വെള്ളിയാഴ്ച ഉച്ചയ്ക്കെ സ്വപ്ന “ഔട്ട് ഓഫ് ഓഫീസ്” ഇമെയിൽ സജ്ജമാക്കി ലാപ്ടോപ്പ് അടച്ചു. ഇനി പത്തു ദിവസം കഴിഞ്ഞേ ലാപ്ടോപ്പ് തുറക്കാൻ പദ്ധതി ഉള്ളു. ഓഫീസ്സ് മുറി ലോക്ക് ചെയ്തു താക്കോൽ സൂര്യയുടെ കൈയിൽ ഏല്പിച്ചു. പത്തു വർഷമായി സൂര്യ സ്വപ്നയുടെ സെക്രട്ടറി ആണ്. “ഹാവ് എ ഗുഡ് ബ്രേക്ക് മാഡം” എന്ന് പറഞ്ഞു സൂര്യ ആശംസിച്ചപ്പോൾ അവളുടെ കണ്ണുകളിലെ കുസൃതി തിളക്കം കണ്ടില്ലന്നു സ്വപ്ന നടിച്ചു. രണ്ടാഴ്ച മുൻപാണ് സ്വപ്ന വക്കേഷൻ പരിപാടി സൂര്യയെ അറിയിച്ചത്. ഔദോഗിക യാത്രകളല്ലാതെ കഴിഞ്ഞ പത്തു വർഷത്തിൽ സ്വപ്ന മാഡം രണ്ടു ദിവസത്തിൽ അധികം അവധി എടുക്കാത്തതിനാൽ സൂര്യക്ക് സ്വപ്നയുടെ പത്തു ദിവസത്തെ അവധി പരിപാടി വളരെ അതിശയമായി തോന്നി. നിയന്ത്രിക്കാൻ ആവാത്ത ജിജ്ഞാസയിൽ “എന്ത് പറ്റി മാഡം” എന്ന ചോദ്യത്തിന് ഒട്ടും പ്രതീക്ഷിക്കാത്ത മറുപടിയും കിട്ടി. കാമുകന്റെ കൂടെ ഒരു ബ്രേക്ക്! സ്വപ്നയുടെ മറുപടി കേട്ട് സൂര്യയുടെ കണ്ണു തള്ളിപ്പോയി. തമാശക്ക് പറഞ്ഞതായിരുക്കുമോ? അങ്ങനെ തമാശ പറയുന്ന ആളല്ല സ്വപ്ന മാഡം. കഴിഞ്ഞ പത്തു വർഷത്തിൽ സ്വപനയുടെ എല്ലാ യാത്ര പരിപാടികളും സൂര്യയുടെ കൈയിലുടെ ആണ് പോയിട്ടുള്ളത്. ഈ യാത്ര ഒഴിച്ച്… ശരിക്കും സ്വപ്ന മാഡത്തിന് ഒരു കാമുകൻ ഉണ്ടായിരിക്കുമോ? ഇതു ഓഫീസിൽ ഒരു ചൂടുള്ള വാർത്ത ആകാൻ സാധ്യത ഉണ്ട്.
സ്വപ്ന വളരെ അഭിമാനകരമായി നടക്കുന്ന ഒരു എഫ്എംസിജി കമ്പനിയുടെ ഇന്ത്യ കേന്ദ്രത്തിന്റെ തലപ്പത്തുള്ള വ്യക്തി ആണ്. വളരെ കാര്യപ്രാപ്തിയുള്ള ഒരു സ്ത്രീ. ജോലിയുടെ കാര്യത്തിൽ വളരെ കണിശക്കാരി ആണെങ്കിലും എന്ത് കാര്യത്തിനും സമീപിക്കാവുന്ന ഒരു ഓഫീസർ ആയതിനാൽ കൂടെ ജോലി ചെയ്യുന്നവർക്ക് വളരെ പ്രിയങ്കരിയും. മാത്രമല്ല കാണാൻ അതി സുന്ദരിയും. നാല്പത്തിയഞ്ചു വയസുണ്ടെന്ന് ആരും വിശ്വസിക്കുകയില്ല. നല്ല ഉയരം , വളരെ ശ്രദ്ധയോടെ നിലനിർത്തുന്ന ആകാര വടിവ്, ആകർഷകമായ വസ്ത്രധാരണം, പവൻ നിറം , കൃത്രിമ അലങ്കാരങ്ങൾ തൊട്ടു തീണ്ടിയില്ലാത്ത മുഖം, നല്ല നീളവും അടർത്തിയുമുള്ള അരയോളം വരുന്ന എപ്പോഴും അഴിച്ചിടുന്ന കോലൻ മുടി. പോരാത്തതിന് അവിവാഹിതയും. എന്നാൽ ഉദ്യോഗികമല്ലാതെ അവരോടു കൂടെ ഒരു കാപ്പി കുടിക്കാൻ കൂടി ആർക്കും കഴിഞ്ഞിട്ടില്ല എന്നാണ് ഓഫീസ് കിംവദന്തി. കമ്പനിയുടെ വെള്ളക്കാരനായ ആഗോള മാർക്കറ്റിങ് തലവനിൽ ഇരുന്ന് ഇന്നലെ ചേർന്ന കോളജ് ഗ്രാജുവേറ്റ് വരെ ഇപ്പോഴും ആ കാപ്പിക്കാകെ ശ്രമിച്ചുകൊണ്ടിരിച്ചുന്നു…..
