ആ മുഖത്ത് ഇന്നേവരെ കണ്ടിട്ടില്ലാത്ത ഒരുതരം ശാന്തത കണ്ടപ്പോൾ ഒട്ടും മാച്ചില്ലാത്ത ഒരു മുഖംമൂടി വെച്ചതുപോലെയാണെനിക്കു തോന്നിയത്. അറിയാതെ എന്റെ ചുണ്ടിൽ വിരിഞ്ഞ ചിരിയെ ഞാനെങ്ങനെയോ മായ്ച്ചു കളഞ്ഞു. ചിരിക്കാൻ പാടില്ലല്ലോ മരണവീടല്ലേ.
ഇന്നലെ വരെ അടങ്ങാത്ത രൗദ്രതയോടെ മർദിച്ച കൈകാലുകൾ ഇന്നിതാ ചലനമറ്റു കിടക്കുന്നു .
കൊലവിളിച്ചും അസഭ്യവർഷം നടത്തിയും അവളെ വേദനിപ്പിച്ച നാക്ക് നിശ്ചലമായിരിക്കുന്നു. മരണത്തിന്റെ ഒരു കളിയേ…
സത്യത്തിൽ ചില മരണങ്ങൾ ഒരു അനിവാര്യതയാണ്,
പതിവുപോലെ മരണവീട്ടിലെ മുക്കിലും മൂലയിലും ആളുകൾ വട്ടം ചേർന്ന് മരണത്തെ കാര്യകാരണസഹിതം വിലയിരുത്തുകയാണ്. “വണ്ടി അടിച്ചിട്ടതാന്നാ പറേന്നെ.” ശബ്ദം പുറത്തു കേൾക്കാതിരിക്കാൻ പരമാവധി ശ്രമിച്ചു കൊണ്ട് കാർത്ത്യാനിയമ്മ തുടക്കമിട്ടു.
“ആള്ടെമേൽ വണ്ടി തട്ടി ആള് തലയടിച്ച് വീണതൊന്നും വണ്ടിക്കാരൻ അറിഞ്ഞിട്ടു പോലുമില്ലാത്രേ . കഷ്ടായിപ്പോയി. ഗർഭിണിയായ ആ പെണ്ണിന് എനി ആരാ ഉളെള.”
“അയിന് ഈ മഹാപാപികളൊക്കെ വല്ല കളളും കുടിച്ചിട്ട്യായിരിക്ക്വേ വണ്ടി ഓടിക്ക്ന്നെ.” നാരായണിയമ്മ തന്റേതായ ഒരു പരികല്പന രൂപപ്പെടുത്തിയെടുത്തു.
“അയിന് ഓന്ണ്ടായിട്ട് ഓക്ക് എന്ത് ഗൊണാപ്പാളളത്. എപ്പളും തല്ലും വയക്കും തന്നേല്ലെ . ഓള് നയിക്കുന്നതും ഓന് എടുത്തോണ്ടോയി കളള്കുടിക്കും. മയ്യത്തായോനെ കുറിച്ച് കുറ്റം പറയാന്ന് കര്തര്ത്”. മുൻകൂർ ജാമ്യത്തോടെയുളള ആ അഭിപ്രായ പ്രകടനം ആമിനതാത്തയുടേതായിരിന്നു.
“എത്ര കൊളളര്താത്തോനാണേലും ഒര് മന്ഷ്യജീവനല്ലേ.” നാരായണിയമ്മ തന്റെ വർഗ്ഗസ്നേഹം ഊട്ടിയുറപ്പിച്ചതുകണ്ട് എനിക്ക് വല്ലാത്ത അസ്വസ്ഥത തോന്നി.
അതെന്താ മനുഷ്യന്റെ ജീവന് മാത്രേ വിലയുളളൂ. നിരുപദ്രവകാരികളായ എത്രയോ പക്ഷിമൃഗാദികൾ നിത്യേന ചത്തൊടുങ്ങുന്നു. അന്നേരം ഈ സങ്കടമൊന്നും ആർക്കുമില്ലല്ലോ . ഈശ്വരാ മനുഷ്യർ മാത്രമാണോ നിന്റെ സൃഷ്ടികൾ. അവരിൽ മാത്രമാണോ നിന്റെ ചൈതന്യം കുടികൊളളുന്നത് .
