പുതിയ മഹാഭാരതം

 

 

 

പുലർച്ചയിൽ, സരസ്വതീയാമാഗ്രത്തിൽ
ഞാനിരുന്നു, ഒരാലിൻ ചുവട്ടിൽ
കളരവം പാടി ഒരുപാട് പാഴിലകൾ
പതിച്ചു മുരണ്ടുമയങ്ങും ക്ഷേത്രാങ്കണത്തിൽ

സുവർണമഞ്ഞയിലകളുടെ വർഷം
മഞ്ഞപ്പൂവിലകളുടെ പൂമാരി
അവിടെ കിടപ്പുണ്ടായിരുന്നു
ആരോ നടതള്ളിയരോമനക്കുട്ടൻ
നെറ്റിയിൽ വെള്ളപ്പൊട്ടുതൊട്ടൊരു
കറുപ്പൻ, മുനിസ്വാമി, സമാധിയിലമരും മഹാനന്ദി

പാറിപ്പറന്നു വീഴും പീതപത്രങ്ങ-
ളവൻറെ മസ്തകത്തിലൊരുപാട് പതിച്ചു
ഇളകിയില്ലവൻ സമാധിസ്ഥൻ, സ്വയം മറന്നേതോ
പൂർവ്വപുരാതനസ്മൃതിയിലമരുന്നവൻ
ആത്മജ്ഞാനത്തിൻ തേനുണ്ണുന്നവൻ

നന്ദി, നന്ദീ, കലുഷിതമാം
ഒരു ക്ഷേത്രാങ്കണത്തിൽ പതറുന്നവൻ ഞാൻ
ഭാരതക്ഷേത്രാങ്കണത്തിലെ രണഭീരു
വില്ലെടുക്കാനാവാതെ തളരും അമ്മമകൻ
ക്ഷമിക്കൂ നീ, പകരൂ എന്നിലേക്ക് നിൻ ശാന്തി
അറിയട്ടെ ഞാൻ ശ്രുതിസ്മൃതികളുടെ മഹാശക്തി

ഭാരതം പകച്ചുനിൽക്കുമീ രാത്രാന്തത്തിൽ
എടുക്കട്ടെ ഞാനെന്നമ്പും ഗാണ്ഡീവവും
തൊടുക്കട്ടെ നിതരാം പുതിയ ശസ്ത്രൌഘജാലം
പാടൂ മഹാകവികളെ പുതുപുത്തനാമൊരു മഹാഭാരതം.

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here