നീയൊരു പ്രഹേളിക!

 

shadow-art-rook-2-468x702

അധിക്ഷേപിച്ചു നിന്നെ ഞാന്‍ അഹോരാത്രം
നരാധമഘാതകന്‍, കൊലയാളി,
അരക്കിറുക്കന്‍, തുഗ്ലക്ക്,
വംശവിധ്വംസകന്‍, ഫാസിസ്റ്റ്,
ലോകം കണ്ടതിലേറ്റവും കറയേറും
ജനപീഡകന്‍, ന്യൂനപക്ഷമര്‍ദ്ദനവിശാരദന്‍,
ക്രൂരമൃഗസമന്‍, മതേതരരാഷ്ട്രത്തിന്നത്ത്യാപത്ത്

എന്നിട്ടുമവസാനം ജനസമ്മതിനേടി-
യെത്തി നീയെന്‍റെ ദില്ലിയില്‍
എന്‍റെ മഹാരാഷ്ട്രത്തെ നയിക്കുവാന്‍

മറന്നില്ല ഞാന്‍ നിന്നെ പിന്നെയും വിമര്‍ശിക്കാന്‍
നീ എന്തുചെയ്താലും അത് തെറ്റെന്ന് സമര്‍ത്ഥിക്കാന്‍

ഇന്നിതാ ഒരഗ്നിപരീക്ഷയില്‍
‍ഞങ്ങടെ വിഘടിതമഹാസഖ്യശക്തിയില്‍
നീ തോറ്റു തുന്നമ്പാടുമെന്നാശിച്ചു ഞാന്‍ നില്‍ക്കെ
ഒരസാമാന്യ ജനഹിതസുനാമിയില്‍
വിജയക്കുറിയിട്ട് നില്‍ക്കുന്നു നീ നരാധമാ

റഷ്യയില്‍ യൂറോപ്പില്‍ പണ്ടെങ്ങാണ്ട് ചത്തുമണ്ണടിഞ്ഞ
താടിമീശക്കാര്‍ വിറ്റ കറുകറുപ്പുതിന്ന്
സ്വന്തം പൈതൃകം കറുപ്പെന്ന് പുലമ്പി നടന്ന ഞാന്‍
ചൈനയെ നോക്കി ചുടുനിശ്വാസമുതിര്‍ത്ത ഞാന്‍
മുനിഭാഷിതങ്ങളെ പുച്ഛിച്ചു നടന്ന ഞാന്‍
വര്‍ഗ്ഗസമരവിജയം സ്വപ്നം കണ്ടു കിടന്നോന്‍
കാര്യസിദ്ധിക്കായ് വര്‍ഗ്ഗീയത്തെ പുല്‍കി പുളകം കൊണ്ടോന്‍
കലാലയവളപ്പുതോറും കേറി വിഷവിത്തുകള്‍ പാകി
ചെറുപിള്ളാര്‍ക്ക് വിപ്ലവമദിര വിളമ്പിയോന്‍
നിസ്തബ്ധനായിപ്പോയി നിന്‍റെയീ വിജയത്തില്‍

ലജ്ജാവഹമെന്‍റെ പതനം, എങ്കിലും നിന്‍റെ വിജയം
എനിക്കിന്നും അപഹാസ്യം, അസ്വീകാര്യം
അയ്യോ! ഞാനതങ്ങിനെ പറയാന്‍ പഠിച്ചുപോയ്
മാറുകയെന്നുള്ളത് ചിന്തിക്കാനസാദ്ധ്യമായ്
തേടുകയാണ് ഞാനിന്നും നിന്‍റെ വിജയകാരണം
ജനപീഡനം ചെയ്തുള്ളോനെ ജനങ്ങള്‍ തുണക്കുമോ?
കൊലപാതകിയെ അവന്‍റെ ഇരകള്‍ സ്നേഹിക്കുമോ?
വിപ്ലവഗുരുക്കളെ ഏഴകള്‍ വെറുക്കുമോ?

നഗ്നനാക്കി നീയെന്നെ
ജനാധിപത്യപ്പെരുവഴിയില്‍ നിര്‍ത്തി
വിജയത്തിന്‍ താമരക്കൊടി വീശിച്ചിരിച്ചാര്‍ത്ത്
ഭരണത്തിന്‍ ചെങ്കോല്‍ പിടിക്കാനകലവെ,
ആരുണ്ടിവിടെ എനിക്കെന്‍റെ ചെങ്കൊടി,
നീ അഴിച്ചുവിട്ട കൊടുങ്കാറ്റില്‍
പറന്നകന്ന ചോരച്ചെങ്കൊടി, തേടിത്തരാന്‍?
അതരയില്‍ ചുറ്റി ഞാനെന്‍ നാണം മറയ്ക്കട്ടെ

ആരോ പറഞ്ഞു ഞാനറിഞ്ഞു
നീ ജനത്തോട് സംവദിച്ചത്
ഹൃദയഭാഷയിലത്രെ
പിടികിട്ടിയില്ലതിന്‍റര്‍ത്ഥം
നീയൊരു പ്രഹേളിക!
വര്‍ഗ്ഗസമരം വിളയും മസ്തിഷ്കത്തില്‍
വൈരുദ്ധ്യാത്മിക ഭൗതികത്തിന്‍ കൈക്കോട്ടിട്ടു ഞാന്‍ ചുരണ്ടട്ടെ
നീ തോറ്റെന്നു വരുത്തട്ടെ
തെല്ലൊന്നാശ്വസിക്കട്ടെ

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

SHARE
Previous articleഒരു പെണ്ണിന്‍റെ മൂന്നു മരണങ്ങള്‍
Next articleമാറാപ്പ്
ജീവിതത്തില്‍ വളരെ വൈകിയാണ് എഴുതിത്തുടങ്ങിയത്. അറുപതിന് ശേഷം. ആംഗലത്തില്‍ കുറെ കവിതകള്‍ രചിച്ചിട്ടുണ്ട്. അവ മിക്കതും ഈ ലിങ്കില്‍ കാണാം: http://www.poemhunter.com/madathil-rajendran-nair/poems/?a=a&search=&l=2&y=0 വേദാന്തത്തിലും ജ്യോതിഷത്തിലും താല്‍പര്യം. ചില വേദാന്തലേഖനങ്ങള്‍ വെബ്ബില്‍ പ്രസിദ്ധീകരിച്ചിട്ടുണ്ട്. പാലക്കാടനായ ഞാന്‍ മിക്കവാറും കൊയമ്പത്തൂരിലാണ് താമസം. 36 വര്‍ഷം കുവൈറ്റില്‍ പ്രവാസിയായിരുന്നു. E-Mail: madathil@gmail.com

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here