എന്റെയുളളിൽ തിളച്ചു മറിയുന്ന രോഷം ശബ്ദങ്ങളായി ചുറ്റുപാടും പൊട്ടിചിതറുമെന്ന് ഞാൻ ഭയപ്പെട്ടു. അത് പാടില്ലല്ലോ…
പരേതന്റെ അടുത്തായി ആരോ കൊണ്ടുവെച്ച പ്രതിമപ്പോലെ നിർവ്വികാരിതയോടെ ഇരിക്കുകയാണവൾ. അപ്പോഴാണ് ഞാൻ ശ്രദ്ധിച്ചത് അവളുടെ കഴുത്തിനു പിന്നിലായി എരിയുന്ന സിഗരറ്റ് കുത്തി പൊളളിച്ചതുപോലുളള പാടുകൾ. പരേതനെ തന്നെ ഉറ്റുനോക്കികൊണ്ടിരിക്കുന്ന മറ്റുളളവരാരും തന്നെ അതു ശ്രദ്ധിച്ച മട്ടില്ല.
അവളുടെ മുഖത്തെ ദൈന്യത കാണുമ്പോഴൊക്കെ ഈശ്വരനെന്നെ ഒരു വിഷപാമ്പാക്കി മാറ്റിയിരുന്നെങ്കിൽ എന്നു ഞാനാശിച്ചു പോയിട്ടുണ്ട്. മനുഷ്യൻ മനുഷ്യനെ കൊന്നാലല്ലേ ശിക്ഷയുളളൂ. കൊല ചെയ്തതിന്റെ പേരിൽ ഒരു മൃഗത്തെ ഏതെങ്കിലും കോടതി ശിക്ഷിച്ചിട്ടുണ്ടോ.?
കൊല ഒരു മഹാപാപമാണെന്നാണ് പറയപ്പെടുന്നതെങ്കിലും എല്ലാ കൊലകളെയും ആ ഗണത്തിൽ പെടുത്താമോ. കൃഷ്ണൻ കംസനെ വധിച്ചതും രാമൻ രാവണനെ വധിച്ചതും പുണ്യമല്ലേ. അർബുദം ബാധിച്ച ഒരവയവം മറ്റു ശരീരഭാഗങ്ങളെ കൂടി കേടുവരുത്തുന്നതിനു മുമ്പേ അതു മുറിച്ചു മാറ്റുന്ന ഒരു ഡോക്ടറുടെ ധർമ്മംതന്നെയല്ലേ ആ വണ്ടിക്കാരനും ചെയ്തത്
ആ വണ്ടിക്കാരനെ മഹാപാപിയെന്ന് വിളിച്ച നാരായണിയമ്മയോട് എനിക്ക് എന്തെന്നില്ലാത്ത ദേഷ്യം തോന്നി. അതൊരു പക്ഷേ അവളുടെ വയറ്റിൽ കിടക്കുന്ന കുഞ്ഞ് ഞാൻ തന്നെ ആയതുകൊണ്ടാകാം. ആ കുഞ്ഞിനെങ്കിലും നല്ലൊരമ്മയെ നഷ്ടപ്പടാതിരിക്കാൻ ഈ മരണം അനിവാര്യമായതുകൊണ്ടാകാം
അവളെ തന്നെ നോക്കി അങ്ങനെ നിന്നപ്പോൾ ഏതോ പഴയ ഓർമ്മകളുടെ പൊട്ടിയ ചില്ലു കഷണങ്ങൾ എന്റെ മനസ്സിനെ മുറിപ്പെടുത്താൻ തുടങ്ങി. ചുമരിൽ നിന്നും താഴേക്കിറങ്ങിയ ചോരചാലുകൾ, ചോരയിൽ കുളിച്ച് അനക്കമറ്റു കിടക്കുന്ന ഒരു യുവതി, അതു കണ്ട് പേടിച്ചു വിറങ്ങലിച്ച പിഞ്ചു കുഞ്ഞ്, ആരും കേൾക്കാനില്ലാത്ത കുഞ്ഞു തേങ്ങലുകൾ
ഓർമ്മകൾ നൊമ്പരപ്പെടുത്തിയ മനസ്സുമായി മരണവീട്ടിൽ നിന്നിറങ്ങുമ്പോൾ ഞാനൊരിക്കൽ കൂടി അവളുടെ വീർത്ത വയറിലേക്ക് നോക്കി. വിരിഞ്ഞു നിൽക്കുന്ന വർണ്ണപൂക്കളെ കണ്ടിട്ടെന്നോണം അവളുടെ വയറ്റിൽ കിടന്ന് ആ കുഞ്ഞ് മന്ദഹസിക്കുന്നുവോ….