ആംബുലൻസ് ചീറിപ്പായുകയാണ്. മേരി ടീച്ചർ പതുക്കെ കണ്ണു തുറക്കാൻ ശ്രമിച്ചു. കഴിയുന്നില്ല. കൺപോളക്ക് വല്ലാത്ത കനം തോന്നുന്നു. തൻറെ കൈകൾ പിടിച്ചിരിക്കുന്ന ബലിഷ്ഠമായ ആ ശക്തി ടീച്ചർക്ക് അനുഭവിക്കാൻ കഴിയുന്നുണ്ട്. ടീച്ചർ കടന്നിടത്തു നിന്നും മെല്ലെ ഒന്നനങ്ങി നോക്കി. ‘ ഹാവൂ എന്തൊരു വേദന ‘
. ” ഒന്നും പേടിക്കേണ്ട ടീച്ചർ-… ടീച്ചർക്കൊന്നും പറ്റിയിട്ടില്ല. ഇതാ ആശുപത്രിയിലെത്താറായി. സമാധാനായിരിക്ക് ”
പരിചയമുള്ളതുപോലെ … ആരാ….’
‘ മേരി ടീച്ചർ ഓർത്തെടുക്കാൻ ശ്രമിച്ചു. തൻറെ കരങ്ങളെ മുറുകെ പിടിച്ചിരിക്കുന്ന ആ പരുക്കൻ ശബ്ദത്തിൻ്റെ ഉടമയെ, പക്ഷേ…… കഴിഞ്ഞില്ല. ഉറക്കം വരുന്നതു പോലെ .. പീന്നീട് ടീച്ചർ ഒന്നും അറിഞ്ഞതേയില്ല.
” എൻ്റെ മക്കളേ.. കുട്ടികളെല്ലാം എവിടെ …. എനിക്കെന്താ പറ്റിയത്…. ഞാനെവിടെയാ — .” ടീച്ചർ കണ്ണുകൾ തുറക്കാൻ ശ്രമിച്ചു.
” ഡോക്ടർ ….. ടീച്ചർ ഉണർന്നു , ഒന്നു വരണേ….. ” ശബ്ദം കേട്ടപ്പോൾ ടീച്ചർ ശരിക്കും കൺതുറന്നു. ഡോക്ടർ ,നേഴ്സിനോട് പൾസും പ്രഷറുമൊക്കെ നോക്കാൻ പറഞ്ഞു.
” ഒന്നും പേടിക്കാനില്ല ” ടീച്ചർ ഒകെയാണ്. കൊണ്ടു പോകാം.ഷോക്ക് കൊണ്ട് സംഭവിച്ചതാ.” ഡോക്ടർ കൂടെയുണ്ടായിരുന്നവരോട് പറഞ്ഞു. ടീച്ചർ ആ ചെറുപ്പക്കാരെ സൂക്ഷിച്ചു നോക്കി. കൂട്ടത്തിൽ പൊക്കക്കാരൻ ടീച്ചറിൻ്റെ കൈ മെല്ലെ പിടിച്ചു.
” ടീച്ചർക്കെന്നെ ഓർമ്മയില്ലേ ?” നിറഞ്ഞ പുഞ്ചിരിയോടെ ടീച്ചറുടെ മുഖത്തേക്ക് തന്നെ നോക്കിക്കൊണ്ട് അവൻ ചോദിച്ചു. ‘ നല്ല പരിചയമുള്ള പുഞ്ചിരി… എവിടെയോ കണ്ട മുഖപരിചയം’ ടീച്ചർ ആ മുഖത്തേക്കു തന്നെ സൂക്ഷിച്ചു നോക്കി.
” ടാ , ബിജൂ , ഞങ്ങൾ ടീച്ചറിന് കുടിക്കാനെന്തേലും കിട്ടുമോന്ന് നോക്കട്ടെ, നീ സംസാരിക്ക് ” മറ്റു രണ്ടു പേർ അതും പറഞ്ഞ് മുറി വിട്ടു.
‘ ബിജു.’. ടീച്ചർ പതുക്കെ മന്ത്രിച്ചു.
” അതെ ടീച്ചർ , നീന്തൻബിജു , അഞ്ചാം ക്ലാസിൽ ഞാൻ ടീച്ചറുടെ ക്ലാസിലായിരുന്നു ”
” അച്ഛാ…. അടിക്കല്ലെയച്ഛാ…. വേദനിക്കുന്നച്ഛാ.. ” ആ കുഞ്ഞുനിലവിളി നോവിൻ്റെ അലമാലകൾ തുഴഞ്ഞ് ടീച്ചറുടെ മനസ്സിൽ ഓർമ്മകളുടെ കടലിരമ്പമായി. പതിവായി ക്ലാസിൽ വൈകിയെത്തുന്ന ബിജു.
