പാബ്ലോ നെരൂദയുടെ നിഗൂഢ മരണത്തിന്റെ ചുരുൾ അഴിയുന്നു. മരണം വിഷം ഉള്ളിൽച്ചെന്നാണെന്ന് ഫൊറൻസിക് വിദഗ്‌ധർ കഴിഞ്ഞ ദിവസം അഭിപ്രായപ്പെട്ടു. ഇതോടെ നൊബേൽ സമ്മാനജേതാവായ നെരൂദയുടെ മരണം സ്വാഭാവിക മരണമല്ല കൊലപാതകമാണെന്ന് ഏറെക്കുറെ ഉറപ്പായി. നഡീവ്യൂഹത്തെ തളർത്തി മരണത്തിലേക്ക് നയിക്കുന്ന ‘ബോട്ടുലിസം’ എന്ന രോഗാവസ്ഥയുണ്ടാക്കുന്ന ക്ലോസ്ട്രിഡിയം ബോട്ടുലിനം എന്ന ബാക്ടീരിയയാണ് അദ്ദേഹത്തിന്റെ മൃതദേഹാവശിഷ്ടങ്ങളിൽ കണ്ടെത്തിയത്.
1973 സെപ്റ്റംബർ 23-ന് സാന്തിയാഗോയിലെ ആശുപത്രിയിലായിരുന്നു നെരൂദയുടെ മരണം. സുഹൃത്തും ജനാധിപത്യമാർഗത്തിൽ തെരഞ്ഞെടുക്കപ്പെട്ട സോഷ്യലിസ്റ്റ് നേതാവുമായ ചിലിയൻ പ്രസിഡന്റ് സാൽവദോർ അല്യെന്ദെ അമേരിക്കയുടെ പിന്തുണയോടെ നടന്ന പട്ടാള അട്ടിമറിയിൽ പുറത്തായി 12 ദിവസത്തിന് ശേഷമായിരുന്നു മരണം. പ്രോസ്‌ട്രേറ്റ് അർബുദവും പോഷകാഹാരമില്ലായ്മയുമാണ് മരണകാരണമെന്നായിരുന്നു ആശുപത്രി അധികൃതരുടെ വിശദീകരണം. എന്നാൽ മരണത്തിനു രണ്ട് ദിവസം മുമ്പ് ഏതാണ്ട് 100 കിലോയോളമായിരുന്നു കവിയുടെ തൂക്കമെന്നിരിക്കെയായിരുന്നു ഈ വാദം.
അദ്ദേഹത്തിന്റെ ബന്ധു റൊഡോൾഫോ റെയ്‌സുൾപ്പെടെ എല്ലാവും ഈ വാദം തള്ളി. ഏകാധിപതി അഗസ്റ്റോ പിനോഷെയെ എതിർത്തതിന് നെരൂദയെ കൊല്ലുകയായിരുന്നുവെന്ന് അവർ ആരോപിച്ചു. ഉറക്കത്തിൽ ആരോ തന്റെ വയറ്റിൽ കുത്തിവെച്ചുയെന്ന് നെരൂദ ഫോണിൽ വിളിച്ചു പറഞ്ഞിരുന്നതായി ഡ്രൈവർ മാനുവൽ അരായയുടെ വെളിപ്പെടുത്തലിനെ തുടർന്ന് 10 വർഷം മുമ്പ് ചിലിയൻ ജഡ്ജി നെരൂദയുടെ മൃതദേഹാവശിഷ്ടങ്ങൾ പുറത്തെടുത്തു പരിശോധിക്കാൻ അനുമതി നൽകിയിരുന്നു.
ഇതിന്റെ അടിസ്ഥാനത്തിൽ നാല് രാജ്യങ്ങളിലെ ലബോറട്ടറികളിലാണ് അദ്ദേഹത്തിന്റെ മൃതദേഹാവശിഷ്ടങ്ങൾ പരിശോധിച്ചത്. ഡെൻമാർക്കിലെയും കാനഡയിലെയും ലാബുകളിൽ നടത്തിയ പരിശോധനയിലാണ് ക്ലോസ്ട്രിഡിയം ബോട്ടുലിനം ബാക്ടീരിയയുടെ സാന്നിധ്യം അദ്ദേഹത്തിന്റെ എല്ലുകളിൽ കണ്ടെത്തിയത്. 2017-ൽ ഇതേ വിദഗ്‌ധർ നെരൂദയുടെ പല്ലിലും ഈ ബാക്ടീരിയ കണ്ടെത്തിയിരുന്നു.