രാവിലെ ഉണർന്നപ്പോൾ, കറങ്ങുന്ന ഫാനിനുമപ്പുറം സീലിങ്ങിൽ ഒരു വലിയ ചിലന്തി. കുറച്ചുസമയം അതിനെത്തന്നെനോക്കികിടക്കുമ്പോൾ, ചിലന്തി എന്നെനോക്കിചിരിക്കുകയാണോ, സഹതപിക്കുകയാണോ?. ഇപ്പോൾ കറങ്ങുന്ന ഫാൻ ഒരു വലിയ ചിലന്തിവലപോലെ എനിക്കുതോന്നി. അതിനുപിറകിൽ ഇരയെകാത്തുകിടക്കുന്ന വലിയ ഒരു ചിലന്തിയും. ഈയിടെ ഭാര്യ എന്നോടുപറഞ്ഞത് ഓർത്തുപോയി. ” ഈ വീട്ടിൽ മുഴുവൻ ചിലന്തികളാണ്. എല്ലായിടത്തും വലകളും. തൂത്തു കളഞ്ഞു ഞാൻ മടുത്തു”. അപ്പോൾ അത് അത്രകാര്യമാക്കിയില്ല. ചിലന്തിവലകളൊക്കെ തൂത്തുകളയാൻപറ്റുന്നതല്ലെ? അതിനെന്തിനാണ് ഇങ്ങനെ വേവലാതിപ്പെടുന്നത്. എനിക്ക് ചിരിയാണ് വന്നത്.എഴുന്നേറ്റു ഞാൻ വീടും പരിസരവും ശ്രദ്ധിച്ചു. ശരിയാണ് എല്ലായിടവും വലകൾ കൊണ്ട്നിറഞ്ഞിരിക്കുന്നു . മാത്രമല്ല അവിടെയെല്ലാം ചെറുതും വലുതുമായ ചിലന്തികളും. ഞാൻ ഒരു ചൂലെടുത്ത് എല്ലാം തൂത്തുവാരികളഞ്ഞു. തെല്ലൊരു അമർഷത്തോടെ ചിലന്തികൾ നാലുപാടും ചിതറിഓടി. പക്ഷെ തിരിച്ചുവരും എന്ന് അവരുടെ മുഖത്തുനിന്നും എനിക്ക് വായിച്ചെടുക്കാൻകഴിഞ്ഞു. ഞാൻ ആകെ അസ്വസ്ഥനായി. ഇനി എന്നും ഇവറ്റകളെ തൂത്തുവാരികളയലായിരിക്കുമോ എനിക്കും ഭാര്യക്കും പണി? പിറ്റേദിവസം രാവിലെനോക്കുമ്പോൾ കുടുതൽ ചിലന്തികൾ എത്തിയിരിക്കുന്നു. കഴിഞ്ഞദിവസം തൂത്തുവാരിയപ്പോൾ ഇരകളും അതോടൊപ്പം പോയിരുന്നു.അവറ്റകൾ തിരിച്ചുവന്നില്ല. ചിലന്തികൾ അസ്വസ്ഥരാണ്. അവ പരസ്പരം തിന്നാൻ തുടങ്ങി. ഞാൻ സമാധാനിച്ചു. അങ്ങനെയെങ്കിലും ഇവ തമ്മിൽക്കൊന്ന് ഇല്ലാതാവുമല്ലൊ? പക്ഷെ അത് അധികനേരം തുടർന്നില്ല. കൂട്ടത്തിൽ നേതാവെന്നുതോന്നിക്കുന്ന ആൾ ഒരു ഒത്തുതീർപ്പിലൂടെ എല്ലാം പരിഹരിച്ചു. ഇന്നലെ രാവിലെ കറങ്ങുന്ന വലിയ ചിലന്തിവലക്കപ്പുറം കണ്ട മുഖം ഞാൻ വേർതിരിച്ചെടുത്തു. മെല്ലെ മെല്ലെ ഇരകൾ ഓരോന്നായി വലയിൽ കുടുങ്ങാൻ തുടങ്ങി. ഇവയൊക്കെ പെട്ടന്ന് എവിടെനിന്നു വന്നു എന്ന് ഞാൻ അത്ഭുതപ്പെട്ടു. വലയിലേക്കടുത്താൽ കുടുങ്ങും എന്നബോധം ഇവറ്റകൾക്കില്ലാതെപോയല്ലോ? പക്ഷെ വലയുടെ സൗന്ദര്യം ആരെയും ആകർഷിക്കും, ഒന്ന് കയറാൻ തോന്നും. ഇവറ്റകളെ പറഞ്ഞിട്ടും കാര്യമില്ല. രാവിലെ ഉണർന്ന് മുകളിലേക്ക് നോക്കികിടക്കുന്നതു എനിക്ക് ശീലമായി. കറങ്ങുന്ന ചിലന്തിവലക്കപ്പുറം അവൻ എന്നെ നോക്കുന്നു. മുഖത്തെ ഭാവം ദേഷ്യം, പിന്നെ സൗമ്യമായി, അതോ പുച്ഛത്തോടെയാണോ ?