ചെന്നൈ എയർപോർട്ടിൽ വിട്ട ഡ്രൈവറുടെ അടുത്ത് ഇനി അടുത്ത തിങ്കളാഴ്ച ഡ്യൂട്ടിക്ക് വന്നാൽ മതി എന്ന് പറഞ്ഞപ്പോൾ അയാളുടെ മുഖത്തു ഒരു വല്ലാത്ത തെളിച്ചം. അടുത്ത് കല്യാണം കഴിച്ച ആളാണ്. അയാൾക്ക് ഭാര്യയുടെ കൂടെ അപ്രതീക്ഷിതമായി കഴിയാൻ കിട്ടിയ സമയമായിരിക്കുമെന്നു സ്വപ്ന സന്തോഷത്തോടെ തിരിച്ചറിഞ്ഞു. നാലു മണിക്കുള്ള ചെന്നൈ – മധുര ഫ്ലൈറ്റ് ചെക്ക് ഇൻ ആരംഭിച്ചിരുന്നു. വാട്ട്’സ് ആപ്പിൽ മോഹൻറ്റെ മെസ്സേജ് – Reached kodai .. വെയ്റ്റിംഗ് ഫോർ യു അറ്റ് ദി ഹോട്ടൽ …. സ്വപ്നയുടെ മനസിൽ ഒരു ചാഞ്ചാട്ടം. തിരിച്ചു വീട്ടിലേക്കു പോയാലോ? ചെയ്യുന്നത് ശരിയാണോ??? എന്തായാലും ഇറങ്ങി , ഒരു സുഹൃത്തിൻതെ ഒപ്പം ഒരു നല്ല വക്കേഷൻ! അതിലെന്താണ് തെറ്റ്? മനസിനെ സ്വാന്തനിപ്പിച്ചു ജെറ്റ് ഐർവെയിന്റെ കാത്തു നിന്നിരുന്ന ബസ്സിലേക്ക് സ്വപ്ന കയറി. ഇനി പത്തു ദിവസത്തേക്ക് സെൽ ഫോൺ ഓൺ ചെയ്യില്ല എന്ന നിശ്ചയത്തോടെ ഔദ്യോഗിക ഫോണും പേർസണൽ
ഫോണും ഓഫ് ചെയ്തു ഹാൻഡ്ബാഗിൽ ഇട്ടു.
കോളേജ് പഠിത്തത്തിനു ശേഷം മോഹനെ ഇതിനു മുൻപ് നേരിട്ട് കണ്ടത് ഫ്രാങ്ക്ഫർട് എയർപോർട്ടിൽ വെച്ചാണ്. മൂന്ന് വർഷം മുമ്പേ. ആറു മണിക്കൂർ സമയം എയർപോർട്ടിൽ ഇടവേള. മോഹൻ മുംബൈലേക്കും സ്വപ്ന ചെന്നൈയിലേക്കും ഉള്ള കണക്ഷൻ വിമാനം കാത്തിരിക്കുമ്പോൾ! അന്ന് വളരെ നേരം സംസാരിക്കുകയും ഇരുവരും സമാന ചിന്താഗതിക്കാരും താല്പര്യങ്ങളും ഉള്ളവരാണെന്നു കണ്ടെത്തി. അതിനു ശേഷം ഇടയ്ക്കു ഇടയ്ക്കു വിശേഷങ്ങൾ പങ്കു വെയ്ക്കുക പതിവായി. എപ്പോഴോ സൗഹൃദം പ്രണയമായി മാറി. സ്വപ്നയുടെ ആദ്യത്തെ പ്രണയം… നാല്പത്തി രണ്ടു വയസ്സിൽ. മെസ്സേജുകളും, ഫോൺ സംഭാഷണങ്ങളും ഊട്ടി വളർത്തിയ ദീർഘ ദൂര പ്രണയം. ഇതിനിടെ പലപ്പോഴായി കാണണമെന്ന് മോഹൻ ആഗ്രഹം പറഞ്ഞെങ്കിലും സ്വപ്ന ഒഴിഞ്ഞു മാറുക ആയിരുന്നു. പിന്നെ ഇപ്പോൾ എന്തിനു സ്വപ്ന അതിനു ഒരുമ്പിട്ടു? തൻറെ ജീവിതത്തിലെ വിലപ്പെട്ട ഒൻപതു ദിവസം മോഹന്റെ കൂടെ ചിലവഴിക്കാൻ ??? സ്വപ്നയുടെ കൈയിൽ അതിനു ഉത്തരമില്ല. ജീവിതത്തിൽ ഒറ്റപ്പെടുന്നു എന്ന് തോന്നിയതുകൊണ്ടോ? അതോ ഒരു പുരുഷ സാമീപ്യം ഈ വയസിൽ ആഗ്രഹിക്കുന്നത് കൊണ്ടോ?
