍മ്മിപ്പിക്കുന്നത് എന്നറിയില്ല.
”ഞങ്ങളും നിങ്ങളുടെ കൂടെ തന്നെ വരണോ കൊച്ചേ…”
”വേണ്ടാ.. ജോയിച്ചന്‍ കുറച്ച് മുമ്പ് വിളിച്ചിരുന്നു…കൃത്യം പത്തരയ്ക്ക് വണ്ടി അയച്ചു തരാമെന്ന്… വേഗം ഡ്രൈവിങ് പഠിക്കണം എന്നും ഓർമിപ്പിച്ചു…കൃത്യസമയത്ത് ജോലിക്ക് ഹാജരാവാന്‍ സ്കൂട്ടി വാങ്ങിക്കാന്‍ കമ്പനി അഡ്വാന്‍സ് അനുവദിച്ചിട്ടുണ്ടെന്നും പറഞ്ഞു.”
”നീ കുരുത്തത്തോടെ നിന്നോണം..നിന്റെ എടുത്തു ചാട്ടം ഒന്നും ഇനി ആ കൊച്ചന്‍റെ മുന്നില്‍ പുറത്തേക്കെടുത്തേക്കരുത്..ങാ ഞാന്‍ പ്രത്യേകം പറഞ്ഞേക്കാം…”
”അമ്മച്ചീ…ഞാന്‍ എല്ലാം ഇനി സ്വയം നിയന്ത്രിച്ചോളാം…” അവള്‍ ഉറപ്പ് നല്‍കി. അറിയാതെ അപ്പോള്‍ കണ്ണുകള്‍ വിടർന്നു. എല്ലാം നല്ലതായി വരാന്‍ നന്മ തരേണമേ മാതാവേ എന്നവൾ ഉള്ളുരുകി പ്രാർത്ഥിച്ചു. സുകൃതി കന്യാമറിയത്തിന്റെ ചിത്രത്തിന് മുന്നില്‍ കണ്ണുകളടച്ച് കൈ കൂപ്പി കുറെ നേരം നിന്നു.
സ്വര്‍ഗ്ഗരാജ്യത്ത് എത്തപ്പെട്ട പ്രതീതി ആയിരുന്നു സുകൃതിക്ക്. നിരനിരയായി നിര്‍ത്തിയിട്ട അനേകം വാഹനവ്യൂഹങ്ങള്‍. ചുറ്റും പ്രകാശിക്കുന്ന നിയോൺ വിളക്കുകൾ. യൂണിഫോമിട്ട വാഹനങ്ങളുടെ സാരഥികള്‍ വന്നെത്തുന്ന അതിഥികളെ അനുസ്യൂതം സല്യൂട്ട് ചെയ്യുന്നു. തോരണങ്ങളാല്‍ അലംകൃതമായ വിശാലമായ മുറ്റത്തേക്ക് പ്രവേശിക്കുമ്പോള്‍ അവളുടെ കാലുകള്‍ ചെറുതായി വിറ പൂണ്ടു. ചുറ്റും ഓടി നടന്ന് എല്ലാ ഒരുക്കുങ്ങള്‍ക്കും നേതൃത്വം നല്‍കുന്നത് ജോയിച്ചന്‍. പുതുതായി സത്യപ്രതിജഞ ചെയ്ത മുഖ്യമന്ത്രി ആണ് ഉദ്ഘാടകന്‍. നാടിന്‍റെ പുതിയ വികസന സംരംഭത്തിന് പറ്റിയ സാരഥി. മനസ്സ് അങ്ങനെ മന്ത്രിച്ചു.
കണ്ടയുടനെ ഓടി വന്ന് പുതിയ തൊഴിലിലേക്ക് പ്രവേശിക്കുന്നതിന് ഹൃദ്യമായി സ്വാഗതം നേർന്നു, ജോയിച്ചന്‍.
”ആള്‍ ദ വെരി ബെസ്റ്റ് ആൻഡ് ഗുഡ് ലക്ക്…” കണ്ണുകള്‍ അറിയാതെ കരകവിഞ്ഞു
അപ്പനും അമ്മച്ചിക്കും കൃത്യസമയത്ത് ഇവിടെ എത്തിച്ചേരാന്‍ വണ്ടിക്ക് ഏര്‍പ്പാട് ആക്കിയിട്ടുണ്ടെന്ന് ഓർമിപ്പിച്ചു. അവരിപ്പോള്‍ എന്‍റെ കൂടി രക്ഷിതാക്കള്‍ ആണെന്നും. വളരെ ചെറിയ കാര്യങ്ങള്‍ പോലും എത്ര കൃത്യതയോടെയാണ് അദ്ദേഹം നിർവ്വഹിക്കുന്നത്. ആരാധന ഉള്ളില്‍ വളരുകയായിരുന്നു. സുകൃതിയെ സഹപ്രവര്‍ത്തകര്‍ കയ്യടിച്ച് സ്വീകരിച്ചു. പൂച്ചെണ്ട് നല്‍കി സീറ്റിലേക്ക് ആനയിച്ചിരുത്തി.
എല്ലാം ഒരു സ്വപ്നമാണെന്ന് തോന്നി. കൊച്ചു കാര്യങ്ങള്‍ വരെ എത്ര ശുഷ്ക്കാന്തിയോടെയാണ് മുന്നോട്ട് നീക്കുന്നത്. പെർഫെക്ട് ബിസിനസ്സ് മാനേജ്മെന്റ്. കപ്പിത്താന്‍ നന്നായാല്‍ യാത്ര സുമംഗളകരം. ഇന്ന് മുതല്‍ താനും ഈ കപ്പലിലെ ഒരു സ്റ്റാഫ്.
അവളുടെ മനം അഭിമാനത്താല്‍ വിജൃംഭിച്ചു.
മുന്നില്‍ ഒരു പുതിയ ആകാശം; പുതിയ ഭൂമി. അവൾ ഭൂമിയിൽ നിന്നും ആകാശത്തെ ഒരിയ്ക്കല്‍ കൂടി തൊടാന്‍ കൊതിച്ചു.
Click this button or press Ctrl+G to toggle between Malayalam and English