നമ്പർ 1′ അനീഷ്, 2. ജോസഫ് 3 ബിജു ….’ എവിടെ…. ബിജു ? ഹാജർ പറയൂ. മേരി ടീച്ചർ ചൂരൽ കൊണ്ട് മേശമേൽ അടിച്ചു.
” ടീച്ചറെ, അവൻ അമ്പലക്കുളത്തിൽ നീന്തുന്നത് കണ്ടു. ഞാൻ വിളിച്ചപ്പം വന്നോളാന്നാ പറഞ്ഞേ ” ജോസഫ് പറഞ്ഞതും ക്ലാസിൽ കൂട്ടച്ചിരിയായി. ക്ലാസ് തുടങ്ങി അര മണിക്കൂറിനു ശേഷം നനഞ്ഞൊലിച്ച് ബിജുവിൻ്റെ വരവ്. ഇത് ദിവസങ്ങളോളം ആവർത്തിച്ചപ്പോൾ ടീച്ചറിൻ്റെ ദേഷ്യം കലശലായി .
” ഇനി നീ ക്ലാസിൽ കയറണ്ട, ഒരു നീന്തൻ വന്നിരിക്കുന്നു. പോയി നിൻ്റെ അച്ഛനെ വിളിച്ചോണ്ടു വാ, എന്നിട്ടു മതി പഠിത്തം.”
പിറ്റേ ദിവസം പത്തരയായപ്പോൾ അച്ഛനും മകനുമെത്തി. ഹെഡ്മാസ്റ്റർ കാര്യങ്ങളെല്ലാം വിശദീകരിക്കാൻ തുടങ്ങിയതും ആ മനുഷ്യൻ ചാടിയെഴുന്നേറ്റ് ബിജുവിൻ്റെ കവിളത്ത് മാറി മാറി അടിക്കാൻ തുടങ്ങി. ഒടുവിൽ പ്യൂൺ കേശവൻ വന്നാണ് പിടിച്ചു മാറ്റിയത്.
കേശവൻ പിന്നീട് ടീച്ചറോട് പറഞ്ഞു , “ആ മനുഷ്യൻ ഏതു സമയത്തും ഫിറ്റാ, ചെറുക്കൻ സ്കൂളിലെത്തുന്നത് തന്നെ ഭാഗ്യം. അയാളെയൊക്കെ ആരെങ്കിലും സ്കൂളിലേക്ക് വിളിപ്പിക്ക്വോ , ൻ്റെ ടീച്ചറേ… ”
ആ സംഭവം ഒരു വേദനയായി മനസ്സിൽ കിടക്കവേയാണ് പി.എസ്.സി കിട്ടി ടീച്ചർ ഇപ്പോഴുള്ള സ്കൂളിലെത്തിയത്. അവിടെ നിന്നുള്ള ഒരു പOന യാത്ര , കുട്ടികളും അധ്യാപകരും അടങ്ങുന്ന ആ സംഘം സഞ്ചരിച്ച ബസ് പുഴയിലേക്ക് മറിയുകയായിരുന്നു.
‘ കർത്താവേ….. ഒടുവിൽ നീ എന്നെ അവൻ്റെ കൈകളിൽ തന്നെ എത്തിച്ചു.. ‘ നിറഞ്ഞ കണ്ണുകളുമായി ഒരു കുഞ്ഞു മുഖം ടീച്ചറിൻ്റെ മനോമുകുരത്തിൽ തെളിഞ്ഞു വന്നു.ഓർമ്മകളിൽ നിന്നുണർന്ന ടീച്ചർ കഴുത്തിലുണ്ടായിരുന്ന കുരിശ് കൈ കൊണ്ട് തപ്പി നോക്കി. കുരിശുമാലയുമായി ബിജു തൻറെ കൈ ടീച്ചറുടെ നേർക്ക് നീട്ടി. ആ കുരിശുമാലയെടുത്ത് മുത്തിയ ശേഷം ടീച്ചർ ബിജുവിൻ്റെ കൈ രണ്ടും ചേർത്തു പിടിച്ചു. രണ്ടു കണ്ണുനീർത്തുള്ളികൾ ആ കൈകളിലേക്ക് ഇറ്റുവീണു. സനേഹത്തിൻറെ ….. വാത്സല്യത്തിൻ്റെ… വേദനയുടെ …… കുറ്റബോധത്തിൻ്റെ ……