ഫ്ലൈറ്റ് ലാൻഡിംഗ് അന്നൗൺസ്മെന്റ് സ്വപ്നയെ വർത്തമാന കാലത്തേക്ക് കൊണ്ടുവന്നു. ചെറിയ എയർപോർട്ട്. ഇരുട്ടു വീഴാൻ തുടങ്ങിയിരിക്കുന്നു. ഇനി ഒരു രണ്ടു മണിക്കൂർ യാത്ര കാറിൽ കൊടൈക്കനാലിലേക്ക്. സ്വപ്ന സാരി എടുത്തു ചുമലിലൂടെ നന്നായി പൊതിഞ്ഞു. തണുപ്പും നന്നായി ഉണ്ട്. മോഹൻ മുൻപേ പറഞ്ഞു ഏർപ്പാടാക്കിയ കാറാണ്.
ഹോട്ടലിൽ എത്തി, ചെക്ക് ഇൻ ചെയ്തതും സ്വപ്നയുടെ ഹൃദയം ശക്തി ആയി അടിക്കാൻ തുടങ്ങി. എപ്പോൾ വേണമെങ്കിലും മോഹൻ മുറിയില്ലേക്ക് വരാം…കോളിങ് ബെല്ലിന്റെ ശബ്ദം… സ്വപ്നക്കിഷ്ടപ്പെട്ട സ്വർണ കരയുള്ള മുണ്ടും കറുപ്പ് ഷർട്ടും ചന്ദന കുറിയും അണിഞ്ഞു മോഹൻ. മൂന്ന് വർഷം കഴിഞ്ഞു ഇപ്പോഴാണു കാണുന്നത്. വലിയ വ്യത്യാസം ഒന്നും കാഴ്ച്ചയിൽ ഇല്ല. ആ നീണ്ട മുക്കും കട്ടി മീശയും, കട്ടി പുരികവും അങ്ങനെ തന്നെ. വളരെ ചെറുതായി വെട്ടിയിരിക്കുന്ന മുടി . ഫോട്ടോയിൽ കാണുന്നതിനേക്കാൾ സുമുഖനാണ് നേരിട്ട് കാണാൻ. കണ്ട ഉടനെ ഒരു സങ്കോചവും ഇല്ലാതെ കെട്ടിപിടിച്ചു നെഞ്ചിൽ ചേർത്തു്. കറുവപ്പട്ടയുടെയും വാനില്ലയുടെയും സൗരഭ്യം കലർന്ന ക്ലാസിക് ഓൾഡ് സ്പൈസിന്റെ മത്തു പിടിപ്പിക്കുന്ന മണം …. പരുപരുത്ത താടി കവിളിൽ ഉരഞ്ഞപ്പോൾ ഒരു പ്രേത്യേക അനുഭൂതി. മോഹൻറെ കൈകൾ സ്വപ്നയുടെ ചുമലുകളിലൂടെ ഇഴഞ്ഞു മെല്ലെ ഇറങ്ങി അരക്കെട്ടിൽ ചെന്ന് നിന്നു. മോഹൻ തന്റെ ശരീരത്തോണ്ട് അവളെ ചേർത്തപ്പോൾ ഒരു മിന്നൽ പിണർ സ്വപ്നയുടെ ശരീരത്തിലൂടെ പാഞ്ഞു. മോഹൻ സ്വപ്നയുടെ മുഖം ഉയർത്തി മെല്ലെ അവളുടെ ഇളം റോസ് നിറമുള്ള മൃദുവായ ചുണ്ടുകളിൽ അമർത്തി ചുംബിച്ചു. മോഹൻ അവളെ കൈപിടിച്ച് വളരെ വിദൂരമായ അവൾക്കിതുവരെ അന്യമായിരുന്ന പ്രണയ നിബിഡമായ ഒരു ലോകത്തിലേക്ക് കൂട്ടി കൊണ്ട് പോയി…..