എന്നെ നോക്കി ചിരിച്ചു. തൂത്തെറിഞ്ഞ വലകൾ പുനഃസ്ഥാപിച്ചതിന്റെതാണ് അതെന്നു തിരിച്ചറിയാൻ ഞാൻ അല്പം സമയമെടുത്തു. തിരിച്ചറിയാൻ സമയമെടുക്കുന്നതുതന്നെയാണ് ഇവറ്റകൾ ഇത്രയും വലകൾ പെട്ടന്ന് എൻ്റെ വീട്ടിൽ വിരിക്കുന്നത്. ഇനി അഥവാ തൂത്തെറിഞ്ഞാലും പിറ്റേദിവസം ശക്തമായി വീണ്ടും വിരിക്കുന്നു. രാത്രി ഉറങ്ങാതെ ഇവറ്റകൾക്ക് കാവൽ നില്ക്കാൻ എനിക്ക് സാധിക്കുമോ? കുറച്ചുനാൾ അങ്ങിനെ തുടർന്നു.ഇപ്പോൾ എൻ്റെ വീടുമുഴുവൻ വലകളാൽ നിറഞ്ഞു. തൂത്തുവാരികളയാൻ പറ്റാത്തവിധം വലകളുടെ ശക്തി വർധിച്ചു.രാവിലെ എല്ലാദിവസവും കറങ്ങുന്ന വലക്കു പിറകിൽ അവൻ വരും. ഒരുതരം അധികാരഭാവത്തോടെ എന്നെ നോക്കും. ഇവരുടെ ആധിപത്യം വകവെക്കാതെ ഞങ്ങൾ ജീവിച്ചുവരികയായിരുന്നു. ഒരുദിവസം രാവിലെ ഞാൻ കുളിച്ചു ചന്ദനം തൊടാൻ നോക്കുമ്പോൾ അതിനുചുറ്റും കട്ടിയുള്ള വലതീർത്തിരിക്കുന്നു. അപ്പോഴാണ് ഭാര്യ അല്പം സങ്കടത്തോടെ വന്നു പറഞ്ഞത് “എനിക്ക് സിന്ദൂരം ഇടാൻ പറ്റുന്നില്ല, അതിനുചുറ്റും കട്ടിയുള്ള വലകൾ” ഞാൻ ചെന്ന് നോക്കി ശരിയാണ് വളരെ ശക്തമായ വല ആ ചെപ്പിനു ചുറ്റും തീർത്തിരിക്കുന്നു. പൂജാമുറിയിൽ ചെന്ന് നോക്കിയപ്പോൾ വിളക്കിനുചുറ്റും വലകൾ നെയ്യുന്നതിൻ്റെ ആലോചനയിലാണവർ. തീയിനെ തോൽപ്പിക്കാൻ പറ്റുന്ന വലകൾ തീർക്കുന്ന പുതിയ ഇനം ചിലന്തികളെ വിദേശത്തുനിന്നും വരുത്താനുള്ള ആലോചനയാണെന്നു തോന്നുന്നു?…. ചായ കുടിക്കാമെന്നു പറഞ്ഞ് അവൾ അടുക്കളയിലേക്കുപോയി.
ഞാൻ എൻ്റെ ആലോചനയിൽനിന്നും തല്ക്കാലം മുക്തനായി, ഡൈനിങ് ടേബിൾ ലക്ഷ്യമാക്കി നീങ്ങി. ഒരു ഞെട്ടലോടെ അവൾ വീണ്ടും എൻ്റെ അടുത്തേക്ക്, “എന്താ വീണ്ടും വലയുണ്ടൊ”? എൻ്റെ ചോദ്യത്തിന് ഉത്തരമായി ഒരു പാത്രം എൻ്റെ നേർക്കു നീട്ടി. ഞാൻ നോക്കുമ്പോൾ പാത്രത്തിനു ചുറ്റും വലകൾ. എൻ്റെ ആകുലത വർധിച്ചു, ഇനി എന്തിനൊക്കെയാണാവോ വലകൾ വീഴുന്നത്……?