“വായ തുറന്ന് യശോദയെ വിശ്വരൂപം കാണിച്ച കൃഷ്ണനെപ്പോലെ വായ തുറന്ന് വിശ്വരൂപം കാട്ടാനാവുമെന് കവികളും മോഹിക്കുന്നു. കൃഷ്ണനിൽപ്പോലും അതിന് മുമ്പോ പിമ്പോ ഇരുന്നതല്ല ഈ വൈഭവമെന്ന് ഒരിക്കൽ കൂടി ഗീതോപദേശം ചെയ്യാമോ എന്ന് ചോദിക്കപ്പെട്ടപ്പോൾ അസാദ്ധ്യം എന്ന് അനുഗീതയിൽ പറഞ്ഞ കൃഷ്ണൻ തന്നെ വ്യക്തമാക്കുന്നുണ്ട്. അതിന് മുമ്പോ പിമ്പോ എനിക്കീ വാഗ്വൈഭവം ഉണ്ടായിരുന്നില്ല; മോശയും സാക്ഷ്യപ്പെടുത്തുന്നു. പ്രവാചകനായ മുഹമ്മദ് നിരക്ഷരനായിരുന്നു എന്ന സങ്കല്പം വ്യഞ്ജിപ്പിക്കുന്നതും അതാണ്. സാക്ഷരൻ അക്ഷരത്തോളമല്ലേയുള്ളു, അയാൾക്ക് എഴുതിയതല്ലേ വായിക്കാനാവു. എഴുതപ്പെടാത്തത് പ്രവാചകൻ വായിച്ചു. ക്രിസ്തു കന്യകാപുത്രനായിരുന്നു എന്ന സ ങ്കല്പവും കാര്യകാരണങ്ങൾക്ക് പുറത്തുള്ള ചില അനുഗ്രഹങ്ങൾ ഭൂമിയിലുണ്ട് എന്നും മനുഷ്യനത് ഓർക്കാപ്പുറത്ത് സാക്ഷാത്കരിക്കാറുണ്ട് എന്നും സാക്ഷ്യപ്പെടുത്തുകയാവാം. സാധാരണഗതിയിൽ അസാദ്ധ്യമായത്, മറ്റൊരിക്കൽ മറ്റൊരു വിധത്തിൽ സാക്ഷാത്കരിക്കാനാവാത്തത്, മികച്ച കലാസൃഷ്ടികളും സാക്ഷാത്കരിക്കുന്നു. ഓർക്കാപ്പുറത്ത് പെയ്ത മഴയിൽ മുളച്ച് ചില്ലകളിട്ട് തളിരിട്ട്പൂത്ത് തിരോഭവിക്കുന്ന മരുഭൂമിയിലെ ചെടിയുടെ അന്തർഗ്ഗതം പോലൊന്ന് എപ്പോഴെങ്കിലുമായി തന്നേയും പ്രതിനിധീകരിച്ചിട്ടുണ്ട് എന്നറിഞ്ഞിട്ടുണ്ടാ വാം എല്ലാ കവികളും.എപ്പോഴുമിരുന്നെഴു
തുന്ന മുറിയിൽ നിന്നല്ല, അപ്പോഴത്തേക്ക് മാത്രമായി നിലവിൽ വന്ന മുറിയിൽ നിന്നാണ് മികച്ച കവിതകളൊക്കെ എഴുതപ്പെട്ടത്.
“പുലരിപ്രഭാവത്തിൻ പൂഞ്ചില്ല കുലച്ചതെൻ തനുവിൽ പ്രവഹിപ്പിച്ചെത്തിയതാരാണാവോ” എന്ന് ആ അനുഭൂതിയെപ്പറ്റി അയ്യപ്പപ്പണിക്കർ. തന്റെ പതിവുടൽ പുതിയൊരുൽക്കർഷ ത്തിന്റെ ഉടലായിത്തീരുകയാണ്. “ഇപ്പരിണാമം ഫലമായെനിക്കുമേ” എന്ന് ആശാനും.