ഒൻപതു രാത്രികളും പകലുകളും ….. രഹസ്യ പ്രണയത്തിന്റെ പ്രതീകമായ നീല കുറിഞ്ഞി പൂക്കളുമായി അവർ സൗഹൃദം കൂടി…മുരുകനും പ്രിയ പത്നി വള്ളിയും കുടി കൊള്ളുന്ന കുറിഞ്ഞി ആണ്ടവർ ക്ഷേത്രം ദർശിക്കാൻ അവർ ഇടയിക്കിടയിക്ക് മല കയറി…യൂക്കാലിപ്റ്റസ് , സൈപ്രസ്, പൈൻ മരങ്ങൾ തിങ്ങി നിറഞ്ഞ കാടുകളിലൂടെയും, തടാക കരയിലെ പുല്തകിടികളിലൂടെയും കൈകൾ കോർത്ത് പുതു മോടി മാറാത്ത യുവമിഥുനങ്ങൾ പോലെ അവർ നടന്നു…അയ്യായിരം അടി ഉയരത്തിലുള്ള പാറകൾ നിറഞ്ഞ ആത്മഹത്യാ മുനമ്പിൽ ഇരുന്നു മുകളിൽ മലകളെ ചുംബിക്കുന്ന മേഘങ്ങളെയും താഴെ ശാന്തമായി ഉറങ്ങുന്ന വൈഗൈ പുഴയെയും ആസ്വദിച്ചു. വൈകുന്നേരങ്ങളിൽ പെയ്തിറങ്ങുന്ന ചാറ്റൽ മഴ നനഞ്ഞു ഒട്ടിയ വസ്ത്രങ്ങളോടെ പാറക്കൂട്ടങ്ങളുടെ മുക്കിലും മൂലയിലും വെച്ച് അവർ അവരുടെ പ്രണയം പങ്കു വെച്ചു. മൂടൽ മഞ്ഞു നിറഞ്ഞ സായാഹ്നങ്ങളിൽ കമ്പിളിക്കടിയിൽ എരിഞ്ഞു കൊണ്ടിരുന്ന കനലിന്റെ സാന്നിധ്യത്തിൽ അവർ പരസ്പരം ചൂട് പകർന്നു….
മധുരൈ വിമാനത്താവളത്തിൽ വെച്ചു യാത്ര പറയുമ്പോൾ പകുതി ഹൃദയം പറിച്ചു കൊടുത്ത വേദന ആയിരുന്നു സ്വപ്നക്കു. മോഹന്റെ സ്വതസിദ്ധമായ ചിരി അവന്റെ വികാരങ്ങൾക്ക് ഒരു മറ ആയി. എന്നാലും മോഹന്റെ കണ്ണുകളിൽ ആഴമായ പ്രണയത്തിന്റ പാടുകൾ നിറഞ്ഞിരുന്നത് സ്വപ്ന തിരിച്ചറിഞ്ഞു.
ചെന്നൈയിലെ ടാക്സിയിലിരുന്നു പേർസണൽ ഫോൺ ഓൺ ചെയ്തു. പത്തു ദിവസത്തെ മെസ്സേജുകളും ഇമെയിലുകളും. സ്വപ്നയുടെ കോളേജ് വാട്ട്’സ് ആപ് ഗ്രൂപ്പിൽ അമേരിക്കൻ കൂടിച്ചേരലിന്റെ പടങ്ങൾ. ചിക്കാഗോ സിറ്റിയിൽ കഴിൻഹ ആഴ്ച നടന്നത്… എല്ലാ ചിത്രങ്ങളുടെ നടുവിൽ മോഹൻ…..ആ ചിരിയോടെ….. RIP മോഹൻ…. സ്വപ്നക്കു തല ചുറ്റുന്നത് പോലെ തോന്നി.. എന്ത് തമാശയാണിത്? സ്വപ്ന വാർത്തയും തിയതിയും വീണ്ടും വീണ്ടും നോക്കി… മുംബൈയിലെ ഒരു കാര് ആക്സിഡന്റ് ആണ് കാരണം. കഴിഞ്ഞതിന്റെ മുൻപിലത്തെ വെള്ളിയാഴ്ച …… കൊടൈകനാനിൽ സ്വപ്ന മോഹന്റെ കരവലയത്തിൽ ഒതുങ്ങിയ സമയം. സ്വപ്നയുടെ കണ്ണിൽ ഇരുട്ടു കയറി….. കാറിൻെറ സീറ്റിലേക്ക് സ്വപ്ന വീണു…സ്വപ്നയുടെ കൈയിൽ ഒരു തണുത്ത സ്പർശം…. കൂടെ ഓൾഡ് സ്പൈസിന്റെ മത്തുപിടിപ്പിക്കുന്ന മണം . മോഹന്റെ ഗന്ധം… …