വിസ്മരിക്കരുത്

 

 

പൊള്ളുന്നു ഹൃത്തടം മകളേ
ഉൾച്ചൂടിനാൽ നീറുന്നു കൺതടം
വയ്യെനിക്കു രണ്ടു വാക്കെങ്കിലും
എഴുതാതിരിക്കുവാനീരാവിൽ

പാതിയിലേറെ പകുത്തു നല്കി
ചങ്കിൽ പാതി പറിച്ചവൾ പടിയിറങ്ങി
ഇറ്റിറ്റു വീണതാം സ്നേഹച്ചുടുകണ്ണീർ
നെടുവീർപ്പിലവരറിഞ്ഞു ജന്മസാഫല്യം

കിട്ടിയ തുട്ടുകൾ പോരെന്നുറക്കെ
കെട്ടിയ പെണ്ണിനു പോരുകൾ മാത്രം
വരമിഴിയിൽ പടരും ദുരതിമിരം
ഇരയവൾ മിഴിയിലിരമ്പും മഴയായ്

അവഗണനക്കരിന്തേളുകളിറുക്കെ
ചോര തിണർത്ത മുറിപ്പാടുകളനവധി
നൊമ്പരമുകിലുകൾ തിങ്ങിയ പകലിൽ
തിരയും വഴിയിൽ നീളും മോഹച്ചുടലകൾ

കനിവും വറ്റി വരണ്ടോരുഷ്ണഭൂവിൽ
വരുമൊരു മഴ വിരിയുമതിലൊരു
പ്രണയവസന്തം കൊതിച്ചു നിൽക്കെ
ചതിക്കുന്ന മഴവില്ലുകൾ പകർന്നിടും
ഗ്രീഷ്മചിന്തകൾ രോഷാഗ്‌നിയായ്

കറുത്ത വാക്കിന്നിടിമുഴക്കങ്ങളിൽ
ചെറുത്തു നില്പിന്നീടികൾ ഇടിഞ്ഞും
പെരുത്ത അപമാനച്ചിതയിലെരിഞ്ഞും
സഹനസഹ്യന്നുച്ചിയിലും തിരഞ്ഞവളേറെ
തെറിച്ചുവീഴുമൊരു വാക്കിൻ നിലാക്കീറിനായ്

ആർത്തി സർപ്പങ്ങളാഞ്ഞു കൊത്തവെ
ഉത്രമാരെത്രമേൽ ചിത്രത്തിലൊതുങ്ങും
നാലുനാൾ മാധ്യമസദ്യയ്ക്കു പുതുവിഭവം
അപ്പുറം മറവിയിന്നെച്ചിലിൽ നിശ്ചയം

ഉണരണം ഭരണമേ ഉണരണം
വരണമൊരു നവ നീതി കിരണം
തരണമൊരു പുതുവരമീ മണ്ണിന്നു
ചാരമാവണം ദുരാചാരങ്ങളൊന്നൊന്നായ്

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here

 Click this button or press Ctrl+G to toggle between Malayalam and English