ദൈനന്ദിനജീവിത്തിന്റെ താളുകൾ മറിച്ചിടുമ്പോൾ ചിലപ്പോൾ അടുത്ത പുറത്തിന് പകരം ഓർക്കാപ്പുറം. ഒരു വരിയോ ഒരിമേജോ ചിലപ്പോളൊരു മുഴു കവിത തന്നേയോ എവിടെ നിന്നോ
ആവിർഭവിക്കും. വരിയോ ഇമേജോ അതിന്റെ ഇടത്തിനായി എന്നെ
മുന്നോട്ടും പിന്നോട്ടും നടത്തിക്കും. അപ്പോൾ മാത്രം തെളിഞ്ഞു കാണാവുന്ന വഴിയിലൂടെ.ചിലപ്പോൾ മുഴുവനായിക്കിട്ടി
യത് വെറുതെ പകർത്തിവെച്ചാൽ മതിയാകും. “വീണപ്പോൾ താങ്ങിയ അപരിചിതൻ/ എന്നെക്കുറിച്ചുള്ള ശങ്ക തീർത്തു തന്നില്ലേ ; /ബുദ്ധൻ ചോദിക്കുന്നു”, അങ്ങനെ പണിക്കുറ തീർന്ന് മുഴുവനുടലോടെ കിട്ടിയതാണ്. ഒരു കവിത എഴുതിക്കളയാം, എന്നിരുന്ന് ഇന്നോളം ഒരു കവിതയും എഴുതിയിട്ടില്ല. എത്തിയ ഇടത്ത് നിന്ന് തിരിഞ്ഞ് നോക്കിയപ്പോൾ മറ്റൊരിടത്തു നിന്നും ഇത്ര ആനന്ദം അറിഞ്ഞിട്ടില്ലെന്ന് തോന്നിയെങ്കിൽ അതിനു കാരണം എന്നേക്കാൾ വലിയ എന്റെ സാന്നിദ്ധ്യം അതിലുണ്ടായതിനാലാവാം. ആ ഞാൻ പ്രവൃത്തി മുഴുമിച്ച് എന്നിൽ നിന്ന് അപ്പോഴേക്കും നോക്കിയാലെത്താത്ത അകലത്തെത്തിയതിനാലും. ഓർക്കാപ്പുറത്ത് വന്ന ഈ വിരുന്നുകാരൻ ഇനിയെന്ന് വരുമോ, ആർക്കറിയാം.
എഴുത്തച്ഛന്റെ വേദവ്യാസൻ ദ്രുപതനോട് പറയുന്നു; “വ്യക്തമായ്ക്കാ ണാൻ ദിവ്യലോചനം നൽകീടുവനൊക്ക വേ തീരും തവ സംശയമെന്നാലപ്പോൾ”. അവ്യക്തമായതിനെ വ്യക്തമായിക്കാ ണാനുതകുന്ന ദിവ്യലോചനം കാവ്യലോചന മല്ലെന്ന് പറഞ്ഞു കൂട . വ്യാസന്റെവാക്കുകളാണവയെന്നതിനാൽ മാത്രമല്ല.അർക്കാനലാദി വെളിവൊക്കെ ഗ്രഹിക്കുന്ന കണ്ണ് കണ്ടതിലൂടെ കാണാത്തതിന്റേയും
കണ്ണായി മാറുന്നതിന്റെ ആനന്ദം എഴുത്തച്ഛൻ എഴുതിയിട്ടുമുണ്ടല്ലോ. എന്തിനെയെങ്കിലും ചൊല്ലി വികാരം കൊള്ളാനല്ല, അതിൽ നിന്ന് കിട്ടിയ വെളിവ്(wisdom) ആവിഷ്കരിക്കാനാണ് എന്റെ ശ്രമങ്ങൾ. അതുവരെ വാതിലില്ലാതിരുന്നിടത്ത് അവിചാരിതമായി പ്രത്യക്ഷപ്പെടുന്ന ഒരു മാന്തികവാതിലുടെ പുറത്തിറങ്ങാൻ.”
Click this button or press Ctrl+G to toggle between Malayalam and English