പിന്നെയും പിന്നെയും ഞങ്ങള്‍ വിളിക്കുന്നു
ഇന്ത്യ മുഴുവനും കാതോര്‍ത്തിരിക്കുന്നു
നേതാജി! നിന്‍റെ വരവിനായി
അത് വ്യര്‍ത്ഥമാമൊരു മോഹമാണെങ്കിലും
ആയുദൈര്‍ഘ്യത്തിലസാദ്ധ്യമെന്നാകിലും
ഞങ്ങളിപ്പഴും വിശ്വസിക്കുന്നു
വിശ്വസിച്ചേറെ ആശ്വസിച്ചീടുന്നു
ഈ വിശാലവിശ്വത്തില്‍
ഏതോ ദുരൂഹമാം കോണില്‍
നീയിപ്പഴും ഒളിവിലുണ്ടെന്ന്
കാണ്മു ഞങ്ങളുള്‍ക്കണ്ണില്‍
നന്മ തിന്മയെക്കീഴ്പ്പെടുത്തീടും
വിജയഭേരി മുഴക്കുന്ന നാളില്‍
ഒരു സുപ്രഭാതത്തില്‍ നീയെത്തും
ഞങ്ങളെ വീണ്ടും നയിക്കാന്‍
ഈ നാടിന്‍റെ ചുക്കാന്‍ പിടിക്കാന്‍
ഞങ്ങടെ ചുവരുകളിലുണ്ടല്ലൊ നിന്‍ ചിത്രം
കണ്ണട വച്ച വയസ്സുതീണ്ടാ മുഖം
ഉച്ചഫാലത്തിന്‍റെ താഴ്വരയില്‍
കത്തിജ്ജ്വലിക്കും നിന്നക്ഷിപ്രകാശത്തില്‍
ഉദ്ദീപ്തമാകുന്നു രാഷ്ട്രബോധം
ഞങ്ങള്‍ കാത്തു സൂക്ഷിക്കുന്ന രാജ്യസ്നേഹം
ആര്‍ക്കും പിടികൊടുക്കാതെ
ധീരസാഹസവീര്യങ്ങള്‍ കാട്ടി
എന്നുമേ മായാത്ത ഹരിതാഭമാം
ഒരിതിഹാസമായി നീ മാറി
ഞങ്ങള്‍ക്കുള്ളില്‍ സ്വയം പ്രതിഷ്ഠിച്ചു
എന്നിട്ടെങ്ങോട്ട് നീ പോയ് മറഞ്ഞു
ഒന്നും മിണ്ടാതെ പോയി ഒളിച്ചു
ഇന്നും വിളങ്ങിനില്‍ക്കുന്നു ഞങ്ങള്‍ക്കുള്ളില്‍
നിന്‍റെ പരിപൂതപാവനത്വം
നീ മടങ്ങിയില്ല ചളിയണിയാന്‍
മറ്റു കുല്‍സിത നേതാക്കന്മാരെപ്പോലെ
ചപലയാം രാഷ്ട്രീയപ്പെണ്ണിനെ സാമോദം
പുല്‍കിപുണര്‍ന്ന് അവള്‍ വീശിയെറിയുന്ന
പാഴപ്പക്കഷണം പെറുക്കാന്‍
ഭാരതമെന്നും തളരാത്തൊരത്ഭുതം
ഞങ്ങള്‍ക്ക് പുനര്‍ജനിയില്‍ പൂര്‍ണവിശ്വാസം
ആയുസ്സലട്ടാത്ത ശാശ്വതത്വം
നിന്‍റെ പുനരാഗമനം സുനിശ്ചിതത്വം
എത്തിയിരിക്കാം നീ ഇന്നിവിടെ
കാത്തിരിക്കുന്നൊരീ ഗംഗാഭൂവില്‍
ഈ പെരുത്ത വിശാലരാഷ്ട്രത്തില്‍
ഏതു കുടിലില്‍ ഏതോരു തൊട്ടിലില്‍
ഇപ്പോള്‍ ഒരുണ്ണിയായ് നീയുറങ്ങുന്നു?
കാതോര്‍ത്തിരിക്കുകയാണുഞാന്‍ നേതാജി
നിന്‍റെ പോര്‍വിളിയൊച്ചകള്‍ കേള്‍ക്കാനായി
പാറിപ്പൊളിഞ്ഞു തകര്‍ന്നു വീഴുന്നൊരെന്‍
വൃദ്ധശരീരം മരിക്കും മുമ്പേ
എത്തുമോ വീണ്ടും നീ പണ്ടെപ്പോലെ
ഞങ്ങടെ പൊട്ടിത്തകര്‍ന്ന കിനാവുകളെപ്പേറി
ഈ വിസ്തൃതരാജ്യവക്ഷസ്സിലൂടെ
ആഞ്ഞടിക്കും ചുഴലിക്കൊടുംകാറ്റായ്
മാറ്റത്തിന്‍ ഭേരി മുഴക്കാന്‍?
ഈ സ്വപ്നത്തെ വ്യര്‍ത്ഥമാക്കൊല്ലെ
നേതാജി! ഇത് വ്യാമോഹമായിക്കാണൊല്ലെ
പര്‍വതങ്ങളെ പന്താടുവാനുള്ള
ഈ ത്വര ഇന്ത്യതന്നിച്ഛാശക്തി
എത്തുക വേഗം നേതാജീ
ഏത് രൂപത്തിലായാലും
ഹതഭാഗ്യ ഭാരതമണ്ണില്‍
അവള്‍ കണ്ണിരില്‍ മുങ്ങുന്നൊരമ്മ
വ്യര്‍ത്ഥസ്വപ്നങ്ങളെ പുല്‍കിയുറങ്ങന്ന
ഞങ്ങടെ പ്രിയമേറും പാവമമ്മ
________________
23 ജനുവരി 2017 നേതാജിയുടെ നൂറ്റിയിരുപതാം പിറന്നാളായിരുന്നു. ആംഗലത്തില്‍ ഞാന്‍ നേരത്തെ എഴുതിയ ഒരു കവിതയാണ് ഈ കൃതിക്കാധാരം. അതിവിടെ വായിക്കാം: https://www.poemhunter.com/poem/netaji/