നേരമില്ലിന്നൊന്നിനും
നേരമില്ലിന്നാര്ക്കും
തിരക്കിലാണെന്നേറെ
അഭിമാനത്തോടെ പറയുന്നു നാമേവരും
മര്‍ദ്ദിതരാം മര്ത്ത്യരെയൊന്നു
തിരിഞ്ഞുനോക്കുവാനും നേരമില്ല
ദുരിതച്ചുഴിയിലാഴ്ന്നു പോകും
പാവത്തിനോടൊന്നു സഹതപിക്കാനും നേരമില്ല
മകളേ എന്നു തേങ്ങുമാമ്മമന-
മൊന്നറിയാനും നേരമില്ല
ഒരു കൊച്ചുതലോടലിനായി കൊതിക്കുമാ-
തേങ്ങലൊന്നു കേള്‍ക്കുവാനും നേരമില്ല
നേരമില്ലിന്നൊന്നിനും നേരമില്ലിന്നാര്ക്കും
പറക്കുന്നതിനിടയില്‍ ചിറകറ്റുവീഴും കുഞ്ഞിക്കിളിയെ തഴഞ്ഞുപറക്കും
പറവകള്‍ക്കും നേരമില്ല
തളരും പഥികനു ഒരിറ്റു
തണ്ണീര്‍ കൊടുക്കുവാനും നേരമില്ല
സഹയാത്രികര്‍ ആരെന്നറിയുവാനും
മനം തുറന്നൊന്നു ചിരിക്കാനും നേരമില്ല
കൊടുംവേനലില്‍ ഒരാശ്വാസമാ-
യിയെത്തുവാന് ഇളംകാറ്റിനും നേരമില്ല
പ്രണയിനിയാം സൂര്യകാന്തിയോടൊന്നു
പുഞ്ചിരിക്കാന്‍ കാമുകനാം സൂര്യനും നേരമില്ല
തന്മടിയില് തലച്ചായ്ച്ചുറങ്ങും
പൊന്നുമക്കളെ താരാട്ടുപാടുവാന്‍
സൂര്യനുചുറ്റും വേഗേന കറങ്ങും
അമ്മ ജനനിക്കും നേരമില്ല
ഒടുക്കം നേരമുണ്ടാകും മര്ത്ത്യനന്തിയില്
രോഗജരാനരകള്ക്കു കൂട്ടായി
തനുവും മനവുംതളര്ന്നു കിടക്കുമ്പോളീ-
പാരിന് കപടതിടുക്കവും നേരില്ലായ്മയും കാണുവാന്‍.