ഗ്രീഷ്മചിന്തകളുടെ പകലുകളിൽ
കരിഞ്ഞ സൗഹൃദപ്പച്ചകൾക്ക് ഹരിതാഭ
ചാർത്തുവാനൊരു വേനൽമഴയായ്
ചിരകാലനോവിൻ കരിമുകിലുകൾ
വട്ടം ചുറ്റും ശരത്ക്കാല സന്ധ്യയിൽ എൻ
സ്നേഹവറുതിയിലൊരിടവപ്പെയ്ത്തായ്
വിറയാർന്ന ഹേമന്തക്കുളിരിന്നീറൻ
ഓർമ്മകളുടെ മഞ്ഞുശൈത്യത്തിലേക്ക്
ഒരു മീനസൂര്യനായ്
മോഹത്തിൻ ശിശിരപ്പുലരികളിൽ ചിതറി
ത്തെറിക്കും മൗനനൊമ്പരത്തരികൾക്ക്
കരുതലിൻ മുത്തുച്ചിപ്പിയായ്
കരൾ മുറ്റത്തെ കദനമരച്ചില്ലയിൽ
ഓർമ്മതന്നുണർത്തു പാട്ടിന്നീണവുമായ്
ചേക്കേറാനൊരു പ്രണയപ്പറവയായ്
ചിങ്ങപ്രതീക്ഷകളുടെ കാത്തിരുപ്പിൽ
എരിയും വിരഹം തിരയും മിഴിയിൽ
വിസ്മയം പൂക്കും പുഞ്ചിരി വസന്തമായ്
ഏകാന്തതയുടെ അഗ്നിപർവ്വതം
സ്ഫോടനത്തിനായ് കരുതും മൗനത്തിലേക്ക്
വാചാലമായ ഒരു സംഗീതമായ്
മഞ്ചാടി ബാല്യത്തിൻ കുസൃതിയായ്
കൗമാരത്തിൻ കനകനിലാവായ്
നേരമേതിലും ഹൃദയം തൊടുമൊരു കവിതയായ്
Click this button or press Ctrl+G to toggle between Malayalam and English