എന്റെ വേരുകളിൽ തലോടി
ഇലകളിൽ, ചില്ലകളിൽ മിന്നി
ഉള്ളിലെ കനൽ ജ്വലിപ്പിച്ചു
ചുറ്റും സ്വർണം പൂശുമ്പോൾ
നീ എന്നെ നോക്കുന്ന പോലെ…
നിന്റെ കണ്ണിലേ ഇത്ര പ്രകാശമുള്ളൂ
തീരത്തെ പനിനീർ പൂവിനോട് ഞാൻ നിന്റെ പേര് പറയുമ്പോൾ
ഇതളുകൾ തഴുകി
ഓളങ്ങൾ ഉലച്ച്
മിന്നായം പോലെ കടന്ന് പോയ കാറ്റിന് നിന്റെ വേഗം…
നിന്റെ കൈകൾക്കേ ഇത്ര കുസൃതിയുള്ളൂ
മാരിക്കാർ മൂടിയ പാതിരാത്രിയിൽ
മഴക്ക് തൊടാൻ തലപ്പ് നീട്ടി, മുഖമുയർത്തി നിന്നപ്പോൾ
കണ്ടത് നിന്നെ…
നിനക്കേ ഇത്ര നൊടിയിടയിൽ
എന്റെ ഇരുട്ടിനെ അലിയിച്ചു കളയാനാവൂ
ഉടൽ വിണ്ടടരാതെ
പൂക്കൾ നരക്കാതെ
ഇന്നോളം പടർന്നത് നിന്നിലേക്ക്…
നുരഞ്ഞു പൊങ്ങുന്ന സ്നേഹാമൃതത്തിൽ
നിനക്കേ എന്റെ പഴക്കത്തിന്റെ
രുചിവീര്യം അറിയൂ
വേറാരും കേൾക്കാത്ത നിന്റെ പാട്ടിന്
എല്ലിച്ചു നീണ്ട വേരുകൾ ചുവടു വെക്കുമ്പോഴൊക്കെയും
എണ്ണമെഴുക്ക് പുരണ്ട പുഴക്കണ്ണാടി എന്നെ തുറിച്ചു നോക്കുന്നു
കൃഷ്ണാ…
നേർത്തു നീലച്ച ഞരമ്പുകൾ
പടർന്നു കേറി
ഞാൻ നീയായത്
അത് തിരിച്ചറിഞ്ഞോ?!