മഴക്കാറിൽ ഇരുളാർന്ന മാനത്തു നിന്നും
മഴനീരൊന്നായി പെയ്‌തിറങ്ങുമ്പോൾ
അരുവികൾ ചാലുകൾ തീർക്കുന്നു പുഴയായ്
അവ ഒഴുകുന്ന വഴിയിലോ കെട്ടിപ്പടുക്കുന്നു.
കെട്ടുറപ്പോടെ അണകെട്ടിൻ കോട്ടകൾ
ചങ്ങലകെട്ടിൽ ബന്ധിതയാം പോൽ
ജലരാശിയൊന്നായ് തളക്കപെട്ടവിടെ
കെട്ടിനോരം പറ്റിച്ചേർന്നവർ
ചാലുകളായ് ഊറ്റി എടുത്തവളെ
കാലങ്ങളായ് തുടരുന്നിതെന്നും
കാലമേറെയായ് കടന്നുപോയ്
അൻപതല്ല നൂറല്ല ആണ്ടുകളതിലേറെ
ക്ഷയിക്കപ്പെടും ഓരോ കെട്ടുകളും കെട്ടുറപ്പുകളും
കഴിഞ്ഞു പോകും ഓരോ കാലത്തിലും
സങ്കടം ഉള്ളിൽ തളക്കും പെണ്ണും
അണകെട്ടിലെ നീരും ഒരുപോലെ
നിനയാത്ത നേരത്തു പൊട്ടിത്തെറിച്ചീടും
സംഹാരരുദ്രപോൽ അവളുമാ നീർചാലും
താണ്ടും വഴിയെല്ലാം താണ്ഡവമാടി
തകർത്തിടും ജീവനും ജീവിതവും
തടയാനാവില്ലൊരധികാരത്തിനും
ആഡംബര സൗധങ്ങൾക്കൊന്നും തന്നെ
ജലമതിൻ വീഥി സ്വയം മെനഞ്ഞീടും
പുതു നീർച്ചാലും പുഴയുമായ് പുനർ ജനിച്ചീടും
ആ പുലരിയിൽ ഇല്ലാതെ പോകുന്നതോ
ഒന്നു മാത്രം ഈ മാനവരാശി മാത്രം
അന്ധതയിലാഴ്ന്നൊരാ അധികാര വർഗ്ഗമേ
ഇനിയും മിഴികൾ തുറന്നില്ലയെങ്കിൽ
കാണില്ലൊരിക്കലും മുന്നിലീ ജനതയെ
വേരോടെ പോകും അസ്‌ഥിത്വം പോലും
ഉരുൾ പൊട്ടും പോൽ കുത്തിയൊലിച്ചങ്ങു
പോയിടുമൊരു ജനതയും അതിൻ സംസ്കാരങ്ങളും
അണുബോബു പോൽ മാരകമല്ലോ
ഉറപ്പില്ലാത്തോരോ അണക്കെട്ടുകളും
വിവേകമിനിയും ഉണർന്നില്ലയെങ്കിൽ
വിനാശം മാത്രം അതിൻ ഫലം.
മനോഹരം